രണ്ട് 200കോടിയും ഒരു 75കോടിയുമായി ഹിറ്റുകളുടെ രാജാവായി ലാലേട്ടന്‍; മമ്മൂക്കയുടെ മരണമാസ് തിരിച്ചുവരവ്; ലേഡി സൂപ്പര്‍സ്റ്റാറായി കല്യാണി; നസ്ലനും സന്ദീപും കയറിവരുന്നു; ഫഹദിനും പ്രൃഥിക്കും ഗ്രഹണം; പുതിയകാലം പുതിയ താരോദയം; 2025-ലെ മലയാള സിനിമാ ഫ്‌ളാഷ്ബാക്ക്

രണ്ട് 200കോടിയും ഒരു 75കോടിയുമായി ഹിറ്റുകളുടെ രാജാവായി ലാലേട്ടന്‍

Update: 2025-12-19 10:22 GMT

ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് കഴിയുമ്പോള്‍ അടുത്തത്! ഹിറ്റുകള്‍ തിരമാലകള്‍പോലെ ഇരമ്പിയെത്തിയ ഒരു വര്‍ഷമായിരുന്നു, മല്ലുവുഡ്ഡിനെ സംബന്ധിച്ച് 2025. ഒരു മലയാള ചിത്രത്തിന് 300 കോടിയിലേറെ കളക്ഷന്‍ വരുമെന്നും, കേരളംപോലെ ഒരു ചെറിയ വിപണിയില്‍നിന്നുമാത്രം നുറുകോടി നേടുമെന്നും മുമ്പ് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നോ? ഇന്ന് ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെയായി, കേരള ചലച്ചിത്ര വ്യവസായം വിപുലമാവുകയാണ്. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയുടെ ഐശ്വര്യ വര്‍ഷം തന്നെയാണ് 2025.

മഞ്ഞുമ്മല്‍ ബോയ്‌സിനെ മറികടന്നുകൊണ്ട്, 250 കോടിയിലേറെ നേടി, ലാലേട്ടന്റെ എമ്പുരാന്‍ ഇന്‍ഡസ്ട്രിയില്‍ ഹിറ്റാവുമ്പോള്‍ അതിനെ മറികടക്കാനുള്ള ഒരു ചിത്രം ഉടനെ ഉണ്ടാവുമെന്ന് ആരും കരുതിയില്ല. പക്ഷേ തുടര്‍ന്നുവന്ന ലാലേട്ടന്‍ ചിത്രം, 'തുടരും' 237 കോടി നേടി തൊട്ടടുത്തെത്തി. അതിനുശേഷമാണ്, ഒരു സൂപ്പതാരവുമില്ലാതെ, നസ്ലനെയും കല്യാണി പ്രിയദര്‍ശനെയും വെച്ച് എടുത്ത 'ലോക' 300 കോടിയും കടന്നു. മലയാള ഫിലിം ഇന്‍ഡസ്ട്രി വിജയം കണ്ട് ഞെട്ടിയ വര്‍ഷമാണ് കടന്നുപോവുന്നത്.

പക്ഷേ മൊത്തത്തില്‍ നോക്കുമ്പോള്‍ എല്ലാവര്‍ഷത്തെയുംപോലെ കരച്ചിലാണ് ബാക്കി. മൊഴിമാറ്റ ചിത്രങ്ങളടക്കം മൊത്തം 210 ചിത്രങ്ങള്‍ ഇറങ്ങിയ 2025-ല്‍, മുടക്കുമുതല്‍ തിരിച്ചുപിടിച്ചത് മുപ്പതോളം ചിത്രങ്ങളാണ്. ബാക്കി 180 ചിത്രങ്ങളും സാമ്പത്തികമായി പരാജയമാണ്! ഇതില്‍ 150ഓളം ചിത്രങ്ങള്‍ ഒരാഴ്ചപോലും തീയേറ്ററില്‍ പിടിച്ചുനിന്നില്ല.

2025-ല്‍ ഏറ്റവും കളക്ഷന്‍ നേടിയ 10 മലയാള സിനിമകള്‍ ഇവയാണ്.

1 ലോക-303.2 കോടി

2 എമ്പുരാന്‍- 268 കോടി

3 തുടരും- 237 കോടി

4 ഡീയസ് ഈറെ- 82 കോടി

5 കളങ്കാവല്‍- 78 കോടി ( പ്രദര്‍ശനം തുടരുന്നു)

6 ഹൃദയപുര്‍വം- 76 കോടി

7 ആലപ്പുഴ ജിംഖാന- 70.6 കോടി

8 രേഖാചിത്രം- 58 കോടി

9. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- 54 കോടി

10 എക്കോ- 46 കോടി ( പ്രദര്‍ശനം തുടരുന്നു)

(വിവിധ ട്രാക്കര്‍മാരുടെ കണക്കുകള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ ലിസ്റ്റ്. ഇത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഔദ്യോഗിക കണക്കല്ല)


ലാലേട്ടന്‍ ലാലേട്ടന്‍ ലാലേട്ടന്‍!



