ദ്യശ്യ വിരുന്നൊരുക്കാന്‍ കുടുംബശ്രീ ചലച്ചിത്രമേള; തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേള കനസ് ജാഗ സെന്റ് തെരേസാസ് കോളജില്‍
എറണാകുളം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേള കനസ് ജാഗ സെന്റ് തെരേസാസ് കോളജില്‍ നടക്കും. ഒക്ടോബര്‍ 26, 27 തിയതികളിലായി നടക്കുന്ന മേള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മേളയില്‍ 103 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ആദ്യമായാണ് തദ്ദേശീയ മേഖലയിലെ കുട്ടികളുടെ നേതൃതത്തില്‍ ഇത്തരത്തില്‍ ഒരു ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഐക്യ രാഷിട്ര സംഘടന, ടാലന്റ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ആകെ അഞ്ചു വേദികളിലായായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാലു വേദികളില്‍ ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും ഒരു വേദിയില്‍ സെമിനാറും സംഘടിപ്പിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറുകളില്‍ പങ്കെടുക്കും. ഹ്രസ്വ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനും സെമിനാറുകളില്‍ പങ്കെടുക്കുന്നതിനും പൊതു ജനങ്ങള്‍ക്കും അവസരമുണ്ട്. ഹ്രസ്വ ചലച്ചിത്രങ്ങള്‍ തയ്യാറാക്കിയ അഞ്ഞൂറോളം കുട്ടികളും അനിമേറ്റര്‍മാര്‍, ബ്രിഡ്ജ് സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ രണ്ടായിരത്തോളം പേര്‍ മേളയില്‍ പങ്കെടുക്കും .തദ്ദേശീയരായ കുട്ടികള്‍ തയ്യാറാക്കിയ കഥകള്‍ തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള കനസ് ജാഗ-പുസ്തക പ്രകാശനവും,അനിമേറ്റര്‍മാര്‍, അനിമേറ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍ ബ്രിഡ്ജ് സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കുന്ന അധ്യാപക സംഗമവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
തദ്ദേശീയ മേഖലയിലെ ജനവിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക ശാക്തീകരണത്തിനായും മാനസികവും ബൗദ്ധികവുമായ ഉന്നമനത്തിനു വെണ്ടിയും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ട്. കുടുംബശ്രീ ഈ രംഗത്ത് നടപ്പാക്കുന്ന ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് 'കനസ് ജാഗ' (സ്വപ്ന സ്ഥലം). ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രം ഈ മേഖലയിലെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കനസ് ജാഗ സംഘടിപ്പിക്കുന്നത്.
കുട്ടികള്‍ കണ്ടെത്തുന്ന പ്രശനങ്ങളും ഉപാധികളും ക്രിയാത്മകമായ മാധ്യമത്തിലൂടെ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ആശയ രൂപീകരണം, കഥ, തിരക്കഥ തയ്യാറാക്കല്‍, ചിത്രീകരണം എന്നിവയെല്ലാം കുട്ടികള്‍ തന്നെയാണ് നിര്‍വഹിച്ചത്. അത്തരത്തില്‍ തയ്യാറാക്കിയ ചിത്രങ്ങളാണ് മേളയിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഹ്രസ്വ ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് 30 മുതല്‍ 50 കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന നൂറോളം ബാച്ചുകളിലായി ആകെ മൂവായിരത്തോളം കുട്ടികള്‍ക്ക് കുടുംബശ്രീ പ്രത്യേക പരിശീലനം നല്‍കി. ഓരോ ബാച്ചില്‍ നിന്നും കുട്ടികളുടെ നേതൃത്വത്തില്‍ ഓരോ ഹ്രസ്വ ചലച്ചിത്രം വീതമാണ് നിര്‍മിച്ചിട്ടുള്ളത്. ഓരോ വ്യക്തിയും ജീവിക്കുന്ന ഇടം, അവിടുത്തെ കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ സ്വയം തിരിച്ചറിയുന്നതിനും. പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് കുട്ടികളെ സ്വയം പ്രാപ്തരാക്കുന്നതോടൊപ്പം സമഗ്രമായ വ്യക്തിത്വ വികാസവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്ര സമ്മേളനത്തില്‍ സോഷ്യല്‍ ഇന്‍ക്ളൂഷന്‍ ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍,ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്ങ് ആന്റ് കപ്പാസിറ്റി ബില്‍ഡിങ്ങ് ,പ്രോഗ്രാം ഓഫീസര്‍ കെ യു ശ്യാം കുമാര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റജീന ടി.എം, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി അനുമോള്‍ എന്നിവര്‍ പങ്കെടുത്തു.
മേളയുടെ പ്രചരണാര്‍ത്ഥം നൂല്‍പുഴ ആദിവാസി സമഗ്ര വികസ പദ്ധതി, ആനിമേറ്റര്‍ പി വി രാജു എഴുതിയ പണിയ ഭാഷയിലുളള തീം സോംഗ് പ്രകാശനം ചെയ്തു.