29-ാമത് കേരള രാജ്യന്തര ചലച്ചിത്ര മേള; മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍, ഒപ്പം കിഷ്‌കിന്ധാ കാണ്ഡവും

Update: 2024-10-16 05:16 GMT

തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ  മത്സര വിഭാഗത്തില്‍ മലയാള ചിത്രങ്ങളായി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യും ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറ'വും തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകന്‍ ജിയോ ബേബിയുടെ നേതൃത്വത്തില്‍ തിരക്കഥാകൃത്ത് പി.എസ്. റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാല്‍, ഫാസില്‍ റസാഖ് എന്നിവരും അംഗങ്ങളായ കമ്മറ്റി 'മലയാള സിനിമ ഇന്ന്' വിഭാഗത്തിന്റെ ഭാഗമാകുന്ന 12 ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.

ഈ വിഭാഗത്തിന് കീഴില്‍ വി.സി. അഭിലാഷിന്റെ എ പാന്‍ ഇന്ത്യന്‍ സ്റ്റോറി, ആദിത്യ ബേബിയുടെ കാമദേവന്‍ നക്ഷത്രം കണ്ടു, അഭിലാഷ് ബാബുവിന്റെ മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്‍, ശോഭന പടിഞ്ഞാട്ടിലിന്റെ ഗേള്‍ഫ്രണ്ട്‌സ്, കെ. റിനോഷിന്റെ വെളിച്ചം തേടി, ദിന്‍ജിത്ത് അയ്യത്താന്റെ കിഷ്‌കിന്ധ കാണ്ഡം, മിഥുന്‍ മുരളിയുടെ കിസ് വാഗണ്‍, ജിതിന്‍ ഐസക് തോമസിന്റെ പാത്ത്, ആര്‍. കെ. കൃഷന്ദിന്റെ സംഘര്‍ഷ ഘടന, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍ എന്നിവരുടെ മുഖക്കണ്ണാടി, ജെ. ശിവരഞ്ജിനിയുടെ വിക്ടോറിയ, സിറില്‍ എബ്രഹാം ഡെന്നിസിന്റെ വാട്ടുസി സോംബി തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ 14 സംവിധായകരില്‍ എട്ട് പേരും നവാഗതരാണ്. ഇതില്‍ നാലെണ്ണം വനിതാ സംവിധായഷകരുടെ സിനിമകളാണ്. ഒപ്പം സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കിഷ്‌കിന്ധ കാണ്ഡം എന്ന സിനിമയും ഉണ്ടെന്നതും ശ്രദ്ധേയമാണ്. മേള 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കും.

അതേസമയം, കിഷ്‌കിന്ധാ കാണ്ഡം മേളയില്‍ തെരഞ്ഞെടുത്തത് അഭിമാന നിമിഷമെന്ന് അറിയിച്ചുകൊണ്ട് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ രംഗത്ത് എത്തി. '29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞങ്ങളുടെ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ആദ്യത്തെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്! എല്ലാവര്‍ക്കും നന്ദി', എന്നാണ് ദിന്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഇതിനകം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്.

Tags:    

Similar News