 



ഈ വര്‍ഷം നായകനായ മൂന്ന് ചിത്രങ്ങളില്‍ രണ്ടും 200 കോടിക്ക് മുകളിലെത്തി. ഒന്ന് 75 കോടിയും. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ മലയാളം ബോക്‌സോഫീസിനെ ഒറ്റക്ക് താങ്ങുകയാണ്, ഈ 65-ാം വയസ്സിലും നമ്മുടെ മോഹന്‍ലാല്‍! ലാലേട്ടനെ സംബന്ധിച്ച് ഏറ്റവും മോശം സമയത്തിലുടെ കടന്നുപോയ കാലമായിരുന്നു 2024. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍, വന്‍ പ്രതീക്ഷയോടെ വന്ന 'മലൈക്കോട്ടെ വാലിബന്‍' മലങ്കള്‍ട്ടായിപ്പോയതും, സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്ത 'ബറോസ്' വലിയ ഫ്‌ളോപ്പായതും അദ്ദേഹത്തിനുനേരെ കട്ടഫാന്‍സിന്റെ പോലും രോഷമുയര്‍ത്തി. എന്നാല്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്ത് എഴുനേറ്റ് 2025-ലെ തിരമലയാള വിപണിയെ ലാലേട്ടന്‍ തൂക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

എമ്പുരാന്‍ എന്ന പ്രൃഥിരാജ് സംവിധാനം ചെയ്ത ചിത്രം 266 കോടി നേടിക്കൊണ്ട് മലയാളത്തിന്റെ ഏറ്റവും വലിയ ഹിറ്റായി മാറി. പക്ഷേ അത് ചിത്രത്തിന്റെ കാലപരമായ മികവ് കൊണ്ടായിരുന്നില്ല. സംഘപരിവാര്‍ ബഹിഷ്‌ക്കരണവും, സെന്‍സറിങ്ങും അടക്കമുള്ള വിവാദ കോലാഹലങ്ങള്‍ ചിത്രത്തിന് തുണയായി. യുകെയിലും കാനഡയിലും, ഗള്‍ഫിലുമൊക്കെയായി ചിത്രത്തിന് വലിയ കളക്ഷന്‍ വന്നു. മലയാള സിനിമയുടെ വിപണി വലുതായി എന്ന് എമ്പുരാന്‍ കൃത്യമായി കാണിച്ചുതന്നു. ഇന്ത്യക്ക് പുറത്തുനിന്ന് നൂറുകോടി നേടുന്ന ആദ്യ ചിത്രമായി ഇത് മാറി. അതുപോലെ ടിക്കറ്റ് വില്‍പ്പനയില്‍ അടക്കം ചിത്രം ഗ്ലോബല്‍ ട്രെന്‍ഡിങ്ങില്‍ വന്നു. മലയാള സിനിമയുടെ വിപണി ഈ ചിത്രംവഴി വികസിപ്പിച്ചുവെന്ന് നിസ്സംശയം പറയാം.

പക്ഷേ യഥാര്‍ത്ഥ ലാലിസം ഇനി വരാന്‍ ഇരിക്കുന്നതേയുള്ളൂ. അതായിരുന്നു യുവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ 'തുടരും'. മോഹന്‍ലാല്‍- ശോഭന കോമ്പോയുടെ വിന്റേജ് നൊസ്റ്റു ഉണര്‍ത്തിയ ചിത്രം, 235 കോടി നേടി തരംഗമായി. ഈ രണ്ടു ലാല്‍ ചിത്രങ്ങളുടെ ലാഭം കൊണ്ട് മാത്രമാണ് കടങ്ങള്‍ വീട്ടിയതെന്ന് പരസ്യമായി പറഞ്ഞ തീയേറ്റര്‍ ഉടമകള്‍ എത്രയോ ഉണ്ട്. ഒരു വിവാദത്തിന്റെയും മേമ്പൊടിയില്ലാതെയാണ് ചിത്രം തീയേറ്ററുകള്‍ നിറച്ചത്.

ഏറെക്കാലത്തിനുശേഷം 'നടന വിസ്മയത്തിന്റെ' ഫുള്‍പാക്ക്ഡ് ചിത്രം കണ്ട് പ്രേക്ഷകര്‍ ആറാടുകയായിരുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ, യുവ സംവിധായകന്‍ തരുണ്‍മൂര്‍ത്തി പഴയ ലാലേട്ടനെ തിരിച്ചുതന്നുവെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു.

