രാജാവിന്റെ മകന്‍ രാജാവാകുന്നു! പ്രണവ് മോഹന്‍ലാലിന്റെ ഉജ്ജ്വല പ്രകടനം; ലോക നിലവാരത്തിലുള്ള മേക്കിങ്ങ്; ക്യാമറയും സൗണ്ടും സൂപ്പര്‍; പകല്‍ വെളിച്ചത്തില്‍ പോലും അരിച്ചെത്തുന്ന ഭീതി; പ്രശ്നം തിരക്കഥയിലെ ലൂപ്പ് ഹോളുകള്‍; ഡീയസ് ഈറേ തീയേറ്ററുകള്‍ നിറയ്ക്കുമ്പോള്‍

Update: 2025-11-03 06:05 GMT

ഭൂതകാലം, ഭ്രമയുഗം... ഈ രണ്ട് ചിത്രങ്ങള്‍ മതി രാഹുല്‍ സദാശിവ് എന്ന ഡയറക്ടറെ മലയാളത്തില്‍ അടയാളപ്പെടുത്താന്‍. ഇപ്പോള്‍ മൂന്നാമത്തെ സിനിമയായ ഡീയസ് ഈറേയിലും, രാഹുല്‍ ഹൊറര്‍ ഴോണര്‍ മാറ്റിപ്പിടിക്കുന്നില്ല. സാവധാനം തുടങ്ങി പതുക്കെ ഭയം നമ്മുടെ മനസ്സിലേക്ക് അങ്ങനെ അരിച്ചരിച്ച് കയറിവരും. എന്താണ് ക്യാമറ, എന്താണ് സൗണ്ട്. ഒരു രക്ഷയുമില്ല. മേക്കിങ്ങ് വെച്ചുനോക്കുമ്പോള്‍, വേള്‍ഡ് ക്ലാസ് എന്ന് പറയാം!

ദോഷൈകദൃക്കുകളായി അറിയപ്പെടുന്ന മലയാളികളെ വെച്ചുനോക്കുമ്പോള്‍ അല്‍പ്പം പണിയുള്ള കാര്യമാണ് ഈ ഹൊറര്‍ മൂഡ്. കാരണം അല്‍പ്പം പാളിയാല്‍ അത് കോമഡിയാവും. പക്ഷേ എപ്പോള്‍ വേണമെങ്കിലും എന്തു സംഭവിക്കാമെന്ന മൂഡ് ചിത്രം മുഴവന്‍ നിലനിര്‍ത്താന്‍ കഴിയുന്നതും, പകല്‍ വെളിച്ചത്തില്‍ പോലും ഭീതി സൃഷ്ടിക്കാന്‍ കഴിയുന്നതും ഒരു വെല്ലുവിളിയാണ്. പ്രതിഭാധനനായ ഒരു ഫിലിം മേക്കറിനേ അത് കഴിയൂ. അവിടെയാണ് രാഹുല്‍ സാദാശിവിന്റെ വിജയം. മലയാളത്തില്‍ നാം കണ്ട ഹൊറര്‍ പാറ്റേണ്‍ സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണിത്. ലിസ തൊട്ട് വിനയന്റെ ആകാശദൂതില്‍വരെ നാം കണ്ടതുപോലെ, അലറുന്ന പ്രേതങ്ങളെ ഇറക്കിയല്ല, നിഴലും വെളിച്ചവും സമന്വയിപ്പിച്ചും, നിശബ്ദതയെ ഉപയോഗിച്ചും, ശബ്ദവിന്യാസങ്ങള്‍കൊണ്ടുമൊക്കെയാണ് ഇവിടെ ഹൊറര്‍ മൂഡ് നിലനിര്‍ത്തുന്നത്. തീര്‍ച്ചയായും വല്ലാത്ത ഒരു സിനിമാറ്റിക്ക് അനുഭവമാണ് അത്. ബോക്സ്ഓഫീസിലും ചിത്രം നല്ല പ്രകടനമാണ് കാഴ്ചവവെക്കുന്നത്. ഡീയസ് ഈറേ തീയേറ്ററുകള്‍ നിറയ്ക്കുകയാണ്.

