ഇങ്ങനെ വേണം മാറിയ കാലത്തിനനുസരിച്ച് യക്ഷിക്കഥ ചെയ്യാന്‍; ഇതുപോലെ ഒരു ഗംഭീര ചിത്രത്തിന്റെ ചര്‍ച്ചകളില്‍ ഇന്ദ്രിയം പോലൊരു ചിത്രത്തെ പ്രതിപാദിക്കുന്നതുതന്നെ വലിയ ബഹുമതിയാണ്: ലോകയെ പ്രശംസിച്ച് ഇന്ദ്രിയം തിരക്കഥാകൃത്ത്
മലയാള സിനിമയിലെ ശ്രദ്ധേയ ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായ ഇന്ദ്രിയം റിലീസ് ചെയ്ത് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. നടി വാണി വിശ്വനാഥ് പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജോര്‍ജ് കിത്തു. സിനിമയുടെ തിരക്കഥാകൃത്ത് കെ.പി. വ്യാസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
നിലവില്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ലോകയേയും 1998-ല്‍ പുറത്തിറങ്ങിയ ഇന്ദ്രിയം എന്ന സിനിമയെയും ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങളിലാണ് അദ്ദേഹം കുറിപ്പുമായി എത്തിയിരിക്കുന്നത്. 25 വര്‍ഷത്തിന് ശേഷവും പ്രേക്ഷകര്‍ക്കിടയില്‍ ഇന്ദ്രിയം ഇന്നും ഓര്‍മ്മിപ്പിക്കപ്പെടുന്നതും, അതിനെ തുടര്‍ന്ന് ലോകയുടെ വിജയത്തിനോടനുബന്ധിച്ച് വീണ്ടും പരാമര്‍ശിക്കപ്പെടുന്നതും വലിയ കാര്യമാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കെ.പി. വ്യാസന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്ദ്രിയത്തിന്റെ 25 വര്‍ഷങ്ങള്‍....
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് സെപ്തംബര്‍ മാസം പതിനാറ്. നോര്‍ത്ത് പരമാര റോഡിലെ പഴയ എലൈറ്റ് ഹോട്ടലിലെ റൂം നമ്പര്‍ 101. ശ്രീധര്‍ തിയേറ്റര്‍ മാനേജര്‍ രാം കുമാര്‍, സവിധായകന്‍ ജോര്‍ജ്ജ്കിത്തു,എലൈറ്റ് മാനേജര്‍ സെബാസ്റ്റിന്‍, സെബാസ്റ്റിന്‍ ചേട്ടന്റെ സുഹൃത്ത് മാത്തന്‍, പിന്നെ ഞാനും. ആ അടുത്ത് കണ്ട രാം ഗോപാല്‍ വര്‍മ്മയുടെ 'ദേയം' എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പ് 'പേയ്' എന്ന പേരില്‍ ഡിടിഎസിന്റെ ഇന്ത്യന്‍ പാര്‍ട്ട്ണര്‍മാരായ റിയല്‍ ഇമേജ് സൗണ്ട് എക്‌സ്പിരിമെന്റിനുവേണ്ടി ഡിടിഎസില്‍ റീ മിക്‌സ് ചെയ്ത് ഇറക്കിയ വേര്‍ഷന്‍ കാണാന്‍ ഇടയായ സംഭവം വിവരികുകയായിരുന്നു ഞാന്‍.
ഇതുവരെ നമ്മള്‍ കണ്ടത് ഹൊറര്‍ സിനിമകള്‍ മാത്രമായിരുന്നെങ്കില്‍, 'പേയ്' നല്കിയത് നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു ഹൊറര്‍ അനുഭവമാണെന്നും, ഭാവിസിനിമ ദൃശ്യത്തിന്റേതുമാത്രമല്ല ശബ്ദത്തിന്റേതും കൂടിയായിരിക്കുമെന്ന് ആ ചിത്രം കണ്ട അനുഭവത്തില്‍ ഞങ്ങളുടെ ചര്‍ച്ച എത്തുന്നു (ഞാനും, രാംകുമാര്‍ ചേട്ടനും ഹോളിവുഡ് ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന ഷേണായ് സിനിമാക്‌സിലെ ജോലിക്കാര്‍ കൂടിയായതിനാല്‍ 94 മുതല്‍ ഡോള്‍ബിയും, ഡിടിഎസും നല്കുന്ന അനുഭവങ്ങളെ കുറിച്ച് ചിരപരിചിതരാണ്). എന്തുകൊണ്ട് മലയാളത്തില്‍ അത്തരം ഒരു ചിത്രം ഉണ്ടാക്കിക്കൂടാ? ചര്‍ച്ച രാവേറെ നീണ്ടു... ഞാന്‍ എന്റെ ഒരു സ്റ്റോറി ഐഡിയ പറയുന്നു. അതെല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നു, മാത്തന്‍ നിര്‍മ്മിക്കാമെന്ന് സമ്മതിക്കുന്നു, ജോര്‍ജ്ജ് കിത്തു സവിധാനം ചെയ്യട്ടെ എന്ന് എല്ലാവരും തീരുമാനിക്കുന്നു, പിന്നെ എല്ലാം പെട്ടന്നായിരുന്നു. പിറ്റേന്ന് മാത്തനു നാട്ടിലേക്ക് പോകേണ്ടതിനാല്‍ നാളെത്തന്നെ കഥ വേണമെന്നായി.