ചിത്രം അവസാനിക്കുമ്പോള്‍ എഴുതിക്കാട്ടുന്നത്, 'മോഹന്‍ലാല്‍ തുടരും' എന്നാണ്. അത് കാണിക്കുമ്പോള്‍ തീയേറ്ററില്‍ ഉയരുന്ന വമ്പന്‍ കൈയിടകള്‍ ഒരു വികാരം തന്നെയായിരുന്നു. അതുപോലെ നായകന് കട്ടക്ക് കട്ട നില്‍ക്കുന്ന വില്ലനായ പൊലീസുകാരനായ പ്രകാശ് വര്‍മ്മയും ഞെട്ടിച്ചിരുന്നു. നപ്രിയ സിനിമയുണ്ടാക്കാന്‍ നൂറ് ഹെലികോപ്റ്റും കോടികളുടെ ബജറ്റുമെന്നും വേണ്ട, നല്ല കഥയും മേക്കിങ്ങും മതിയെന്ന് ഈ ചിത്രം തെളിയിച്ചു. ഈ സിനിമാ വര്‍ഷത്തിലെ മാന്‍ ഓഫ് ദി സീരീസ് എന്നു പറയുന്നത്, ഡയറക്ടര്‍ തരുണ്‍ മൂര്‍ത്തിയാണ്.

അതിനുശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ലാല്‍ ചിത്രം 'ഹൃദയപൂര്‍വം' വരുന്നത്. തിരക്കഥയിലടക്കം ഒരുപാട് ഫാള്‍ട്ടുകളുള്ള ചിത്രമായിട്ടുകൂടി അതും ആഗോള ബോക്‌സോഫീസില്‍ 75 കോടി നേടി. അവിടെയാണ്, ലാല്‍ എന്ന താരത്തിന്റെ ഞെട്ടിക്കുന്ന വിപണിമൂല്യം വ്യക്തമാവുക. പക്ഷേ വര്‍ഷാവസാനം ഇറങ്ങിയ ദിലപിന്റെ 'ഭബഭ' എന്ന സിനിമയിലെ, എക്സ്റ്റന്‍ഡഡ് കാമിയോ വേഷം അനാവശ്യമായിപ്പോയിയെന്ന് നിരൂപകര്‍ വിമര്‍ശിക്കുന്നുണ്ട്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ ഒരു ലാലേട്ടന്‍ വര്‍ഷമാണ് കടന്നുപോവുന്നത്.

മമ്മൂക്കയുടെ മരണമാസ് തിരിച്ചുവരവ്

മെഗാസ്റ്റാര്‍ മമ്മൂട്ടി, ഈ 74-ാം വയസ്സില്‍ മരണമാസായി തിരിച്ചുവന്ന വര്‍ഷമാണിത്. നേരത്തെ അസുഖം വന്ന് അദ്ദേഹം കുറച്ചുകാലം ചലച്ചിത്രമേഖലയില്‍നിന്ന് വിട്ടുനിന്നത് വലിയ ആശങ്കകള്‍ ഉയര്‍ത്തിരുന്നു. എന്നാല്‍ എല്ലാം അതിജീവിച്ച് ആ 'ചലച്ചിത്രലമ്പടന്‍' വീണ്ടും ഹിറ്റുണ്ടാക്കുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത, കളങ്കാവലില്‍ സയനൈഡ് മോഹനെ ഓര്‍മ്മിപ്പിക്കുന്ന ഒരു സൈക്കോകില്ലന്റെ വേഷമാണ്, മമ്മൂട്ടി ഇമേജിന്റെ യാതൊരു ഭാരവും നോക്കാതെ ചെയ്തിരിക്കുന്നത്. വില്ലന്‍ എന്നാല്‍ പക്കാവില്ലന്‍. ചിത്രത്തിലെ നായകന്‍ ശരിക്കും വിനായകനാണ്.


 



്എട്ട് മാസത്തിന് ശേഷം എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ഒന്നടങ്കം കളങ്കാവല്‍ എന്ന ചിത്രത്തെ നോക്കികണ്ടത്. ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 15.7 കോടി രൂപയാണ് നേടാനായത്. ഇപ്പോള്‍ 77 കോടിയിലധികം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷ.

മമ്മൂട്ടിക്കമ്പനി തന്നെ നിര്‍മ്മിച്ച 'കളങ്കാവല്‍' സിനിമ കണ്ട് ആരാധകര്‍ അത്ഭുദത്തോടെയാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടി എന്ന മഹാനടനെ ആധുനികകാലത്തിനൊപ്പിച്ച് റീ ലോഞ്ച് ചെയ്തിരിക്കയാണ് ഈ ചിത്രമെന്ന് വേണമെങ്കില്‍ പറയാം. മലയാള സിനിമയില്‍ സംഭവിക്കുന്ന ഭാവുകത്വപരമായ പരിണാമങ്ങളുടെ ലിറ്റ്മസ് ടെസ്്റ്റ് കൂടിയാണ് ഈ ചിത്രം. ഭ്രമയുഗത്തിനുശേഷം മമ്മൂട്ടി വീണ്ടും പക്കാ പ്രതിനായക വേഷത്തിലെത്തുകയാണ്. പഴയകാലമാണെങ്കില്‍ ഈ സിനിമയില്‍ വിനായകന്‍ ചെയ്ത പൊലീസ് ഓഫീസറുടെ റോളിലായിരിക്കും മമ്മൂട്ടി. ഇതുപോലെ ഒരു പക്കാ വില്ലനെ ലീഡ് റോളില്‍ ചെയ്താല്‍, മമ്മൂട്ടി ഫാന്‍സ് തീയേറ്റര്‍ തല്ലിത്തകര്‍ത്തേനെ! കാമം കത്തുന്ന ആ നോട്ടത്തിലൂടെ, ഇരകളുടെ മരണം പല്ലുകടിച്ച് സിഗരറ്റ് തുപ്പി ആസ്വദിക്കുന്ന ഭാവത്തിലൂടെയൊക്കെ മമ്മൂട്ടിയങ്ങോട്ട് തകര്‍ക്കയാണ്. അരനറ്റാണ്ടോളം അഭിനയിച്ചിട്ടും, ഇനിയും ഖനനം ചെയ്തെടുക്കാന്‍ കഴിയുന്ന ഭാവങ്ങളുടെ സ്വര്‍ണ്ണഖനിയാണ് താനെന്ന് താരം വീണ്ടും വീണ്ടും തെളിയിക്കുന്നു.

