ദൂല്‍ഖര്‍ ദ മാന്‍... ശരിക്കും നടിപ്പിന്‍ ചക്രവർത്തി! ഇരുവറിലെ മോഹല്‍ലാലിനെ ഓര്‍മ്മപ്പിക്കുന്ന ക്ലാസിക്ക് പ്രകടനം; കട്ടയ്ക്ക് മുട്ടി സമുദ്രക്കനിയും; ഭാഗ്യശ്രീ ബോര്‍സെയുടെയും കരിയര്‍ ബെസ്റ്റ്; പ്രശ്നം ക്രിഞ്ചടിപ്പിച്ച അവസാനത്തെ 20 മിനുട്ട്; ക്ലൈമാക്സും പാളി; എങ്കിലും കാന്ത കണ്ടിരിക്കേണ്ട ചിത്രം

Update: 2025-11-16 08:26 GMT

ണിരത്്നത്തിന്റെ 'ഇരുവറിലെ' മോഹന്‍ലാലിന്റെ പ്രകടനം ഓര്‍മ്മയില്ലേ. ശരിക്കും ക്ലാസിക്ക് എന്ന് വിളിക്കാവുന്ന, ഒരു തരം പകര്‍ന്നാട്ടം. ദുല്‍ഖര്‍ സല്‍മാന്റെ ഇരുവരാണ് ഇപ്പോള്‍ ഇറങ്ങിയ കാന്ത എന്ന തമിഴ്ച ചിത്രം. എന്താ ഒരു പെര്‍ഫോമന്‍സ്. കാന്തയില്‍ വിശേഷിപ്പിക്കപ്പെടുന്നതുപോലെ ശരിക്കും 'നടിപ്പിന്‍ ചക്രവര്‍ത്തി'.

തിരുച്ചെങ്കോട് കാളിദാസ് മഹാദേവന്‍ എന്ന ടി.കെ. മഹാദേവന്‍ എന്ന മഹാനടനായി ചിത്രത്തിലങ്ങോട്ട് ദുല്‍ഖര്‍ നിറഞ്ഞാടുകയാണ്. ദുല്‍ഖര്‍ മാത്രമല്ല, നായിക ഭാഗ്യശ്രീ ബോര്‍സെയും നമ്മുടെ സമുദ്രക്കനിയും, തമിഴിലും, ബാഹുബലിയിലെ ബല്ലാല്‍ ദേവനായി വന്ന റാണ ദുഗബട്ടി അടക്കമുള്ളവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമാണിത്. പെര്‍ഫോമെന്‍സ് വെച്ച്, ബില്‍ഡ് ചെയ്ത് എടുക്കേണ്ട ഇതുപോലെ ഒരു സിനിമ അടുത്തകാലത്തൊന്നും വന്നിട്ടില്ല. പലയിടത്തും ദൂല്‍ഖറും സമുദ്രക്കനിയും തമ്മിലുള്ള അഭിനയമത്സരമാണോ ഇത് എന്നും തോന്നിപ്പോവും! 2025 ലെ ദേശീയ പുരസ്‌കാരത്തിന് മത്സരിക്കാന്‍ കാന്തയിലെ ദുല്‍ഖറിന്റെ മഹാദേവന്‍ എന്തു കൊണ്ടും യോഗ്യനാണെന്ന് നിസ്സംശയം പറയാം.