അന്ന് രാത്രി എലൈറ്റിലെ 106-ാംആം നമ്പര്‍ റൂമില്‍ ഉറക്കമിളച്ചിരുന്ന് വണ്‍ലൈന്‍ എഴുതി പൂര്‍ത്തിയാക്കുന്നു. പിറ്റേന്ന് രാവിലെ സെബാസ്റ്റിന്‍ ചേട്ടന്റെ ഒരിക്കലും ലോക്ക് ചെയ്യാത്ത എലൈറ്റിലെ ഓഫീസ് റൂമിന്റെ മേശപ്പുറത്ത് വണ്‍ലൈന്‍ കവറിലിട്ടുവച്ച് ഞാന്‍ എന്റെ ഓഫീസിലേക്ക് പോകുന്നു. ഉച്ചയ്ക്ക് ശേഷം വണ്‍ലൈന്‍ ചര്‍ച്ചയ്ക്കായ് ബി.ജയചന്ദ്രനെക്കൂടി വിളിക്കുന്നു. വൈകീട്ടോടെ മാത്തന്‍ നാട്ടിലേക്ക് പോകുന്നു. ജയചന്ദ്രന്‍ ചേട്ടന്‍ തിരക്കഥ എഴുതാന്‍ വണ്‍ലനും കൊണ്ടുപോകുന്നു. പിന്നീട് എലൈറ്റിലെ റൂം നമ്പര്‍101 ഇന്ദ്രിയത്തിന്റെ പ്രൊഡക്ഷന്‍ ഓഫീസ് ആയി മാറുകയായിരുന്നു. ആ മുറിയില്‍ നിന്ന് ഞാന്‍ എന്ന കഥാകൃത്തിനെ സൃഷ്ടിച്ചത് എലൈറ്റ് മാനേജര്‍ സെബാസ്റ്റിന്‍ ചേട്ടനാണ്.
കുട്ടിക്കാനത്ത് 1999ലെ തണുത്ത ഡിസംബറില്‍ ചിത്രീകരണം തുടങ്ങി. 2000 മെയ് 5നു റിലീസ് ചെയ്ത ഇന്ദ്രിയം പിന്നീട് മലയാള സിനിമയില്‍ എഴുതിയത് ചരിത്രം. വെറും ഒരു നായികയുടെ ചിത്രം മാത്രം വച്ച് സൂപ്പര്‍താര ചിത്രങ്ങളുടെ ഇനീഷ്യല്‍ തീര്‍ത്ത വിസ്മയം! വാണീ വിശ്വനാഥ് സൂപ്പര്‍താര സ്റ്റാറ്റസ് ഉള്ള നായികയായി മാറി ഷേണായീസ് തിയേറ്ററില്‍ വിസ്താരമയില്‍ തുടര്‍ച്ചയായി 70 ദിവസം പ്രദര്‍ശിപ്പിച്ചു. ഇന്‍ഡ്യയിലെ എല്ലാഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു.
ഇക്കഴിഞ്ഞ ദിവസം ഇന്ദ്രിയത്തിലെ പ്രധാന വേഷങ്ങളില്‍ ഒന്ന് ചെയ്ത നിഷാന്ത് സാഗര്‍ എന്നെ വിളിക്കുന്നു. 'ചേട്ടാ, എന്തൊക്കെ കഥകളാണ്, ഇപ്പൊ ഇന്ദ്രിയത്തെ കുറിച്ച് പറയുന്നത്.... ആളുകള്‍ പുതിയ തിയറികള്‍ ഉണ്ടാക്കുകയാണല്ലോ?' നിഷാന്തിന്റെ ആ വിളിയാണു ഈ കുറിപ്പ് എഴുതാന്‍ കാരണം. ഇന്ദ്രിയത്തിനുശേഷം പിന്നെ എന്താണ് അതേപോലൊരു കഥയെഴുതാതിരുന്നതെന്ന് എന്നോട് പലരും ചോദിച്ചു. എനിക്കൊന്നേ മറുപടിയുള്ളൂ, കാലഘട്ടത്തിനു അനുസരിച്ച് മാറ്റങ്ങള്‍ ഇല്ലാതെ ഹൊറര്‍ ചിത്രം ചെയ്യരുത്. അതിന് സമീപകാലത്തെ എറ്റവും മികച്ച ഉദാഹരണമാണു 'ലോക'.
