ഭാവന 2.0; 90-ാം സിനിമയിലും കെട്ടിലും മട്ടിലും പുതുമോടിയില്‍ താരം; നടന്‍ റഹ്‌മാന്റെതും സ്റ്റൈലിഷ് പ്രകടനം; നവാഗതനായ റിയാസ് മാരാത്ത് ചിത്രമെടുത്തിരിക്കുന്നത് ഇംഗ്ലീഷ് സ്റ്റൈലില്‍; സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയില്‍ തിളങ്ങി അനോമി

സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയില്‍ തിളങ്ങി അനോമി

Update: 2026-02-12 15:19 GMT

മൂഹത്തിലെ ധാര്‍മ്മിക മൂല്യങ്ങളുടെയും നിയമങ്ങളുടെയും തകര്‍ച്ചയെയാണ് സാമൂഹ്യശാസ്ത്രത്തില്‍ അനോമി എന്ന് വിളിക്കുന്നത്. 'റീ ഇന്‍ഡ്രിഡ്യൂസിങ്് ഭാവന' എന്ന ടാഗ്ലൈനില്‍ പുറത്തിറങ്ങിയ അനോമി എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ സ്പോയിലര്‍ അലേര്‍ട്ട് ഈ പേര് തന്നെയാണ്. അനോമി എന്താണോ അതാണ് സിനിമയില്‍ സംഭവിക്കുന്നത്. നായിക കേന്ദ്രീകൃതമായ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങള്‍ മലയാളത്തില്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും, നായികാകേന്ദ്രമായവ വിരളമാണ്. അത് മാത്രമല്ല ചിത്രത്തിന്റെ പ്രസ്‌കതി. സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ എന്ന മലയാള സിനിമ അധികം കൈവെക്കാത്ത മേഖലയിലൂടെയാണ് ഈ പടം കടന്നുപോവുന്നത്.

ചിത്രത്തില്‍ ഏറ്റവും ഗംഭീരമായത് അതിന്റെ സംവിധാനം തന്നെയാണ്. നവാഗതനായ റിയാസ് മാരാത്ത് ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ട പ്രതിഭ തന്നെയാണ്. പല രംഗങ്ങളിലും ഒരു ഇംഗ്ലീഷ് ചിത്രം കാണുന്ന അതേ ഫീല്‍ ഉണ്ടാക്കിയെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ മികച്ച സൈ ഫൈ ത്രില്ലറുകളില്‍ ഒന്നാണ് അനോമി.

അവര്‍ എന്തിന് ആത്മഹത്യ ചെയ്യുന്നു?

സൈക്യാട്രിക് ട്രീറ്റ്മെന്റിലിരിക്കെ ആത്മഹത്യ ചെയ്യുന്ന മൂന്നുപേര്‍. അവര്‍ക്കൊക്കെ ആത്മഹത്യാ പ്രവണതയുടെ ഹിസ്റ്ററിയുള്ളതിനാല്‍ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി. ഈ മരണത്തെക്കുറിച്ച് പോലീസുദ്യോഗസ്ഥനായ ജിബ്രാനും, ഫോറന്‍സിക് ഉദ്യോഗസ്ഥ സാറാ ഫിലിപ്പും സമാന്തരമായി നടത്തുന്ന ത്രില്ലിംഗ് ഇന്‍വെസ്റ്റിഗേഷനാണ് അനോമി. ജിബ്രാനായി റഹ്‌മാനും, സാറയായി ഭാവനയും ഗംഭീര പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്നു.

ഒരു ആക്സിഡന്റില്‍ അമ്മ നഷ്ടപ്പെട്ട സിയാന്‍ എന്ന യുവാവിന്റെ മെന്റല്‍ ട്രോമകളും അതിലൂടെ ഡിപ്രഷന്‍ മൂര്‍ച്ഛിച്ചു അയാള്‍ ആത്മഹത്യ പ്രവണതയില്‍ എത്തുന്നതുമൊക്കെയാണ് ചിത്രത്തിന്റെ തുടക്കം. സിയാന്റെ വേദനകളെ ഒരു അമ്മയെ പോലെ ഉള്‍ക്കൊള്ളുന്ന സഹോദരി സാറ അയാളുടെ ഒപ്പമുണ്ട്. എന്നിട്ടും അയാളെ പെട്ടെന്നൊരു ദിവസം അയാളെ കാണാതാവുകയും, കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തപ്പെടുകയും ചെയ്യുമ്പോള്‍ സാറാ തകര്‍ന്നുപോവുന്നു.

