ടെഹ്‌റാനും വാഷിംഗ്ടണിനും ഇടയിലുള്ള 'സമാധാന ദൂതന്‍'; എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്റെ പങ്കാളി; മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ പ്രധാന യുദ്ധവിമാന താവളങ്ങളോ ആക്രമണ കേന്ദ്രങ്ങളോ ആ മണ്ണില്‍ ഇല്ല; പശ്ചിമേഷ്യ കത്തുമ്പോഴും കുലുങ്ങാതെ ഒമാന്‍; ഗള്‍ഫിലെ മിസൈല്‍ മഴയ്ക്കിടയിലും സുരക്ഷിതമായി മസ്‌കറ്റ്; എന്താണ് ഒമാന്റെ രഹസ്യം?
മസ്‌കറ്റ്: പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും അറബ് ലോകത്തെ 'സമാധാന തുരുത്തായി' ഒമാന്‍ നിലകൊള്ളുന്നു. ശനിയാഴ്ച പുലര്‍ച്ചെ ദുബായ് മുതല്‍ ദോഹ വരെയുള്ള നഗരങ്ങള്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ നടുങ്ങിയപ്പോഴും ഒമാന്‍ ആകാശത്ത് അപായ സൈറണുകള്‍ മുഴങ്ങിയില്ല. അയല്‍രാജ്യങ്ങളെല്ലാം യുദ്ധഭീതിയിലാഴുമ്പോള്‍ ഒമാന്‍ മാത്രം എങ്ങനെ സുരക്ഷിതമായിരിക്കുന്നു എന്നത് രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. യുദ്ധവിമാനങ്ങളും മിസൈലുകളും ഗള്‍ഫ് ആകാശത്ത് തീമഴ പെയ്യിക്കുമ്പോഴും, നയതന്ത്രത്തിന്റെയും സമാധാനത്തിന്റെയും കരുത്തില്‍ ഒമാന്‍ സുരക്ഷിതമായി തുടരുന്നു.
ഇറാനും ഒമാനും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1970-കളിലെ ധോഫാര്‍ കലാപം അടിച്ചമര്‍ത്താന്‍ ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിനെ സഹായിക്കാന്‍ ഇറാന്‍ ആയിരക്കണക്കിന് സൈനികരെ അയച്ചിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷവും ഈ സുരക്ഷാ ബന്ധം തകരാതെ കാക്കാന്‍ ഒമാന് സാധിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെ സംശയത്തോടെ നോക്കിയപ്പോഴും മസ്‌കറ്റ് സൗഹൃദത്തിന്റെ വാതില്‍ തുറന്നിട്ടു.
ഏതെങ്കിലും ഒരു പക്ഷത്ത് ചേരാത്ത നിഷ്പക്ഷ നയമാണ് ഒമാനെ വേറിട്ടു നിര്‍ത്തുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ അംഗമാണെങ്കിലും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇറാന്‍ വിരുദ്ധ ബ്ലോക്കുകളില്‍ പൂര്‍ണ്ണമായി ചേരാന്‍ ഒമാന്‍ തയ്യാറായിട്ടില്ല. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന ഒമാന്റെ ഈ 'നിഷ്പക്ഷ നയതന്ത്രം' അവര്‍ക്ക് ഒരു കവചമായി മാറുന്നു. 2015-ലെ ഇറാന്‍ ആണവ കരാറിന് വഴിയൊരുക്കിയ രഹസ്യ ചര്‍ച്ചകള്‍ നടന്നതും ഒമാനിലായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനും ഒമാനും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. രാജ്യാന്തര വ്യാപാരത്തിന് ഈ പ്രദേശം സുരക്ഷിതമായിരിക്കേണ്ടത് ഇറാന്റെയും ആവശ്യമാണ്. അതിനാല്‍ ഒമാനെ ആക്രമിക്കുന്നത് ഇറാന് വലിയ സാമ്പത്തിക-തന്ത്രപരമായ തിരിച്ചടിയുണ്ടാക്കും. ഇറാന്‍-ഒമാന്‍ ഗ്യാസ് പൈപ്പ്ലൈന്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഉപരോധങ്ങള്‍ക്കിടയില്‍ ഇറാന് ആഗോള വിപണിയിലേക്കുള്ള ഒരു ജാലകമാണ് ഒമാന്‍. ടൂറിസം, ഷിപ്പിംഗ് മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളെയും പരസ്പരം ആശ്രയിക്കുന്നവരാക്കി മാറ്റുന്നു.
'നമ്മുടെ വിദേശനയം എല്ലാവര്‍ക്കും അറിയാവുന്നതാണ്; നമ്മള്‍ എപ്പോഴും നീതിക്കും സൗഹൃദത്തിനും സമാധാനത്തിനുമൊപ്പമാണ്,' എന്ന അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ വാക്കുകള്‍ ഒമാന്‍ ഇന്നും മുറുകെ പിടിക്കുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ പ്രധാന യുദ്ധവിമാന താവളങ്ങളോ ആക്രമണ കേന്ദ്രങ്ങളോ ഒമാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്നില്ല. അമേരിക്കയ്ക്ക് ഒമാനി സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും, അത് കേവലം ചരക്ക് നീക്കങ്ങള്‍ക്കും ലോജിസ്റ്റിക്സ് ആവശ്യങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഇറാനെ സംബന്ധിച്ചിടത്തോളം ഒമാനെ ഒരു ഭീഷണിയല്ലാതാക്കുന്നു.
ടെഹ്‌റാനും വാഷിംഗ്ടണിനും ഇടയിലുള്ള 'സമാധാന ദൂതനാ'യാണ് ഒമാന്‍ എന്നും അറിയപ്പെടുന്നത്. ആക്രമണം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലും ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി ചര്‍ച്ച നടത്തിയിരുന്നു. ആണവ ചര്‍ച്ചകളില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടായെന്ന് ഒമാന്‍ പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷമായ പല ചര്‍ച്ചകള്‍ക്കും വേദിയാകുന്നത് മസ്‌കറ്റാണ്. ഒരു മധ്യസ്ഥനെന്ന നിലയിലുള്ള ഒമാന്റെ സ്ഥാനം ഇറാന് എന്നും ആശ്വാസകരമാണ്. അതുകൊണ്ട് തന്നെ മറ്റ് ജിസിസി രാജ്യങ്ങളെ ലക്ഷ്യമിട്ടപ്പോഴും ഒമാനെതിരെ ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാന്‍ ഇറാന്‍ മുതിര്‍ന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