സിനിമക്കുള്ളിലെ സിനിമ

കഥയിലേക്ക് വന്നാല്‍, 40കളിലെ തമിഴ്സിനിമയുടെ തുടക്കകാലമാണ്. തിരുച്ചെങ്കോട് കാളിദാസ് മഹാദേവന്‍ എന്ന ടി.കെ. മഹാദേവന്‍ എന്ന നടന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ സൂപ്പര്‍ താരമായാണ് ദുല്‍ഖര്‍ എത്തുന്നത്. ഒരു അനാഥ പയ്യനായി നാടകത്തില്‍ അഭിനയിച്ചിരുന്ന അയാളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്നത്, ഏവരും 'അയ്യാ' ബഹുമാനത്തോടെ വിളിക്കുന്ന സംവിധായകനാണ്. ഈ അയ്യായുടെ വേഷമാണ് സമുദ്രക്കനി ചെയ്യുന്നത്. ഇപ്പോള്‍ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ബദ്ധ ശത്രുക്കളാണ്. കടുത്ത ഈഗോയാണ് അവര്‍ തമ്മില്‍. അതിനിടെ 12വര്‍ഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്നു. അപ്പോഴും പ്രശ്നമാവുന്നത് ഈഗോയാണ്. സംവിധായകനും സൂപ്പര്‍താരവും തമ്മിലുള്ള സംഘര്‍ഷങ്ങളും അതിനുള്ള കാരണങ്ങള്‍ പറയുന്നു സിനിമക്കുള്ളിലെ സിനിമയുമായി അതിരസകരമായാണ് ചിത്രത്തിന്റെ ആദ്യപകുതി മുന്നേറുന്നത്.

അവര്‍ എടുക്കുന്ന സിനിമയിലെ നായികയായ കുമാരിയായാണ്, ഭാഗ്യശ്രീ ബോര്‍സെ എത്തുന്നത്. ആദ്യം താരജാടയും ഈഗോയുമുള്ള നായകന്റെ പെരുമാറ്റവും ഗുരുവിനോടുള്ള അയാളുടെ സമീപനവും മൂലം അസ്വസ്ഥതയുള്ള നായിക ക്രമേണെ അയാളുടെ മഹാനടനെ അറിയുന്നതോടെ അടുക്കുന്നു. തുടര്‍ന്ന് ഈ സിനിമാ സെറ്റില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് കാന്തയുടെ കാതല്‍. ഇനിയങ്ങോട്ട് പറഞ്ഞാല്‍ അത് സ്പോയിലര്‍ ആവും. അങ്ങേയറ്റം എന്‍ഗേജിങ്ങാണ് ചിത്രത്തിന്റെ ആദ്യപകുതി.

രണ്ട് കലാകാരന്മാര്‍ തമ്മിലുള്ള ഈഗോ ക്ലാഷിനൊപ്പം പ്രണയത്തിന്റെയും വഞ്ചനയുടേയും ദുരൂഹതയുടേയും ട്രാക്ക് കൂടി ആസ്വാദകന് മുന്നിലെത്തുന്നുണ്ട്. ഡയറക്ടര്‍ സെല്‍വമണി സെല്‍വരാജ് പണിയറിയുന്ന പ്രതിഭയാണ്. രണ്ടാം പകുതിയില്‍ ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാവുന്നു. അവിടെയാണ് വെടിക്കെട്ട് പ്രകടനവുമായി നമ്മുടെ ബല്ലാള്‍ദേവന്‍ എത്തുന്നത്. ദുല്‍ഖറും, ഭാഗ്യശ്രീ ബോര്‍സെയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ക്കുമുണ്ട് വല്ലാത്ത ചാരുത. ജെയ്ക് ബിജോയിയുടെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ തിരക്കഥയുടെ പിരിമുറുക്കം അനുഭവിപ്പിക്കുന്നതാണ്. ക്യാമറയടക്കമുള്ള സകല ഡിപ്പാര്‍ട്ടുമെന്റുകളും ചിത്രത്തില്‍ നന്നായിട്ടുണ്ട്.