എന്നാല്‍ അതില്‍ നിന്ന് കരകയറി, സഹോദരന്റെ മരണത്തിന്റെ ദുരൂഹത തേടി പോവുകയാണ് അവള്‍. ജിബ്രാന്‍ എന്ന ഒരു പോലീസ് ഇന്‍സ്‌പെക്ടറാണ്, ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍. നേരത്തെ പൊലീസില്‍നിന്നുണ്ടായ ഒരു പ്രശ്നത്തിന്റെ ട്രോമയില്‍, ആകെ ഉഴപ്പനായിപ്പോയ ജിബ്രാന്‍ കോടതിയില്‍നിന്ന് ഫയറിങ്ങ് കിട്ടുന്നതോടെ അഭിമാന പ്രശ്നമെന്ന നിലയില്‍ കേസില്‍ സജീവമായി ഇടപെടുന്നു. രണ്ട് വശത്തുടെയും, രണ്ട് വ്യത്യസ്ത രീതിയില്‍ നടക്കുന്ന കേസ് അന്വേഷണത്തിലൂടെ സിനിമ മുന്നോട്ടു പോവുന്നു. ആ അര്‍ത്ഥത്തില്‍ ഗംഭീരവും വ്യത്യസ്തവുമായ ഒരു സ്റ്റോറിലൈന്‍ ആണ് അനോമിയുടേത്. റിയാസ് മാരാത്ത് ആണ് എഴുത്തും സംവിധാനവും. കേരളം കാത്തിരുന്ന പ്രതിഭ തന്നെയാണ് അയാള്‍. പരസ്പരം കാണുന്നുണ്ടെങ്കിലും, നായകനും നായികയും നേരിട്ട് സംസാരിക്കുന്ന ഒരു സീന്‍പോലും ചിത്രത്തിലില്ല. ഇതും ഒരു അപുര്‍വതയാണ്.

റീ ലോഡിങ് റഹ്‌മാന്‍

ഭാവനയുടെ 90-ാം ചിത്രമെന്ന് അനൗണ്‍സ് ചെയ്ത പടം സത്യത്തില്‍ റീ ലോഡ് ചെയ്യുന്നത് നടന്‍ റഹ്‌മാനെയാണ്. 80കളിലെ മലയാളി സിനിമാ പ്രേക്ഷകര്‍ ഉറച്ച് വിശ്വസിച്ചിരുന്നത്, മമ്മൂട്ടിക്കുശേഷം അടുത്ത സൂപ്പര്‍സ്റ്റാര്‍ റഹ്‌മാനായിരുക്കുമെന്നാണ്. 1983-ല്‍ സിനിമയിലേക്ക് വന്ന ആളാണ് റഹ്‌മാന്‍. ഒരു നായകന്‍ എന്ന നിലയില്‍ ഫിസിക്കല്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഈ 43വര്‍ഷങ്ങളിലും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഡബ്ബ് ചെയ്യാന്‍ വേറെ ആള് വേണമെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പോരായ്മ. ഷോബി തിലകന്റെ ഡബ്ബിങ്ങ് പലയിടത്തും കല്ലുകടിയാവുന്നുണ്ട്. പക്ഷേ അതൊന്നും ചിത്രത്തിന്റെ കാതലിനെ ബാധിച്ചിട്ടില്ല. ഒരു നീണ്ട ഇടവേളക്കുശേഷമാണ് റഹ്‌മാനെ നായകവേഷത്തില്‍ കാണുന്നത്. ചിത്രത്തില്‍ ഒരു മദ്യപിച്ചുള്ള സീനില്‍ 'ആ എം എ ഫെയിലിയര്‍്' എന്ന് ഒരുപരിചയുമില്ലാത്ത പൊലീസുകാരനോട് അലറുന്ന സീനിലൊക്കെ കാണാം ആ നടന്റെ ക്ലാസ്.