2925-ല്‍ ഇറങ്ങിയ മറ്റ് രണ്ട് മമ്മൂട്ടി ചിത്രങ്ങളും വിജയിച്ചിരുന്നില്ല. ഗൗതം മേനോനെപ്പോലെ അതിഗംഭീരമായ സിനിമയെടുത്ത, ഒരു ഡയറക്ടര്‍ 'ഡൊമനിക്ക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' എന്ന ഒരു ചിത്രം മമ്മൂട്ടിയെവെച്ച് എടുക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷേ ആവറേജിന് അപ്പുറം ചിത്രം ഒന്നുമായില്ല. 20.50 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. അതുപോലെ ഏറെ കൊട്ടിഘോഷിച്ച വന്ന, പ്രശ്‌സത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനോ ഡെന്നീസ് കഥയെഴൂതി സംവിധാനം ചെയ്ത ബസൂക്ക എന്ന ചിത്രവും ബോക്‌സോഫീസില്‍ ക്ലച്ച് പിടിച്ചില്ല. കട്ട മമ്മൂട്ടി ഫാന്‍സിന് മാത്രമാണ് ചിത്രം പിടിച്ചത്. എന്നാലും ഇനീഷ്യല്‍ കളക്ഷന്റെ ബലത്തില്‍ ഫ്‌ളോപ്പാവാതെ ചിത്രം പിടിച്ചുനിന്നു. ചിത്രം 28 കോടിയോളമാണ് നേടിയത്. അതിനുശേഷം മമ്മൂട്ടി അസുഖ ബാധിതനായി ഒരു ഇടവേള എടുക്കുയും ചെയ്തു. ഇപ്പോഴിതാ കളങ്കാവലിലൂടെ അദ്ദേഹം അതിശക്തമായി തിരിച്ചുവരുന്നു.

ഒരു ലേഡിസൂപ്പര്‍സ്റ്റാര്‍ ജനിക്കുന്നു

ഒരു ലേഡി സൂപ്പര്‍സ്റ്റാറിന്റെ താരോദയത്തിനും 2025 സാക്ഷിയായി. വൈഡ്യൂരക്കണ്ണുകളും, വജ്രം തിളങ്ങുന്ന നോട്ടങ്ങളുമുള്ള ഒരു സുന്ദരി. ഒരേ സമയത്ത് പ്രണയവും പേടിയും തോന്നുന്ന സൗന്ദര്യധാമം! നോട്ടം ഷാര്‍പ്പാക്കിയാല്‍ യക്ഷി, ലൈറ്റാക്കിയാല്‍ കാമിനി. അപരമായ റേഞ്ച് വേണം ഇതുപോലെ ഒരു കഥാപാത്രത്തെ ചെയ്യാന്‍. 300 കോടി നേടി മലയാളത്തിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ 'ലോക: ചാപ്റ്റര്‍: 1 ചന്ദ്ര'യില്‍ കല്യാണി പ്രിയദര്‍ശന്‍ അരങ്ങുതകര്‍ത്തത് അങ്ങനെയാണ്. മലയാളത്തിന്റെ ആഞ്ചലീന ജോളി എന്നാണ് ലോകക്കുശേഷം അവര്‍ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളത്തിലെ ആദ്യസൂപ്പര്‍ വുമണ്‍ സിനിമയിലുടെ അവര്‍ ലേഡി സൂപ്പര്‍സ്റ്റാറാവുന്നു.