പ്രണവ് റീലോഡഡ്

ശരിക്കും പ്രണവ് മോഹന്‍ലാലിനെയും റീലോഞ്ച് ചെയ്യുകയാണ് ഈ ചിത്രം. മുമ്പത്തെ മിക്കവേഷങ്ങളിലും ഒരു ഫീല്‍ഗുഡ് പ്രണയ നായകന്റെ വേഷമായിരുന്നു പ്രണവിന്. എന്നാല്‍ ഇവിടെ കെട്ടിലും മട്ടിലും അയാള്‍ മാറുകയാണ്. കാതില്‍ ഒരു ഫാഷന്‍ കടുക്കനിട്ട്, അര്‍ബന്‍ മല്ലു സമ്പന്നപുത്രന്റെ ശരീരഭാഷയുമായി പ്രണവ് എത്തുകയാണ്. ചിത്രത്തില്‍ ഒരുപാട് രംഗങ്ങളിലെ എക്സ്ട്രീം ക്ലോസപ്പില്‍ കാണാം ഈ യുവനടന്റെ പ്രതിഭ. തന്റെ പിതാവ് മോഹന്‍ലാലിനോട് കിടപിടിക്കുന്ന ഫയറുള്ള നടന്‍തന്നെയാണ് അയാള്‍. പക്ഷേ പ്രണവിനെ ആ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എഴുത്തുകാരും സംവിധായകരും നമുക്കില്ല. പക്ഷേ ഈ ചിത്രം ഒരു പ്രതീക്ഷയാണ്. ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രണവ് തെളിയിച്ചിരിക്കയാണ്. രാജാവിന്റെ മകന്‍ ശരിക്കും രാജാവ് ആവുന്നത് ഇപ്പോഴാണ്. ( മലകയറ്റത്തിനും, വിദേശയാത്രകള്‍ക്കുമൊക്കെ അവധികൊടുത്ത്, അഭിനയം എന്ന കരിയറില്‍ ഫോക്കസ് ചെയ്യുകയാണെങ്കില്‍ വേറെ ലെവലില്‍ എത്തേണ്ട നടനാണ് പ്രണവ്. പക്ഷേ അദ്ദേഹത്തിന് ഈ മല്‍സരത്തിലൊന്നും യാതൊരു താല്‍പ്പര്യവുമില്ല. വര്‍ഷത്തില്‍ ഒരു സിനിമ ചെയ്താലായി. വാട്ട് എ മാന്‍!)

റോഹന്‍ എന്ന ആര്‍ക്കിടെക്റ്റായാണ് പ്രണവ് 'ഡീയസ് ഈറേ'യില്‍ എത്തുന്നത്. ഒരു അതിസമ്പന്നന്‍. യുഎസില്‍നിന്ന് നാട്ടില്‍ എത്തിയ അയാള്‍ പാര്‍ട്ടിയും, കറക്കവുമൊക്കെയായി ജീവിതം ആഘോഷമാക്കുകയാണ്. അങ്ങനെയിരിക്കെയാണ് ക്ലാസ്മേറ്റായ കനി എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയുടെ വാര്‍ത്ത അറിയുന്നത്. അങ്ങനെ കനിയുടെ വീട്ടിലെത്തുന്ന അയാള്‍ക്ക് പിന്നീട് വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടാവുന്നത്. തന്റെ ജീവിത്തെ കീഴ്‌മേല്‍ മറിച്ച സംഭവങ്ങളെ നേരിടുന്ന റോഹനാണ് പിന്നീട് ചിത്രത്തിലുള്ളത്. പ്രണവ് കഴിഞ്ഞാല്‍ ചിത്രത്തില്‍ മുഴനീളത്തില്‍ ഒപ്പമുള്ളത് ജിബിന്‍ ഗോപിനാഥാണ്. മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രമായി ഈ നടന്റെ കൈയടക്കം ഗംഭീരമാണ്. അണ്ടര്‍പ്ലേ എന്ന് പറയുന്നത് കൃത്യമായ ഉദാഹരണം. ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍, മനോഹരി ജോയ്, സ്വാതി ദാസ് പ്രഭു, ഷൈന്‍ ടോം ചാക്കോ, എന്നിവങ്ങനെ ഏതാനും നടീനടന്‍മ്മാര്‍ മാത്രമാണ്, വെറും രണ്ടുമണിക്കുര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലുള്ളത്. ഇതില്‍ ജയകുറുപ്പ് ഞെട്ടിക്കുന്നുണ്ട്. അവരുടെ കരിയര്‍ ബെസ്റ്റാണ് ഈ ചിത്രം. കിരണ്‍ എന്ന കഥാപാത്രമായി അരുണ്‍ അജികുമാറും ഗംഭീരമായി.