അതുപോലെ ആക്ഷന്‍ രംഗങ്ങളിലെ ആ പെര്‍ഫക്ഷന്‍ വേറിട്ടതാണ്. മമ്മൂട്ടിയുടെ സ്റ്റണ്ടുപോലെ, ആളുകളെ ഇങ്ങോട്ട് വിളിച്ചുവരുത്തി നടത്തുന്ന 'ഡിഷ്യും ബിഷ്യും' പരിപാടിയല്ല. ശരിക്കും ത്രില്ലിങ്ങ് ആക്ഷന്‍ തന്നെയാണ് റഹ്‌മാന്‍ ചെയ്യുന്നത്. ഹര്‍ഷവര്‍ധന്‍ മഹേശ്വര്‍ ചെയ്ത സ്‌കോറിംഗ് കിടിലമാണ്. ഒരു ബൈക്ക് ചേസിങ് സീന്‍ ഒക്കെയുണ്ട്. അതിന്റെ സൗണ്ട് പെര്‍ഫെക്ഷന്‍ കണ്ടിരിക്കണം. ആ സീനുകള്‍ക്കുമുണ്ട് ഒരു ഹോളിവുഡ് നിലവാരം. വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഒറ്റ സീനില്‍ മജിസ്ട്രേറ്റായി വരുന്ന നമ്മുടെ ഷുക്കുര്‍ വക്കീലും പൊളിച്ചിട്ടുണ്ട്.

ഇതില്‍ ആരും മോശമായിട്ടില്ല. ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍, ഹൈദര്‍, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയില്‍ നിന്നുള്ള ലീഡിങ് ടെക്‌നീഷ്യന്‍ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിര്‍വഹിച്ചത്. അത് അറിയാനുണ്ട്. വല്ലാത്ത ഒരു മൂഡ്, പ്രത്യേകിച്ച് രാത്രി രംഗങ്ങളില്‍ ചിത്രത്തിന് കിട്ടുന്നുണ്ട്. കിരണ്‍ ദാസ് എഡിറ്റിംഗും ക്ലാസാണ്.

പക്ഷേ ഈ ചിത്രത്തില്‍ ഈ ലേഖകന് നെഗറ്റീവായി തോന്നിയ ഒന്ന് രണ്ട് പ്രശ്നങ്ങളിലൊന്ന് ചിത്രത്തിന്റെ ദൈര്‍ഘ്യമാണ്. രണ്ടര മണിക്കുര്‍, ഒരു പത്ത് മിനുട്ടെങ്കിലും ട്രിം ചെയ്തിരുന്നുവെങ്കില്‍, ഇതിലും എത്രയോ സുന്ദരമാവുമായിരുന്നു. റഹ്‌മാന്റെ പൊലീസ് ഇന്‍വസ്റ്റിഗേഷനിലെ ചര്‍ച്ചയും, അവരുടെ കൂട്ടായ്മയുമൊക്കെ ആവര്‍ത്തനമായി തോന്നി. ആദ്യപകുതിയില്‍ ഏറെ സമയം അപഹരിക്കുന്ന ഭാവനയും, സഹോദരനുമായുള്ള ബന്ധം എസ്റ്റാബ്ലിഷ് ചെയ്യുന്ന സീനുകളും നേരം കൊല്ലലായി. അതുപോലെ സയന്‍സ് മിസ്ട്രി എന്ന് പറഞ്ഞ് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഇപ്പോഴത്തെ ഒരു ഫാഷന്‍ ഈ പടത്തിലുമുണ്ട്. ( ജോസഫ്, എബ്രഹാം ഓസ്ലര്‍, ഗോളം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം) മരണം കഴിഞ്ഞിട്ടുമുള്ള ജീവിതം എന്നൊക്കെ പറഞ്ഞ് വലിയ വിഡ്ഡിത്തമാണ് ചിത്രത്തിന്റെ കാതല്‍. പക്ഷേ കഥയില്‍ ചോദ്യമില്ല എന്നു പറഞ്ഞതുപോലെ, ഇത്തരത്തിലുള്ള സിനിമയും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പ്രേക്ഷകര്‍ക്ക് അതിനെ വിമര്‍ശിക്കാനും.

വാല്‍ക്കഷ്ണം: ടി സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രമാണ് അനോമി. കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ക്കൊപ്പം, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ഭാവനയും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. അകാലത്തില്‍ പൊലിഞ്ഞ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയിക്കുള്ള ആദരം കുടിയാവട്ടെ ഈ സിനിമ.

Tags:    

Similar News