ഈ പടം അതി സുന്ദരമായ മേക്ക് ചെയ്ത് എടുത്ത എഴുത്തുകാരനും സംവിധായകനുമായ ഡൊമിനിക് അരുണനും 2025-ന്റെ താരമാണ്. എ ഐയും, മോഡേണ്‍ ഗ്രാഫിക്സും അടക്കമുള്ള സാങ്കേതിക വിദ്യകള്‍ക്ക് നന്ദി പറയുക. കൊച്ചിയില്‍ ഇരുന്നുകൊണ്ട് നമുക്ക് ലോസ്ആഞ്ചല്‍സിലെ സെറ്റപ്പില്‍ പടം എടുക്കാന്‍ കഴിയും. അതിനെ തലക്കകത്ത് ആള്‍ത്താമസം മാത്രം മതിയെന്ന് ഈ പടം തെളിയിക്കുന്നു. ഡയറക്റുടെ ബ്രില്ല്യന്‍സ് കാണിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. നീലിയുടെ ഭൂതകാലം കാണിക്കുന്ന ഗ്രാഫിക്കല്‍ ഷോട്ടുകള്‍ തന്നെ ഉദാഹരണം. കുഞ്ഞുനീലിയും രാജാവിന്റെ സൈന്യവും തമ്മിലുള്ള ഫൈറ്റൊക്കെ ഞെട്ടിക്കുന്നതാണ്. ഒരു സാധാപെണ്‍കുട്ടി നീലയായി മാറുമ്പോഴുള്ള ഊര്‍ജം കാണേണ്ടതാണ്. അതുപോലെ ചന്ദ്രനിലേക്ക് പറന്നുയരുന്ന ചന്ദ്രയുടെ ഒരു ഷോട്ടുണ്ട്, ക്ലാസിക്ക് എന്ന് പറയണം. മോളിവുഡിന്റെ മാര്‍വല്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ ചിത്രം. മേക്കിങിലൂടെ മറ്റൊരു ലോകം തന്നെയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കായി തുറന്നു വച്ചിരിക്കുന്നത്.



 



മിത്തും യാഥാര്‍ത്ഥ്യവും ടെക്ക്നോളജിയുമെല്ലാം, കൂട്ടിക്കുഴച്ചുണ്ടാക്കിയ ഇതുപോലെ ഒരു സിനിമയിലേക്ക്, സാധാരണ ബോളിവുഡില്‍നിന്നൊക്കെ നടിമാരെ ഇറക്കുമതിചെയ്യുകയാണ് പതിവ്. ഇപ്പോളും ഫിസിക്കല്‍ ഫിറ്റ്നസ് എന്നു പറയുന്നത്, തിരമലയാളത്തിലെ അഭിനേത്രികള്‍ക്ക് അത്രയൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഈ പടത്തില്‍ ഒരു സീനൊഴിച്ച് ബാക്കിയെല്ലാം താന്‍ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് കല്യാണി പറഞ്ഞിരുന്നു.

നായകന്റെ വാലായി നടക്കുകയല്ലാതെ, വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ മലയാളത്തില്‍ കുറവാണ്. നേരത്തെ മഞ്ജുവാര്യര്‍ക്കാര്‍ മാത്രമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ഒരു വിളിപ്പേര് കിട്ടിയത്. നിസ്സംശയം പറയാം, ആ ടാഗ്ലൈന്‍ കല്യാണി പ്രിയദര്‍ശന് കൈമാറാനുള്ള സമയമായി.

ഔട്ട് സ്റ്റാന്‍ഡിങ്ങ് എന്ന് പറയാവുന്ന വനിതാ വേഷങ്ങള്‍ ഈ വര്‍ഷം അത്രയുണ്ടായിട്ടില്ല. എക്കോയിലെ ബ്ലാത്തി ചേടത്തിയായി വന്ന നാഗാലാന്‍ഡ് നടിയാണ് അടുത്തത്. 'തുടരും' സിനിമയില്‍ വീണ്ടും എത്തിയെങ്കിലും, പഴയ കാലത്തിന്റെ നിഴല്‍ മാത്രമായിരുന്നു നടി ശോഭന. എമ്പുരാനിലെ മഞ്ജുവാര്യരുടെ വേഷമൊക്കെ സാദാ എന്നതില്‍ അപ്പുറം പോവുന്നില്ല.

നസ്ലനും, സന്ദീപും, പ്രണവും

50 കോടി ക്ലബില്‍ കയറിയ 7ചിത്രങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. ഡീയസ് ഈറെ, കളങ്കാവല്‍, ഹൃദയപുര്‍വം, ആലപ്പുഴ ജിംഖാന, രേഖാചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, എന്നിവയാണ് അവ. 46 കോടി നേടിയ എക്കോ ഇപ്പോഴും തീയേറ്റുകളിലാണ്. ഇതില്‍ ഡീയസ് ഈറെ പ്രണവ് മോഹന്‍ലാലിന്റെ താരപദവി ഉറപ്പിക്കുന്നതായിരുന്നു. ഇതുവരെ കാണാത്ത അര്‍ബന്‍ മല്ലുവേഷത്തിലാണ് താരപുത്രന്‍ ചിത്രത്തിലെത്തിയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു ചിത്രം ചെയ്യുന്ന രീതിയൊക്കെ വിട്ട്, മലകയറ്റത്തിനും യാത്രകള്‍ക്കും അവധികൊടുത്ത് സിനിമയില്‍ ശ്രദ്ധിച്ചാല്‍ പ്രണവ് ശരിക്കും രാജാവിന്റെ മകന്‍ തന്നെയാവും.

