ട്വിസ്റ്റുകള്‍ക്ക് വേണ്ടിയുണ്ടാക്കിയ ട്വിസ്റ്റുകള്‍; വ്യത്യസ്തനായി ആസിഫലി; ആവറേജില്‍ അപര്‍ണ്ണ; ജീത്തു ജോസഫ് ചിത്രം മിറാഷില്‍ നിരാശ ബാക്കി; മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ രാജാവിനും പിഴക്കുന്നോ?
ട്വിസ്റ്റുകള്‍ക്ക് വേണ്ടിയുണ്ടാക്കിയ ട്വിസ്റ്റുകള്‍; വ്യത്യസ്തനായി ആസിഫലി
പണ്ട് ഐ വി ശശി, ജോഷി എന്നൊക്ക സ്‌ക്രീനില്‍ എഴുതിക്കാണിക്കുമ്പോള്‍ ഉയരുന്ന വലിയ കൈയടികള്‍ ഓര്‍മ്മയില്ലേ? താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ സിനിമ ഓര്‍മ്മിക്കപ്പെടുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഭാഗ്യം, ആധുനികകാലത്ത് കിട്ടിയ ഡയറക്ടര്‍മാരില്‍ ഒരാളാണ് ജീത്തു ജോസഫ്. അത് കേവലമായ ഭാഗ്യം കൊണ്ട് വന്നതല്ല. ലോകത്തിലെ ഒരു ഡസനിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ദൃശ്യം സീരീസ് അടക്കമുള്ള സിനിമകള്‍ വഴി അയാള്‍ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ്.
മെമ്മറീസും, നേരുമൊക്കെയെടുത്ത ഈ സംവിധായകന്‍ മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ രാജാവായാണ് അറിയപ്പെടുന്നത്. ആ ജീത്തുജോസഫിന്റെ സിനിമയായതുകൊണ്ട് മാത്രമാണ്, ഈ ലേഖകനൊക്കെ മിറാഷ് എന്ന പുതിയ ചിത്രത്തിന് കയറിയത്. പക്ഷേ 'ജോഷി വീണ്ടും ചതിച്ചാശാനെ' എന്ന് പറഞ്ഞതുപോലെ ജീത്തു ചതിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പടം കൊള്ളില്ല.
ഇത് ഒരു ട്വിസ്റ്റര്‍ സിനിമ
കോയമ്പത്തൂര്‍ പശ്ചാത്തലമാക്കിയാണ് മിറാഷിന്റെ കഥ വികസിക്കുന്നത്. ചിത്രത്തിലെ സംഭാഷണങ്ങളില്‍ ഏറെ സമയവും തമിഴുണ്ട്. ( കഥ കോയമ്പത്തൂരില്‍ നടക്കേണ്ട പ്രത്യേക സാഹചര്യമൊന്നുമില്ല. എവിടെയും നടക്കാവുന്നതാണ്. ഇനി 'മഞ്ഞുമ്മല്‍ ബോയ്സ്' മോഡലില്‍ മലയാളം - തമിഴ് ഡ്യൂയല്‍ ഓഡിയന്‍സിനെ പ്രതീക്ഷിച്ചാണോ എന്ന് അറിയില്ല) ഒരു ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരായ കിരണും (ഹക്കീം ഷാജഹാന്‍) അഭിരാമിയും ( അപര്‍ണ്ണബാലമുരളി) വിവാഹിതരാകാന്‍ ഒരുങ്ങുന്നതിനിടെ, ഒരു ദിവസം കിരണിനെ കാണാതാകുന്നു. ഒന്നും പറയാതെപോയ കിരണ്‍ ഒരു ട്രെയിന്‍ അപകടത്തില്‍ മരിച്ചുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് അഭിരാമിയില്‍ സംശയങ്ങള്‍ ഉണ്ടാക്കുകയും, കിരണിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ഇന്‍വെസ്റ്റിഗേറ്റീവ് യുടൂ്യൂബറയായ അശ്വിനെ ( ആസിഫ് അലി) കണ്ടുമുട്ടുകയും ചെയ്യുന്നു. കിരണിന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള യാത്രയാണ് സത്യത്തില്‍ മിറാഷ്.
സിനിമക്ക് മിറാഷ് എന്ന പേരല്ല ട്വിസ്റ്റര്‍ എന്ന പേരായിരുന്നു കൂടുതല്‍ യോജിക്കുന്നത്. അടിമുടി ട്വിസ്റ്റുകളാണ് ചിത്രത്തില്‍. അതുതന്നെയാണ് ഈ പടത്തിന്റെ പ്രധാന ദൗര്‍ബല്യവും. സ്വാഭാവികമായി ഉണ്ടായ ട്വിസ്റ്റല്ല ഇതൊന്നും. തിരക്കഥയില്‍ ആദ്യമേ തന്നെ ഒരു ടെപ്ലേറ്റ് സെറ്റ് ചെയ്തുവെക്കുന്നു. മരീചിക പോലെയുള്ള കഥാപാത്രങ്ങള്‍. തുടങ്ങുമ്പോള്‍ അവര്‍ എങ്ങനെയാണോ അതില്‍നിന്ന് ഉള്‍ട്ടയടിക്കണം. അതിനായി കഥപാത്രങ്ങളെ കുത്തിനിറച്ചിരിക്കയാണ്. കഷ്ടം തോന്നും. ഒരു സ്‌ക്രിപറ്റ് എങ്ങനെ എഴുതരുത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ചലച്ചിത്ര അക്കാദമികളില്‍ ഈ ചിത്രം റഫര്‍ ചെയ്യാവുന്നതാണ്.