ഇന്ദ്രിയം ഇറങ്ങി ഏതാണ്ട് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഈ കാലഘട്ടത്തിനനുസരിച്ച ഒരു പ്രേതകഥ എഴുതാന്‍ തുടങ്ങുന്നത്. എന്റെ അടുത്ത സുഹൃത്തുക്കളായ എഴുത്തുകാരും സവിധായകരുമായ ചിലരോട് ഞാന്‍ ആ കഥ പങ്കുവെയ്ക്കുന്നു. കേട്ടവര്‍ക്കെല്ലാം ഗംഭീരം എന്നഭിപ്രായം. ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥാ മിനുക്ക് പണികള്‍ നടക്കുന്നതിനാല്‍ അത് കഴിഞ്ഞ് എഴുതാമെന്നു തീരുമാനിക്കുന്നു. അതിനിടയില്‍ ഇടിത്തീപോലെ ഒരു സംവിധായകന്‍ എന്നെ വിളിച്ച് പറയുന്നു, 'നിന്റെ കഥ പോയെടാ, നസ്ലിനും കല്യാണിയും അഭിനയിക്കുന്ന ലോകയുടെ കഥ ഇതുതന്നെയാണ്.' ഞാനൊന്നു ഞെട്ടി. എങ്കിലും അങ്ങിനെയാവാന്‍ വഴിയില്ലെന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും, ആ ചിത്രം റിലീസ് ചെയ്ത ശേഷം ഇനി ആ കഥയെക്കുറിച്ച് ചിന്തിച്ചാല്‍ മതി എന്ന് തീരുമാനിച്ച് ഞാന്‍ ഈ ഡിസംബറില്‍ തുടങ്ങേണ്ട ദിലീപ് ചിത്രത്തിലേക്ക് പൂര്‍ണ്ണമായും മുഴുകി.......
മാസങ്ങള്‍ക്ക് മുന്‍പാണു ഞാന്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുരേഷിനോട് ഈ കഥ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, 'ചേട്ടാ, ഈ കഥയുമായ് ലോകയ്ക്ക് യാതൊരു ബന്ധവുമില്ല, ചേട്ടന്‍ ധൈര്യമായ് വര്‍ക്ക് ചെയ്‌തോ'. കാരണം സുജിത്ത് സുരേഷായിരുന്നു ലോകയുടെ അസോസ്സിയേറ്റ്! നേരത്തെ പറഞ്ഞതുപോലെ മാറിയ കാലത്ത് എങ്ങിനെയാണു ഒരു യക്ഷിക്കഥ പറയേണ്ടത് എന്നതിനു ഏറ്റവും മികച്ച ഉദാഹരണമാണു ലോക. ഇതുപോലെ ഒരു ഗംഭീര ചിത്രത്തിന്റെ ചര്‍ച്ചകളില്‍ ഇന്ദ്രിയം പോലൊരു ചിത്രത്തെ പ്രതിപാദിക്കുന്നതുതന്നെ വലിയ ബഹുമതിയാണ്. ഇന്ദ്രിയം കഴിഞ്ഞ് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും സൂപ്പര്‍താരാധിപത്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയില്‍ ഒരു നായികയെ മുന്‍നിര്‍ത്തി ഇതുവരെ മലയാള സിനിമ സൃഷ്ടിച്ച എല്ലാ കളക്ഷന്‍ റേക്കോഡുകളും തകര്‍ത്തെറിഞ്ഞ് ലോക, പുതിയൊരു 'ലോക വിജയം' നേടുന്നുണ്ടെങ്കില്‍ അത് ഈ ചിത്രത്തിന്റെ ശില്പികളുടെ കഴിവിന്റെ അളവുകോലാണ്.
ഇനി സംവിധായകന്‍ ഡൊമിനിക് അരുണിനോടാണ്. നിങ്ങള്‍ സാധാരണ സിനിമാ പ്രേക്ഷകര്‍ക്കുവേണ്ടി എടുത്ത ചിത്രമാണ് ലോക. അവര്‍ അത് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ചില നിരൂപകരും ബുദ്ധിജീവികളും പറയുന്നതല്ല നിങ്ങളുടെ വിജയത്തിന്റെ അളവുകോല്‍. അത് സാധാരണ പ്രേക്ഷകര്‍ നല്കുന്നതാണ്. അതവര്‍ നല്‍കിക്കഴിഞ്ഞു. പൂര്‍ണ്ണചന്ദ്രനെ നോക്കിയേ കുറുക്കന്മാര്‍ ഓരിയിടൂ. ഒരു ഉദാഹരണം പറഞ്ഞ് നിറുത്താം. ഇന്ദ്രിയം നിറഞ്ഞ സദസ്സില്‍ ഓടുന്നത് കണ്ട് ഒരു നിരൂപകന്‍ ചലച്ചിത്രവാരികയില്‍ എഴുതിയ നിരൂപണത്തിന്റെ തലക്കെട്ട് ഇതാണ്, 'ഇന്ദ്രിയം പ്രേക്ഷകനെ മയക്കുന്ന കറുപ്പാണ്'.
നബി:ഈ നിരൂപകന്‍ പിന്നീട് സിനിമയില്‍ വന്നു. ഇന്ദ്രിയത്തിന്റെ വിജയത്തിനടുത്തെത്തുന്നൊരു വിജയം നേടാന്‍ അദ്ദേഹത്തിനിതുവരെ കഴിഞ്ഞില്ലെന്നത് മറ്റൊരു ചരിത്രം.