നിവിന്‍ പോളി തുടരും! ഔട്ടാകലിന്റെ വക്കില്‍ നിന്ന് താരത്തിന്റെ അതിശക്തമായ തിരിച്ചുവരവ്; ഒപ്പം തിളങ്ങി അജു വര്‍ഗീസും, നായിക റിയാ ഷിബുവും; ഒരു ക്ലീന്‍ ഫീല്‍ ഗുഡ്മൂവിയുമായി അഖില്‍ സത്യന്‍; തീയേറ്ററില്‍ കൂട്ടച്ചിരിക്കാലം; ക്രിസ്മസ്- ന്യൂഇയര്‍ സിനിമാ വിപണി തൂക്കി 'സര്‍വം മായ'!
ക്രിസ്മസ്- ന്യൂഇയര്‍ സിനിമാ വിപണി തൂക്കി 'സര്‍വം മായ'!
കം ബാക്ക് എന്നാല്‍ ഇതാണ്! ഒരുകാലത്ത് മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്നുവരെ പ്രവചിക്കപ്പെട്ട നിവിന്‍പോളി തുടര്‍ച്ചയായ ടൈപ്പ് വേഷങ്ങളിലിലൂടെ പൊളിഞ്ഞ് ഫീല്‍ഡ് ഔട്ടാകലിന്റെ വക്കിലെത്തിനില്‍ക്കുമ്പോഴാണ്, നമ്മുടെ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ 'സര്‍വം മായ' എന്ന ചിത്രമെത്തുന്നത്. കലാപരമായി അത്രവലിയ മികവ് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും, കൃത്യമായ അളവില്‍ നര്‍മ്മം, വൈകാരികത, പ്രണയം, എന്നിവയൊക്കെ ചേരുമ്പടി ചേര്‍ത്തുകൊണ്ട് ഒരു ക്രിസ്മസ് വെക്കേഷന്‍ കാലത്ത് ആഘോഷിക്കാന്‍ കഴിയുന്ന ഒരു ക്ലീന്‍ ഫീല്‍ ഗുഡ്മൂവിയായി, ചിത്രം തീയേറ്ററുകള്‍ നിറയ്ക്കുകയാണ്.
വിന്റേജ് മോഹന്‍ലാല്‍ എന്നൊക്കെ ആരാധകര്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന 'ആ മോഹന ലാലത്തമുണ്ടല്ലോ', അതുപോലെ നിവന്‍പോളിയെ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ കാണാന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള, വിന്റേജ് മാനറിസങ്ങളോടെ അഖില്‍ സത്യന്‍ തിരിച്ചുകൊണ്ടുവന്നിരിക്കയാണ്. നിവിന്‍ പോളി തുടരും, എന്ന് സ്റ്റാമ്പ് ചെയ്യാവുന്ന ചിത്രമാണിത്. നിവിന്‍ പോളിയുടെയും അജു വര്‍ഗീസിന്റെയും കോമ്പോ വീണ്ടും ക്ലിക്കായി. ഈ ഹിറ്റ് കോമ്പോ ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്.
ഒരു കുളിര്‍തെന്നല്‍ പോലെ ഒരു കഥ
അനൂപ്-അഖില്‍ ഇരട്ട സഹോദരന്മാരുടെ സിനിമകള്‍ വരുമ്പോള്‍, അവരുടെ അച്ഛനായ സത്യന്‍ അന്തിക്കാടുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും താരതമ്യം വരുന്നത്. ഇത് ബാഹ്യമായി ശരിയാണെന്ന് തോന്നും. പലപ്പോഴും ഗ്രാമീണ നന്മ എന്ന ക്ലീഷെയിലാണ്, സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍. നെല്‍പ്പാടങ്ങളും, പുഴയും, കള്ളുചെത്തുകാരനും, നാട്ടിടവഴിയുമൊക്കെയായുള്ള വാര്‍പ്പ് മാതൃകളില്‍നിന്ന് ഇനിയും സത്യന്‍ അന്തിക്കാടിന് മോചനം കിട്ടിയിട്ടില്ലെന്നും, പരീക്ഷണങ്ങള്‍ക്ക് ഒട്ടും വഴങ്ങാത്ത, തീര്‍ത്തും സേഫ് സോണില്‍നിന്ന് സിനിമയെടുക്കുന്ന ആളാണ് സത്യന്‍ എന്നും വിമര്‍ശനങ്ങള്‍ വന്നു. അഖില്‍ സത്യന്റെ 'സര്‍വം മായ' എന്ന ഈ ചിത്രത്തിന്റെ തുടക്കം കണ്ടാല്‍ നമുക്ക് അങ്ങനെ തൊന്നും. പക്ഷേ സിനിമയിലേക്ക് കയറുമ്പോഴാണ്, കഥയുടെ ട്വിസ്റ്റ് അറിയുക.