ഖാലിദ് ഉസ്മാന്‍ ഡയറക്ട് ചെയ്ത് നസ്ലന്‍ നായകനായ ആലപ്പുഴ ജിംഖാനയെന്ന കൊച്ചു ചിത്രം വാരിയത് 70.6 കോടി രൂപയാണ്. നസ്ലന്‍ അബ്ദുള്‍ ഗഫൂര്‍ എന്ന വെറും 24 വയസ്സ് പ്രായമുള്ള പയ്യന് ന്യൂജന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പോര് വന്നതും അതോടെയാണ്. അതിനുശേഷം വന്ന ബ്ലോക്ക് ബസ്റ്റര്‍ ലോകയും നസ്ലിന്റെ പേര് ഉറപ്പിച്ചു. ചില ഭാവങ്ങള്‍വെച്ചുനോക്കുമ്പോള്‍ ന്യൂജന്‍ ലാലേട്ടനാണ് ഈ പയ്യന്‍. ലോകയിലെ ടെന്‍ഷന്‍ പിടിച്ച സീനുകള്‍ക്കിടയില്‍ നസ്ലന്റെ ചില ഭാവങ്ങളുണ്ട്. ചിരിച്ചുപോവും. അതുപോലെ നസ്ലന്റെ 'ലോക' ടീമായ ചന്തും സലീം കുമാറും, അരുണ്‍ കുര്യനുമൊക്കെ ഭാവിയുള്ള നടന്‍മ്മാരാണ്. നാച്ചിയപ്പ എന്ന ഡെവിളിഷ് വില്ലനായി, അഴിഞ്ഞാടുന്ന ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡിയുടെ 'ഘടോല്‍ക്കചന്‍' പെര്‍ഫോമന്‍സും മറക്കാന്‍ കഴിയില്ല. 2025-ലെ സൂപ്പര്‍ പ്രതിനായകനാണ് സാന്‍ഡി മാസ്റ്റര്‍.


 



അതുപോലെ ഫ്‌ളോപ്പുകളില്‍നിന്ന് മോചിതനായി കത്തിക്കയറിവരുന്ന നടനാണ് ആസിഫ് അലി. ആസിഫ് നായകനായ രേഖാചിത്രമായിരുന്നു 2025-ലെ ആദ്യഹിറ്റ്. നേരത്തെ കിഷ്‌ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലെയുംപോലെ ഒന്നാന്തരം അഭിനയമാണ്, ഈ ചിത്രത്തിലും ആസിഫ് കാഴ്ചവെക്കുന്നത്. അതുപോലെ എടുത്തു പറയേണ്ട ഒരു പേരാണ് 'പടക്കള'ത്തിലെ നായകനായ സന്ദീപ് പ്രദീപ്. ഈ പയ്യനും ഭാവിയുള്ള നായകനാണ്. ആലപ്പുഴ ജിംഖാനയിലും ഗംഭീര പ്രതികരണമായിരുന്നു സന്ദീപ് പ്രദീപിന്റെത്. അതിനുശേഷമാണ്, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും നല്ലപടം എന്ന് പേരെടുത്ത 'എക്കോ' ഉണ്ടാവുന്നത്. അതോടെ സന്ദീപും ഒരു ന്യുജന്‍ സ്റ്റാറായി മാറുകയാണ്. മരണമാസിലും, വ്യസനസമേതം ബന്ധുമിത്രാദികളിലും വേഷമിട്ട, രോമാഞ്ചം ഫെയിം സിജു സണ്ണിയും ഭാവിയുടെ വാഗ്ദാനമാണ്.

'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' 54.01 കോടി നേടിയതാണ്, കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷത്തെ നേട്ടം. എന്നാല്‍ ഈ വര്‍ഷം കണ്ട ഏറ്റവും നല്ല നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ഷാഫി കബീറിന്റെ റോന്ത് എന്ന ചിത്രത്തിലെ നായകനായ, ദിലീഷ് പോത്തന്‍ തന്നെയാണ്. ന്യൂജന്‍ ലോഹിതദാസ് എന്ന വിശേഷണത്തിന് ഏറെക്കുറെ അര്‍ഹനായ ഒരു ചലച്ചിത്രകാരനാണ് ഷാഫി കബീര്‍. ജോസഫ്, നായാട്ട്, എന്നീ ഇദ്ദേഹമെഴുതിയ രണ്ടു ചിത്രങ്ങള്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യം പരിഹരിക്കുന്നതായിരുന്നു. ക്ലൈമാക്‌സിലെ കല്ലുകടി ഒഴിവാക്കിയിരുന്നെങ്കില്‍ ചിത്രം ഇതിലും എത്രയോ നല്ല പ്രദര്‍ശന വിജയം കൊയ്യുമായിരുന്നു. ദിലീഷ് പോത്തന്‍ എന്ന മലയാള സിനിമയുടെ ഭാവുകത്വം തിരുത്തിയ ന്യൂജെന്‍ സംവിധായകന്റെ ഏറ്റവും മികച്ച അഭിനയ മൂഹൂര്‍ത്തങ്ങളുള്ള സിനിമകൂടിയാണിത്. 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്' എന്ന് ആരാധകര്‍ പറയുന്ന സംവിധാനത്തിലെ മികവ് ശരിക്കും ദിലീഷിന്റെ അഭിനയത്തിലും വരുന്നുണ്ട്്. ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് കേരളത്തിന്റെ എന്‍ട്രിയാണ്, ദിലീഷിന്റെ യോഹന്നാന്‍ എന്ന് നിസ്സംശയം പറയാം.