പാളിയത് ക്ലൈമാക്സ് അടുപ്പിച്ച്

പക്ഷേ ചിത്രം പൊട്ടിപ്പോവുന്നത് അവസാനത്തെ അരമണിക്കൂറിലാണ്. അവിടെ പലപ്പോഴും ക്രിഞ്ച് എന്ന ന്യൂജന്‍ വിശേഷിപ്പിക്കുന്ന മോഡലിലേക്ക് ചിത്രം മാറുകയാണ്. ക്ലൈമാക്സും ദുര്‍ബലമായിപ്പോയി. അത്രയും നേരെ വെള്ളം കോരി വെറുതെ കലമുടച്ചതുപോലെ തോന്നി. പല രംഗങ്ങളിലും ആവര്‍ത്തനം അനുഭവപ്പെടുന്നു. അതുപോലെ രണ്ടുമണിക്കൂര്‍ 45 മനിട്ടുള്ള ദൈര്‍ഘ്യവും കുറയ്ക്കാമായിരുന്നു.

ഇത് ഒന്ന് ശരിയാക്കിയിരുന്നെങ്കില്‍ അടുത്തകാലത്തുകണ്ട എറ്റവും നല്ല ചലച്ചിത്രാനുഭവമായി ഈ പടം മാറിയേനെ. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍താരം എം.കെ.ടി. എന്ന മായാവാരം കൃഷ്ണസാമി ത്യാഗരാജ ഭാഗവതരുടെ കഥയാണ് ഇതെന്ന് നേരത്തെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പക്ഷേ പുര്‍ണ്ണമായും അങ്ങനെയല്ല. ചില റഫറന്‍സുകള്‍ ഉണ്ട്. ഒരു സിനിമാ മാധ്യമ പ്രവര്‍ത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് ജയിലിയായി സ്റ്റാര്‍ ഡം നഷ്ടപ്പെട്ട കൃഷ്ണസാമി ത്യാഗരാജ ഭാഗവതരെ പലയിടത്തും ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭാഗവതര് അറിയപ്പെട്ടിരുന്നത് എം.കെ.ടി എന്നാണെങ്കില്‍ ഈ അക്ഷരങ്ങള്‍ തിരിച്ചിട്ടാല്‍ കിട്ടുന്ന ടി.കെ.എം എന്നാണ് കാന്തയിലെ നായകന്‍ അറിയപ്പെടുന്നത്.

പക്ഷേ വിമര്‍ശനങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും, വ്യത്യസ്തമായ സിനിമയെ സ്്നേഹിക്കുന്നവര്‍ നിര്‍ബന്ധമായും കാണേണ്ട ചിത്രമാണ് കാന്ത.പക്ഷേ, പലനേരങ്ങളിലും ചിത്രം ഒരു ഷേക്സ്പിയറിയന്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പലവുരു പറഞ്ഞ വിഷയമാണ് സിനിമയ്ക്കുള്ളിലെ സിനിമ. അക്കൂട്ടത്തിലേക്കുവന്ന വ്യത്യസ്തമായ ഒരു ശ്രമമാണ് കാന്ത. സിനിമാലൊക്കേഷനില്‍ കഥ നടക്കുന്നുണ്ടെങ്കിലും അതിലുപരി പ്രധാന കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് കാന്ത. പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം ഒന്നിലേറെ ഷെയ്ഡുകളുണ്ട് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.

വാല്‍ക്കഷ്ണം: ഇന്ന് തെലുങ്കിലും തമിഴിലും അടക്കമുള്ള അന്യഭാഷകളില്‍ ഏറ്റവും മാര്‍ക്കറ്റുള്ള നടനാണ് ദുല്‍ഖര്‍. സീതാരാമും, ലക്കി ഭാസ്‌ക്കറുമൊക്കെ തെലുങ്കില്‍ വലിയ വിജയമായിരുന്നു. അതുപോലെ മഹാനടി എന്ന ചിത്രവും. ഇതില്‍ ജെമിനി ഗണേശന്റെ റോളില്‍ വന്ന് നേരത്തെ ദൂല്‍ഖര്‍ ഞെട്ടിച്ചിരുന്നു. അതിന്റെ തുടര്‍ച്ചപോലെതോന്നി കാന്ത.

Tags:    

Similar News