വസ്ത്രം മാറുന്നതിലും നഗ്നത കാണിക്കുന്നതിലും എന്ത് കലയാണുള്ളത്? കനി കുസൃതിയേക്കാള്‍ തിളങ്ങിയത് ദിവ്യപ്രഭ; 'ഓള്‍ വി ഇമാജിന്‍സ് ആസ് ലൈറ്റ്' ഒരു ശരാശരി ആര്‍ട്ട് മൂവി മാത്രം

Update: 2024-11-28 06:47 GMT

ന്ത്യന്‍ പനോരമയില്‍ ഒതുങ്ങേണ്ട ഒരു ചിത്രം കാന്‍ ഫെസ്റ്റിവലില്‍ എത്തിയാല്‍ എങ്ങനെയിരിക്കും! കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറി ചരിത്രം കുറിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രം കണ്ടപ്പോള്‍ ഈ ലേഖകന് തോന്നിയ സത്യസന്ധമായ വികാരം അതാണ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഏറെ ഓവര്‍ റേറ്റഡ് ആണ്. ഒരു ശരാശരി ആര്‍ട്ട് മൂവി എന്നതില്‍ കവിഞ്ഞൊരു പരിഗണനയും, കനി കുസൃതിയും, ദിവ്യപ്രഭയും മുഖ്യവേഷങ്ങളില്‍ എത്തിയ ഇംഗ്ലീഷ്-ഹിന്ദി- മലയാളം സംയുക്ത സംരംഭമായ ഈ ചിത്രത്തിന് കൊടുക്കാന്‍ കഴിയില്ല.

നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇപ്പോള്‍ തീയേറ്ററില്‍ റിലീസ് ചെയ്തിരിക്കയാണ്. കേരളത്തില്‍ ഈ പടം കാണാന്‍ പത്തുപേരെങ്കിലും എത്തുന്നത്, അത് നല്ല സിനിമയോടുള്ള കമ്പം കൊണ്ടല്ല എന്നുറപ്പാണ്. നമ്മുടെ നാട്ടില്‍, ലോ ബജറ്റില്‍ ഇറങ്ങുന്ന ഷോര്‍ട്ട് ഫലിമുകള്‍ക്ക് അല്‍പ്പം മുകളില്‍പ്പോകുന്ന ചിത്രം എന്നല്ലാതെ, കലാപരമായി യമണ്ടന്‍ അനുഭൂതികളൊന്നും സമ്മാനിക്കുന്ന ചിത്രമല്ല ഇത്. മുംബൈ മഹാനഗരത്തില്‍ ജീവിക്കുന്ന മലയാളികളായ നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്.

ഭര്‍ത്താവുമായി അകന്ന് കഴിയുന്ന പ്രഭ (കനി കുസൃതി) എന്ന നഴ്സും, അവളുടെ റുംമേറ്റും സഹപ്രവര്‍ത്തകയുമായ അനുവും (ദിവ്യ പ്രഭ), അനുവിന്റെ കാമുകനും ( മുറ ഫെയിം ഹൃദു ഹാരൂണ്‍), പ്രഭയോട് അടുപ്പം കാട്ടുന്ന മലയാളി ഡോക്ടറും ( അസീസ് നെടുമങ്ങാട്) ഒക്കെയായി ഈ മായാനഗരത്തിലെ, ട്രെയിനുകളിലും, ബസുകളിലും, പാതയോരുത്തുമുള്ള ജനലക്ഷങ്ങളുടെ ജീവിതം ചിത്രീകരിച്ചാണ് പായല്‍ കപാഡിയ കഥ പറഞ്ഞു തുടങ്ങുന്നത്.

ജര്‍മ്മനിയിലേക്കുപോയി പിന്നെ വിവരങ്ങളൊന്നും കിട്ടാത്ത ഭര്‍ത്താവിനെ കാത്തുള്ള ഏകാന്ത ജീവിതമാണ് പ്രഭ എന്ന നഴ്സിന്റെത്. തന്നോട് അടുപ്പം കാട്ടുന്ന ഡോക്ടറോട് ഉറപ്പ് കൊടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ഇതിന് നേര്‍ വിപരീതമാണ് ദിവ്യപ്രഭയുടെ അനു. അവള്‍ ഉള്ളതുകൊണ്ട് ജീവിതം അടിച്ചുപൊളിക്കുന്ന കൂട്ടത്തിലാണ്. കാമുകനുമൊത്ത് മുംബൈയില്‍ കറങ്ങുകയും, ഭക്ഷണം കഴിക്കുകയും, ചുംബിച്ചുമൊക്കെ അവള്‍ ജീവിതം ആസ്വദിക്കുന്നു. സെകിസിനുവേണ്ടി ദാഹിച്ചു കഴിയുന്നു. .