ഒരു മ്യൂസിക് ട്രൂപ്പില്‍ ഗിറ്റാറിസ്റ്റായ ഇന്ദൂട്ടി എന്ന പ്രഭേന്ദുവാണ് ചിത്രത്തിലെ നായകന്‍. ഒരു വലിയ ഗിറ്റാറിസ്റ്റായി, മാറണമെന്നാണ് അവന്റെ ആഗ്രഹം. ഇന്ദൂട്ടിയൂടെ കുടുംബമാവട്ടെ, ശബരിമല തന്ത്രികുടുംബത്തിന് സമാനമായ ഒരു വലിയ ബ്രാഹ്‌മണ കുടുംബമാണ്. എന്നാല്‍ നിരീശ്വരവാദിയായ പ്രഭേന്ദുവിന് അതൊന്നും ഇഷ്ടമല്ല. അമ്മ മരിച്ചതോടെ, പൂജയുടെയും ഹോമത്തിന്റെയും ലോകത്തുനിന്ന് അവന്‍ സംഗീതത്തിലേക്ക് കൂടുമാറി. അങ്ങനെയിരിക്കയൊണ് ആ മ്യൂസിക്ക് ട്രൂപ്പിന്റെ അമേരിക്കന്‍ പ്രോഗ്രാമില്‍ നിന്ന്, ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രഭേന്ദു ഒഴിവാക്കപ്പെടുന്നത്. മറ്റുള്ളവര്‍ ഇനി ആറുമാസം കഴിഞ്ഞാണ് തിരിച്ചുവരിക. അതുവരെ എന്തുചെയ്യും. കൈയില്‍ പത്തു പൈസയുമില്ല. അങ്ങനെ അയാള്‍ തന്റെ ഗ്രാമത്തിലേക്ക് തിരിക്കയാണ്്.
ഗത്യന്തരമില്ലാതെ അയാള്‍ തന്റെ കസിനും പൂജാരിയുമായ രൂപേഷിന്റെ ( ചിത്രത്തില്‍ അജുവര്‍ഗീസ്) കൂടെ പുജകള്‍ക്ക് അസിസ്റ്റന്റായി പോവുന്നു. ചില പ്രത്യേക സാഹചര്യത്തില്‍, പ്രേതബാധയുണ്ടെന്ന് പറയുന്നവരെ ഒഴിപ്പിക്കേണ്ട അവസ്ഥ അയാള്‍ക്കുണ്ടാവുന്നു. അത് ഒരു വല്ലാത്ത രീതിയില്‍ അയാളുടെ ജീവിതത്തെ മാറ്റിമറിക്കയാണ്. ന്യൂജന്‍ സിനിമകളിലും, പ്രകൃതിപ്പടങ്ങളിലൊന്നും കാണുന്നതുപോലുള്ള യാതൊരു ഗിമ്മിക്കുകളുമില്ലാതെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. ബഹളങ്ങളില്ലാത്ത ശാന്തമായ ഒരു പുഴപോലെയോ, ഒരു കുളിര്‍ തെന്നല്‍പോലെയോ ഉള്ള ഒരു സിനിമ കണ്ടിട്ട് കാലം എത്രയായി!