ഇടക്കിടെ ട്വിസ്റ്റും സര്‍പ്രൈസും വന്നാല്‍ അതിനെന്താണ് പ്രസക്തി. എല്ലാദിവസും മൂന്ന് നേരെ ചിക്കന്‍ ബിരിയാണി തിന്നാല്‍ വെറുത്തുപോവില്ലേ. ദൃശ്യത്തിന്റെ ക്ലൈമാക്സിലൊക്കെ അത്രയും നിര്‍ണ്ണായകമായ സമയത്ത് കഥയോട് ചേര്‍ന്നാണ് അനിവാര്യമായ ട്വിസ്റ്റ് വരുന്നതും, പ്രേക്ഷകര്‍ എണീറ്റ്നിന്ന് കൈയടിക്കുന്നതും!
വ്യത്യസ്തനായത് ആസിഫലി
കണ്‍കെട്ടുവിദ്യ പോലെ തോന്നിപ്പിക്കുന്ന ഒരു പ്രതിഭാസമാണെല്ലോ മിറാഷ്. ഉണ്ടെന്നു തോന്നുകയും അടുത്തെത്തുമ്പോള്‍ ഇനിയും അകലെ എവിടെയോ എന്ന് കുഴക്കുകയും മരുഭൂമിയിലെ ജലസാനിധ്യംപോലുള്ള മരീചിക. ഈ വണ്‍ലൈന്‍വെച്ച് കഥാപാത്രങ്ങളെ വെട്ടിയൊട്ടിച്ചിരിക്കയാണ്. തിരക്കഥ പാളിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. അടിത്തറ പാളിയാല്‍ പിന്നെ മേല്‍ക്കൂരയില്‍ സിമന്റ് കൂടുതല്‍ ഇട്ടിട്ട് എന്തുകാര്യം. അപാരമായ മേക്കിങ്് മിടുക്ക് ഒന്നും ജീത്തുവിന്റെ സിനിമകളില്‍ കാണാറില്ല. സ്‌ക്രിപിറ്റിന്റെ ബ്രില്ല്യന്‍സിലാണ് അത് പിടിച്ചു നില്‍ക്കാറുള്ളത്. പക്ഷേ ഇവിടെ അതു പാളി.പലപ്പോഴും തെലുങ്കിലെ ഒരു മൊഴിമാറ്റം ചിത്രംപോലെയാണ് ഇത് തോന്നിയത്.
ഇനി കഥാപാത്രങ്ങളിലേക്ക് വന്നാല്‍ ക്ലൈമാക്സിലെ ആസിഫ് അലിയുടെ പ്രകടനം മാത്രമാണ് വേറിട്ടു നില്‍ക്കുന്നത്. അടുത്തകാലത്തായി തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്യുന്ന ഈ നടന്‍, ഒട്ടും ഇമേജ് കോണ്‍ഷ്യന്‍സ് അല്ലാതെയാണ് ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളിയൊക്കെ ആവറേജാണ്. അതി സങ്കീര്‍ണ്ണമായ ആ കഥാപാത്രത്തെ അവര്‍ക്ക് പുര്‍ണ്ണമായും ഫലിപ്പിക്കാനായിട്ടില്ല. അപര്‍ണ്ണയുടെ സുഹൃത്തായി വരുന്ന ഹന്ന റെജി കോശിയും, സമ്പത്ത് രാജിന്റെ എസ്പിയുമാണ് ശ്രദ്ധിക്കപ്പെട്ട മറ്റുരണ്ടു കഥാപാത്രങ്ങള്‍. ബിഗ്ബോസ് താരം അര്‍ജുന്‍ അടക്കം ഒരുലോഡ് കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. എല്ലാവരും ആവറേജില്‍ ഒതുങ്ങുന്നു. സംഭാഷണങ്ങള്‍, സൗണ്ട് ഡിസൈന്‍, സ്‌കോറിംഗ് എല്ലാം ശരാശരിയാണ്.
ഇനി മേക്കിങ്ങിലൊന്നും അപാരമായ മാജിക്ക് കൊണ്ടുവരാന്‍ ജീത്തുവിന് കഴിഞ്ഞിട്ടില്ല. ഒരു ട്രെയിന്‍ അപകടത്തിന്റെ ലോങ്ങ്ഷോട്ടുകളിലടക്കമുള്ള ഏതാനും ഷോട്ടുകളില്‍ അത് ഒതുങ്ങുന്നു. ജീത്തു ചിത്രങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത എത്ര വലിയ സംഭവം ഉണ്ടായാലും അതില്‍ ലോജിക്ക് നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതാണ്. പക്ഷേ ഈ പടത്തില്‍ അതില്ല. കോയമ്പത്തുര്‍ പോലെത്തെ ഒരു നഗരത്തിലെ ഒരു ഹോട്ടലില്‍ നടക്കുന്ന കൂട്ടവെടിവെപ്പക്കെ കണ്ടാല്‍ നാം ചിരിച്ചുപോവും. അതുപോലെ ക്ലൈമാക്സിനുശേഷം തിരിച്ചുചിന്തിച്ചാലും ചിത്രം പൊട്ടിപ്പോവും. പക്ഷേ എന്നുവെച്ച് സിനിമ ബോറടിക്കുന്നുമൊന്നുമില്ല. സമയമുണ്ടെങ്കില്‍ വെറുതെ ഒന്ന് കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണിത്.
വാല്‍ക്കഷ്ണം: ജീത്തുവിന്റെ ദൃശ്യം 3യെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ വരുന്ന സമയമാണിത്. ഇതൊരു പാഠമായി എടുത്ത് അദ്ദേഹത്തിന് സ്‌ക്രിപ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയട്ടെ.