അനുവിനെപ്പോലെയല്ല പ്രഭ. അവള്‍ മറ്റുള്ളവരുടെ വിഷയത്തിലൊക്കെ കുറച്ചുകൂടി ഇടപെടുന്നുണ്ട്. തന്റെ ആശുപത്രിയിലെ കിച്ചണ്‍ സ്റ്റാഫായ ഒരു സാധു സ്ത്രീക്ക് ഫ്ളാറ്റ് നഷ്ടപ്പെടുമ്പോള്‍ പ്രഭ അതില്‍ ഇടപെടുന്നുണ്ട്. അവര്‍ക്ക് നീതി കിട്ടാന്‍ പരിശ്രമിക്കുന്നുണ്ട്. അവസാനം ജോലി ഉപേക്ഷിച്ച് അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോള്‍, യാത്രയാക്കാന്‍ പ്രഭക്കൊപ്പം, അനുവും പോവുന്നു. ഒരു തീരദേശ ഗ്രാമത്തിലേക്കുള്ള ആ യാത്ര അവരുടെ ജീവിതം മാറ്റിമറിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അപ്രതീക്ഷിതമായി ജീവിതത്തില്‍ ഉടലെടുക്കുന്ന ബന്ധങ്ങള്‍ എങ്ങനെ നമുക്ക് ആശ്വാസം നല്‍കുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

പക്ഷേ ഈ ലേഖകന്‍ അത്ഭുതപ്പെടുന്നത് കാന്‍ ഫെസ്റ്റിവലിലേക്ക് ഒക്കെ സെലക്റ്റ് ചെയ്യപ്പെടാന്‍ മാത്രം ഈ ചിത്രത്തില്‍ എന്താണ് ഉള്ളത് എന്നാണ്. ഔട്ട് സ്റ്ററാന്‍ഡിങ് എന്ന് പറയാന്‍ കഴിയുന്ന ഒരു ഘടകവും ചിത്രത്തിലില്ല. വൈകാരികമായി പ്രേക്ഷകനെ വേട്ടയാടുന്ന രീതിയില്‍ സീനുകള്‍ ഒരുക്കാന്‍ ഡയറക്ടര്‍ക്ക് ആയിട്ടില്ല. പക്ഷേ അവാര്‍ഡുസിനിമകളുടെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഫോര്‍മാറ്റുപോലെ ഇഴച്ചിലും, ബോറടിയുമില്ലെന്നെങ്കിലും ആശ്വസിക്കാം.

ഇനി കഥാപാത്രങ്ങളിലേക്ക് വന്നാല്‍ കനി കുസൃതിയേക്കാള്‍ നന്നായത് ദിവ്യ പ്രഭ തന്നെയാണ്. എല്ലായിപ്പോഴും ഒരു വരണ്ട മുഖഭാവമുള്ള ടിപ്പിക്കല്‍ ആര്‍ട്ട് ഫിലം ഫോര്‍മാറ്റിലാണ് കനിയുടെ കഥാപാത്ര നിര്‍മ്മിതിയും. എന്നാല്‍ ദിവ്യ പ്രഭ തനിക്ക് കിട്ടിയ സീനുകള്‍ ചടുലമാക്കുന്നുണ്ട്. അതുപോലെ അവളുടെ കാമുകനായി വേഷമിട്ട, ഹൃദു ഹാരൂണും. പക്ഷേ ശരിക്കും വേറിട്ട കാഴ്ചയായത് ഒരു യുവ ഡോക്ടറായി വന്ന അനീസ് നെടുമങ്ങാടിന്റെ വേഷമാണ്. സാധാരണ കോമഡി റോളുകളില്‍ മാത്രം കാണാറുള്ള ഈ നടന്റെ ശരിക്കുമൊരു മേക്കോവറാണ് ഈ പടം.

കഥ ആവശ്യപ്പെടുമ്പോള്‍, ന്യൂഡിറ്റിയോ, ഇന്റിമേറ്റ് സീനോ ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. അത്തരം സീനുകള്‍ നിരവധിയുണ്ട്. പക്ഷേ ദിവ്യപ്രഭയുടെ കാമുകനും തമ്മിലുള്ള ലൈംഗിക രംഗങ്ങള്‍ പക്ഷേ അങ്ങനെയല്ല. അത് കഥ ആവശ്യപ്പെടുന്നതാണ്. ഇവിടെ സെക്സ് അല്‍പ്പം സൗന്ദര്യാത്മകമായി എടുത്തിട്ടുണ്ട്. പക്ഷേ ഈ മൂന്നാല് സീനുകള്‍ കൊണ്ടുമാത്രമാണ്, കേരളത്തില്‍ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്, എന്നോര്‍ക്കുമ്പോഴാണ് നാം ശരിക്കും ഞെട്ടേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ കാന്‍ ഫെസ്റ്റവലില്‍ ഒന്നും എന്‍ട്രി കിട്ടത്തക്ക, കലാപരമായ യാതൊരു മികവുമുള്ള ചിത്രമായി ഈ ലേഖകന്, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രം തോന്നിയിട്ടില്ല. മാര്‍ക്കറ്റിങ്ങ് - പ്രൊപ്പഗന്‍ഡ സ്ട്രാറ്റജികള്‍ പക്ഷേ ചിത്രത്തെ തുണച്ചുവെന്ന് വ്യക്തം.

വാല്‍ക്കഷ്ണം: 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ഇംഗ്ലീഷ് ടൈറ്റിലിന് ' പ്രഭയായ് നിനച്ചതെല്ലാം' എന്ന നല്ല ഒന്നാന്തരം കാവ്യത്മക മലയാളം തര്‍ജ്ജമ കൊടുത്തതാണ് ഏക ആശ്വാസം. നായികയുടെ പേരും പ്രഭയാണെന്നത് ഓര്‍ക്കണം.

Tags:    

Similar News