മ്യൂസിക്കാണ് ഈ പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതം ഒരു രക്ഷയുമില്ല. മണിച്ചിത്രത്താഴില്‍, ജോണ്‍സണ്‍മാഷ്് ഒരു വയലിന്‍ കൊണ്ട് ഭീതി ഉണ്ടാക്കിയെങ്കില്‍, ഇവിടെ സൈലന്‍സുകൊണ്ടുപോലും, ക്രിസ്റ്റോ പേടിപ്പിക്കുന്നു. അതുപോലെ ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം. ഒരു ഇംഗ്ലീഷ് സിനിമയുടെ നിലവാരമുണ്ട്. ഒരിടത്തും ചിത്രം ബോറടിപ്പിക്കുന്നില്ല. രണ്ടാംപകുതി അവസാനിക്കുന്നിടത്തൊക്കെ പ്രേക്ഷകനെ ഞെട്ടിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. നായകനിലെന്നപോലെ, പ്രേക്ഷകന്റെ മനസിലും ചില ചോദ്യങ്ങള്‍ അവസാനിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. പക്ഷേ ഇവിടെയാണ് ഈ ലേഖകന് അഭിപ്രായ വ്യത്യാസമുള്ളത്. പാതിമുറിഞ്ഞപോലെ സമസ്യകള്‍ ഒന്നും പൂരിപ്പിക്കാതെയാണ് ചിത്രം അവസാനിക്കുന്നത്. രാഹുല്‍ സദാശിവ് എഴുതിയ തിരക്കഥയിലെ പ്രധാന ദൗര്‍ബല്യവും അതുതന്നെ.

ബാക്കിയാവുന്നത് ഒരുപാട് സംശയങ്ങള്‍

ഒരു പ്രേത കഥയില്‍ ലോജിക്കിന് എന്താണ് പ്രസക്തിയെന്ന് പെട്ടെന്ന് തോന്നും. പക്ഷേ വിദേശ സിനിമകള്‍ നോക്കു, അവിടെ അവര്‍ അതിനും കൃതമായ ഒരു യുക്തിഭദ്രത ഉണ്ടാക്കുന്നുണ്ട്. ഇവിടെ ഒരുപാട് സംശയങ്ങള്‍ ബാക്കിവെച്ച്, പാതിവെച്ച് മുറഞ്ഞുപോയപോലെയാണ്, ചിത്രം അവസാനിക്കുന്നത്. അതില്‍ ചിലതെങ്കിലും സ്പോയിലര്‍ ആവുമെന്ന് കരുതി പറയാതിരിക്കാന്‍ കഴിയില്ല.

ഒന്നാമത് ഈ പ്രേതം എന്തിനാണ് പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രമായ റോഹനെ ഉപദ്രവിക്കുന്നത് എന്ന് കൃത്യമായി പറയാന്‍ സംവിധായകന് കഴിയുന്നില്ല. ഇനി റോഹന്റെ കാര്യംപോട്ടെ, കനി എന്ന കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെ, (അയാള്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി കാണിക്കുന്നില്ല) മറ്റൊരു പ്രേതം, അതിക്രൂരമായി ആക്രമിക്കുന്നുണ്ട്. ഇത് എന്തിനാണ്? ചില മനുഷ്യരെപ്പോലെ വെറുതെ ഉപദ്രവിക്കുന്ന സൈക്കോകള്‍ ആണോ പ്രേതങ്ങളും! ഇനി എന്തിനാണ് കനിയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്? കനിയുമായി വണ്‍സൈഡ് ലൗ ഉണ്ടായിരുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രം എങ്ങനെയാണ് മരിച്ചത്?

ഇനി മരിച്ച ഒരു മനുഷ്യന്റെ ശവ ശരീരം ഒരു കൊച്ചുവീട്ടില്‍ സൂക്ഷിക്കാന്‍ കഴിയുമോ? പല ഫോറന്‍സിക്ക് വിദഗ്ധരും പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ ദുര്‍ഗന്ധം മനുഷ്യ ശരീരം അഴുകുമ്പോഴാണെന്നാണ്. നാറിയിട്ട് ഏഴയലത്ത് നില്‍ക്കാന്‍ കഴിയില്ല. അവിടെയൊണ്, ലാഘവ ബുദ്ധിയോടെ ഇത്തരം സീനുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. പ്രത്യേകിച്ച് എന്തും തലനാരിഴകീറി വിലയിരുത്തുന്ന മലയാളി ഓഡിയന്‍സിന് മുന്നില്‍. കേരളത്തില്‍ ഒരു വീടിന് തീപിടിച്ചാല്‍ എത്രപേര്‍ ഓടിക്കൂടും. എന്നാല്‍ രാഹുല്‍ സദാശിവ് സൃഷ്ടിച്ച ഈ വെള്ളരിക്കാപ്പട്ടണത്തിലെ തീപിടുത്തതില്‍ ആരും വരില്ല. നായകനും സഹായിക്കും കത്തുന്ന വീടും നോക്കി സിഗരറ്റുവലിക്കാം!