ഫഹദിനും പ്രൃഥിക്കും ഗ്രഹണം

അതുപോലെ 31കോടി നേടിയ ടൊവീനോയുടെ നരിവേട്ടയും ശ്രദ്ധേയ ചിത്രമാണ്. കഴിഞ്ഞ വര്‍ഷത്തെപോലെ ബോക്‌സോഫീസ് കുലുക്കാന്‍ ഈ വര്‍ഷം ടൊവീനോക്ക് ്കഴിഞ്ഞില്ല. ഐഡന്റിറിറ്റി എന്ന 12 കോടി മുടക്കിയ ടൊവീനോ ചിത്രത്തില്‍ ആകെ 17 കോടി മാത്രമേ ഗ്രോസ് കളക്ഷന്‍ നേടാനായുള്ളൂ. പക്ഷേ ലോകയിലെയും, എമ്പുരാനിലെയും വേഷങ്ങള്‍ ടോവീനോക്ക് ഗുണം ചെയ്തു.

അതുപോലെ പോയവര്‍ഷത്തിലെ ഹിറ്റ്‌മേക്കര്‍ ബേസില്‍ ജോസഫിനും 2025 അത്ര നല്ല വര്‍ഷമല്ല. 24 കോടി നേടിയ മരണമാസ് എന്ന ചിത്രം ബേസിലിന്റെ വിജയചിത്രമാണ്. വലിയ പ്രതീക്ഷയുയര്‍ത്തിയ പ്രാവിന്‍കൂട് ഷാപ്പ് ബോക്‌സോഫീസില്‍ വീണപ്പോള്‍, നല്ല സിനിമയെന്ന് പേരെടുത്തിട്ടും 17.5 കോടിയുടെ കളക്ഷനെ 'പൊന്‍മാന്‍' എന്ന ജി ആര്‍ ഇന്ദുഗോപന്റെ നോവലിനെ ആധാരമാക്കിയെടുത്ത ചിത്രത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ.

നടന്‍ എന്ന നിലയില്‍ പൃഥിരാജ് താഴോട്ടുപോയ വര്‍ഷമായിരുന്നു ഇത്. കൊട്ടിഘോഷിച്ചുവന്ന 'വിലായത്ത് ബുദ്ധ' ഫ്‌ളോപ്പായി. ഇന്‍ഡസ്ട്രിയില്‍ ഹിറ്റായ എമ്പുരാന്റെ സംവിധായകന്‍ എന്ന പദവിയാണ്, 2025-ലെ പൃഥിയുടെ അക്കൗണ്ടിലുള്ളത്. പക്ഷേ അവിടെയും ചിത്രത്തിന്റെ ക്വാളിറ്റിയേക്കാള്‍ വിവാദമാണ് വിജയത്തിന് സഹായിച്ചത് എന്ന വിമര്‍ശനവും ബാക്കിയാവുന്നു. നിവിന്‍പോളിക്കും ഈ വര്‍ഷം ചിത്രങ്ങളുണ്ടായിരുന്നില്ല. നിവിന്റെ വെബ്‌സീരീസ് ഫാര്‍മ ഇപ്പോള്‍ ജിയോ ഹോട്ട്സ്റ്റാറിലുണ്ട്. അതുപോലെ ആഴ്ചക്കാഴ്ചക്ക് പടം ഇറങ്ങുകയും അത് പൊട്ടുകയും ചെയ്യുന്ന പതിവ്, ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോഴും തുടരുകയാണ്. ആവറേജ് കളക്ഷന്‍ നേടിയ ഡിറ്റക്്റ്റീവ് ഉജ്ജ്വലന്‍ മാത്രമാണ് ആശ്വാസമായത്. യാതൊരു ഉത്തരവാദിത്വവുമില്ലാതെ ചവറുപോലെ സിനിമ ചെയ്യുന്ന രീതി ധ്യാന്‍ ഇനിയെങ്കിലും മാറ്റിപ്പിടിക്കണം. വനീത് ശ്രീനിവാസനും ഇത് നല്ല വര്‍ഷമല്ല.