നിവിന്‍ വീണ്ടും ജനഹൃദയങ്ങളില്‍
'പാച്ചുവും അത്ഭുതവിളക്കും' എന്ന തന്റെ ആദ്യചിത്രത്തില്‍നിന്ന് അഖില്‍ സത്യന്‍ ഒരു ഡയറക്ടര്‍ എന്ന നിലയില്‍ ഏറെ മുന്നേറിയിരിക്കുന്നു. ആ ചിത്രത്തിലും നിവിനാണ് നായകന്‍ ആവേണ്ടിയിരുന്നത്. ഫഹദ് അവസാനം വന്നതാണെന്നാണ് കേട്ടിരുന്നത്. പക്ഷേ ക്വാളിറ്റിവെച്ചുനോക്കുമ്പോള്‍ പാച്ചുവിനേക്കാള്‍ ബഹുദുരം മുന്നിലാണ് ഈ ചിത്രം. ഹൊറര്‍ കോമഡി എന്ന എടുത്തുഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള ഒരു സാധനം എക്സിക്യൂട്ട് ചെയ്യുക അത്ര എളുപ്പമല്ല. എന്നിട്ടും കഥക്ക് കൃത്യമായ ഒരു ലോജിക്കല്‍ ബാലന്‍സ് കൊടുക്കാന്‍ അഖില്‍ സത്യന് കഴിയുന്നുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ പോലെ തന്നെ നടന്‍മാരുടെ പ്രകടനം പരമാവധി ആവശ്യപ്പെടുന്ന ചിത്രമാണിത്. അതില്‍ ഏറ്റവും നന്നായത് നിവിന്‍പോളി തന്നെയാണ്. ചമ്മലും, നൊമ്പരവും, ആക്ഷനും, പ്രണയവും അടങ്ങമുള്ള നിവിന്റെ ഒരുമാതിരി നവരസാഭിനയങ്ങളിലുടെയാണ് ചിത്രം കടന്നുപോവുന്നത്. അജുവുമൊത്തുള്ള പല കോമഡി രംഗങ്ങളിലും തീയേറ്റര്‍ നിറഞ്ഞ് ജനം ചിരിക്കുന്നുണ്ട്. അതുപോലെ ബ്രേക്കപ്പായ തന്റെ സഹപ്രവര്‍ത്തകക്കൊപ്പം, മുംബൈയില്‍ വടാപാവ് തിന്നുമ്പോള്‍, 'വിഷമിക്കേണ്ട ബണ്ണും ചാറും തിന്നോളൂ' എന്ന നിവിന്റെ ഒരു ഡയലോഗില്‍ തീയേറ്റില്‍ കൂട്ടച്ചിരിയാണ്. അടുത്തകാലത്തൊന്നും ഹാസ്യം ഇതുപോലെ വര്‍ക്കായി കണ്ടിട്ടില്ല.
നായകനുമാത്രമല്ലാ, എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ സ്പെയ്സ് നല്‍കിയിട്ടുണ്ട്. നായികയായ ഡെലൂലു ആയി റിയാ ഷിബു ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഡെലൂലു എന്ന പേരുതന്നെ ഒരു സസ്പെന്‍സാണ്. സെക്കന്‍ഡ് ഹീറോയിനായ പ്രീതി മുകുന്ദനും കിടു. രഘുനാഥ് പലേരി അവതരിപ്പിച്ച നായകന്റെ അച്ഛന്‍ കഥാപാത്രവും നന്നായി. അസുഖം കാരണം മലയാള സിനിമയില്‍ ഇപ്പോള്‍ അധികം സജീവമല്ലാത്ത ജനാര്‍ദ്ദനന്‍ പഴയ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ നടിക്കുന്നുണ്ട്. രണ്ട് സീനുകളില്‍ മാത്രംവരുന്ന അല്‍ത്താഫ് സലിമിന്റെ കഥാപാത്രത്തിനുപോലുമുണ്ട് ഒരു വെറൈറ്ററി.
ഒരു കോമേര്‍ഷ്യല്‍ സിനിമ എന്ന നിലയില്‍ വിജയമാണെങ്കിലും പല പതിവ് ചിട്ടവട്ടങ്ങളില്‍നിന്നും ചിത്രം മോചിതമാവുന്നില്ല. അജുവര്‍ഗീസിന്റെ കഥാപാത്രം ആട്ടുകട്ടില്‍പൊട്ടി താഴെവീഴുന്നതും, കഴുത്തില്‍ കോളറിട്ട് വിലപേശുന്നതും പോലുള്ള കണ്ടുമടുത്ത സാധനങ്ങള്‍ ഒഴിവാക്കാമെന്ന് തോന്നി. മോഹന്‍ലാല്‍ -ഫാസില്‍ ടീം മുമ്പ് ഇറക്കിയ 'വിസ്മയത്തുമ്പത്ത്' എന്ന സിനിമയുടെ കഥയോട് ചില സാമ്യങ്ങളും ചിത്രത്തിനുണ്ട്. പക്ഷേ മൊത്തത്തില്‍ നോക്കുമ്പോള്‍, ചിത്രം വിജയമാണ്. ക്രിസ്മസ്- പുതുവത്സരം നിവിന്‍പോളി തൂക്കിയെന്ന് പറയാം.
വാല്‍ക്കഷ്ണം: ഇപ്പോള്‍ ജിയോ ഹോട്ട് സ്റ്റാറില്‍ സംപ്രേഷണം ചെയ്യുന്ന നിവിന്റെ ഫാര്‍മ എന്ന വെബ്സീരീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നിവിന്റെ കം ബാക്ക് വര്‍ഷമാവുകയാണ് 2025. പോയകാല തിരിച്ചടികളില്‍നിന്ന് ഒരു പാഠം പഠിക്കാന്‍ നടന് കഴിയട്ടെ.