ഇങ്ങനെ നോക്കുമ്പോള്‍ യുക്തിരാഹിത്യങ്ങളുടെ ആറാട്ടാണ് പലയിടത്തും. നിങ്ങള്‍ വിദേശ ക്ലാസിക്ക് ഹൊറര്‍ മൂവീസ് എടുത്തുനോക്കൂ. ഒരിടത്തും ഇത്തരം ലോജിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. അതുപോലെ ഒരിക്കല്‍ അതിഭീകരമായി പ്രേതത്താല്‍ ആക്രമിക്കപ്പെട്ടിട്ടും, ഒറ്റക്ക് തന്റെ വലിയ വീട്ടില്‍ വീണ്ടും താമസിക്കയാണ് റോഹന്‍. ചിത്രം കഴിഞ്ഞപ്പോളും പ്രേക്ഷകനെ പൊട്ടനാക്കിയ ഫീലാണ് തോന്നുന്നത്. ഇനി ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടോ. അവിടെയാണോ ഈ കാര്യങ്ങളൊക്കെ വിശദീകരിക്കുന്നത്. ഇങ്ങനെ ഒന്നും വ്യക്തമല്ലാതെയാണ് ചിത്രം അവസാനിക്കുന്നത്.

തീര്‍ച്ചയായും സ്പൂണ്‍ ഫീഡിങ്ങ് എന്നത് ആധുനിക സിനിമാ സങ്കേതങ്ങള്‍ പ്രകാരം ആവശ്യമുള്ള കാര്യമല്ല. പ്രേക്ഷകര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം പൂരിപ്പിക്കാവുന്ന ബൗദ്ധിക വ്യായാമങ്ങള്‍പോലുള്ള സിനിമകള്‍ ധാരാളമുണ്ട്. ജിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' മലയാളത്തിലെ ഉദാഹരണം. പക്ഷേ, അടിസ്ഥാനമായി കഥയില്‍ ലൂപ്പ് ഹോള്‍ ഉണ്ടാവരുത്. ഹിച്ച്്കോക്ക് തൊട്ടുള്ള ആചാര്യന്‍മ്മാരുടെ പടങ്ങള്‍ തെളിയിക്കുന്നത് അതാണ്. ഹിച്ച്കോക്കിന്റെ തിയറി പ്രകാരം തുടക്കത്തില്‍ ഒരു മുഴുവിനെ ഫോക്കസ് ചെയ്ത് ചിത്രത്തില്‍ കാണിച്ചാല്‍പോലും അതിന്റെ ഒരു ലോജിക്കല്‍ ഡീറ്റേയിലിങ്് പിന്നീട് കിട്ടണം എന്നാണ്. അതല്ലാതെ പരസ്പരം ബന്ധം തോന്നാത്ത എന്തെങ്കിലും എടുത്തുവെക്കുന്നതല്ല സിനിമ. അത് തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചമുള്ള സങ്കേതങ്ങളെക്കുറിച്ചുള്ള അജ്ഞതയില്‍നിന്ന് ഉണ്ടാവുന്നതാണ്. ഒരാള്‍ വെള്ളം ചൂടാക്കുന്നതും, വെള്ളം തിളക്കുന്നതും അപ്പോള്‍ ചില ഞെട്ടിക്കുന്ന ശബ്ദങ്ങള്‍ ഉണ്ടാവുന്നതുമെല്ലാം, അവസാനം വെള്ളം പൊട്ടിത്തെറിച്ച് മരിക്കുന്നതുമൊക്കെ നിങ്ങള്‍ക്ക് മനോഹരമായി ചിത്രീകരിക്കാം. പക്ഷേ അതിന് കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ കഴിഞ്ഞാലെ അത് ഫീച്ചര്‍ ഫിലിം ആവു. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ വലിയ പരാജയമാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഇത്രയും മനോഹമായി, ലോക നിലവാരത്തില്‍ ഫ്രെയിം സെറ്റ് ചെയ്യാന്‍ കഴിയുന്ന രാഹുല്‍ സദാശിവ്, തിരക്കഥയില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, ഡീയസ് ഈറേ എത്ര ഗംഭീരമായി മാറുമായിരുന്നു!

വാല്‍ക്ക്ഷണം: ഡീയസ് ഈറേ എന്ന പേരും പുതുമയുള്ളതാണ്. റോമന്‍ കത്തോലിക്കര്‍ മരിച്ചവര്‍ക്ക് വേണ്ടി നടത്തുന്ന കുര്‍ബാനയില്‍ പാടിയിരുന്ന ഒരു ലത്തീന്‍ ഗീതമാണ് ഡീയസ് ഈറേയെന്ന് എ ഐ പറയുന്നു. അന്ത്യ ദിനം എന്നര്‍ഥം. അന്ന് ദൈവം ആത്മാക്കളെ വിളിച്ചുവരുത്തുകയും, നന്മചെയ്തവര്‍ മോചിപ്പിക്കപ്പെടുകയും അല്ലാത്തവര്‍ നിത്യമായ അഗ്നിജ്വാലകളിലേക്ക് എറിയപ്പെടുകയും ചെയ്യുന്നുവെന്ന് സങ്കല്‍പം.

Tags:    

Similar News