'ഓടും കുതിയ ചാടും കുതിര' എന്ന ഒറ്റ ചിത്രമാണ് ഫഹദ് ഫാസില്‍ ഈ വര്‍ഷം ചെയ്തത്. അതാവട്ടെ വലിയ പരാജയവുമായി. സുരേഷ് ഗോപിയുടെ 'വി ജാനകി വേഴ്സ്സ് ഗവണ്‍മെന്റ് ഒരു കേരള' എന്ന ചിത്രവും പേരുമാറ്റ വിവാദത്തിനപ്പുറം, ചലനങ്ങള്‍ സൃഷ്ടിച്ചില്ല. ദുല്‍ഖര്‍ സല്‍മാന്, ലോകയുടെ നിര്‍മ്മാതാവ് എന്നതാണ് ഈ വര്‍ഷത്തെ മലയാളത്തിലെ നേട്ടം. തമിഴ്ചിത്രം കാന്തയില്‍ ഉഗ്രന്‍ പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവെച്ചത്. നടന്‍ ദിലീപിനെ സംബന്ധിച്ചിടത്തും, നല്ല വര്‍ഷമായിരുന്നില്ല 2025. 26.75 കോടി നേടിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രം വിജയിച്ചെങ്കിലും, തന്റെ പഴയ ജനപ്രിയനായക പദവിയിലേക്ക് എത്തപ്പെടുന്ന ഹിറ്റുകള്‍ ദിലീപിന് ഉണ്ടായില്ല. അവസാനം ഇറങ്ങിയ 'ഭബഭ' എന്ന സിനിമക്കും നിരൂപകരില്‍നിന്ന് മോശം അഭിപ്രായമാണ് ഉണ്ടാവുന്നത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടശേഷം, ഇപ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത് വലിയ തിരിച്ചുവരവിനാണ് ദിലീപ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



 



കുറഞ്ഞ മുടക്കുമുതലില്‍ ഇറങ്ങിയ ചില ചിത്രങ്ങളും വലിയ വിജയം കൊയ്തു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അര്‍ജുന്‍ അശോകന്റെ സുമതി വളവ്. നെഗറ്റീവ് റിവ്യൂകള്‍ക്കിടയിലും ചിത്രം 25 കോടി ഗ്രോസ്് കളക്ഷന്‍ നേടി വിജയ ചിത്രമായി. സന്ദീപ് പ്രദീപ്, ഷറഫുദ്ധീന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പടക്കളം 22 കോടിയും, ഷറഫുദ്ദീന്‍ നായകനായ പെറ്റ് ഡിറ്റക്റ്റീവ് 20 കോടിയും നേടി. നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും മാത്യുവിന്റെ ബ്രോമന്‍സ് 13 കോടി നേടി. കൊച്ചുചിത്രങ്ങള്‍ക്കും മലയാളത്തില്‍ സപേസ് ഉണ്ടെന്ന് ഇത് തെളിയിക്കുന്നു. കൂടാതെ ശരണ്‍ വേണുഗോപാല്‍ ഒരുക്കിയ നാരായണീന്റെ മൂന്നാണ്മക്കള്‍, ആസിഫ് അലിയെ നായകനാക്കി താമര്‍ ഒരുക്കിയ സര്‍ക്കീട്ട്, ദേവദത്ത് ഷാജിയുടെ ധീരന്‍, മൂണ്‍വാക്ക് എന്നീ ചിത്രങ്ങളും നിരൂപക പ്രശംസകള്‍ നേടിയ ചിത്രങ്ങളായിരുന്നു. പക്ഷേ ഇവക്ക് ബോക്‌സോഫീസ് വിജയം ഉറപ്പുവരുത്താനായിട്ടില്ല. നെല്ലിക്കാംപോയില്‍ നൈറ്റ് റൈഡേഴ്‌സ്, അവിഹിതം, ഫെമിനിച്ചി ഫാത്തിമ, എന്നിവയും നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും തീയേറ്ററില്‍ വിജയിച്ചില്ല. പക്ഷേ സാറ്റലൈറ്റ് ഒടിടി വിഹിതം കൂട്ടുമ്പോള്‍ ഇവ ലാഭമാവും.

പക്ഷേ പ്രതീക്ഷ നല്‍കുന്നത് ഒരുപാട് യുവ താരങ്ങളും സംവിധായകരുമാണ്. എക്കോയുടെ എഴുത്തുകാരനും ക്യാമറാനുമായ ബാഹുല്‍ രമേഷ്, സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍, ഡീയസ് ഈറെ സംവിധായകന്‍ രാഹുല്‍ സദാശിവ്, എക്കോയിലും പടക്കളത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച സന്ദീപ്, ലോകയും ആലപ്പുഴ ജിംഖാനയുമായി നസ്ലന്‍, നടി കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഭാവിയുടെ പ്രതീക്ഷകളാണ്. പുതിയ കാലത്തിന് അനുസരിച്ച് മാറുകയാണ് മലയാള സിനിമ.

വാല്‍ക്കഷ്ണം: 64 വയസ്സുള്ള മോഹന്‍ലാലും, 74 മമ്മൂട്ടിയും തന്നെയാണ് ഇപ്പോഴും മലയാള ബോക്‌സോഫീസിലെ താരങ്ങള്‍. ആരൊക്കെ വന്നു, ആരൊക്കെപോയി. നാലുപതിറ്റാണ്ടായി അവര്‍ ഉറച്ചുനില്‍ക്കുന്നു. അതും ഒരു ലോകമഹാത്ഭുതം തന്നെയാണ്.

Tags:    

Similar News