ശരിക്കും നരവേട്ട; പക്ഷേ തിരക്കഥയിലെ പാളിച്ചകള്‍ ദുരന്തമാവുന്നു; ശക്തമായ പ്രമേയത്തെ കൊന്നു കളഞ്ഞിരിക്കുന്നു; നിറം മങ്ങി ടൊവീനോയും ചേരനും; നായികയും നന്നായില്ല; തിളങ്ങിയത് സുരാജ്; മുത്തങ്ങ വെടിവെപ്പിന്റെ കഥ വളച്ചൊടിക്കുന്നു; നരിവേട്ട ഒരു പ്രൊപ്പഗാന്‍ഡാ മൂവിയോ?

Update: 2025-05-24 01:05 GMT

കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവായ, സമീപകാലത്തെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്ത് അബിന്‍ ജോസഫിന്റെ എഴുത്ത്, ഇഷ്‌ക്ക് എന്ന ഒറ്റ സിനിമയിലുടെ മലയാള സിനിമയെ ഞെട്ടിച്ച അനുരാജ് മനോഹറിന്റെ സംവിധാനം. 'നരി'യുടെ വള്ളിയിലൂടെ ചോര ഒലിച്ചിറങ്ങി അത് മാഞ്ഞുപോകും വിധത്തില്‍, നരവേട്ട എന്ന് വായിക്കാവുന്ന വിധത്തിലുള്ള ഭീകരമായ ടൈറ്റില്‍. ടൊവീനോയും സുരാജ് വെഞ്ഞാറമൂടും, ഒപ്പം തമിഴിലെ ചേരനും. നരിവേട്ട എന്ന സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ പ്രതീക്ഷകള്‍ ഏറെയായിരുന്നു. തമിഴില്‍ വെട്രിമാരനും, ജ്ഞാനവേലും, മാരി സെല്‍വരാജുമൊക്കെ ജാതി രാഷ്ട്രീയവും ഭൂമി രാഷ്ട്രീയവും പറയുന്ന ശക്തമായ പ്രമേയമുള്ള ചിത്രങ്ങള്‍ എടുക്കുമ്പോള്‍, മലയാളസിനിമ, പ്രേമവും തമാശകളുമായി ചുറ്റിക്കളിക്കയാണ്, എന്ന ആരോപണത്തിന് മറുപടിയായും ഈ ചിത്രത്തെ കണ്ടിരുന്നു.

പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോള്‍ നിരാശ ബാക്കി. ഒരു ശക്തമായ പ്രമേയത്തെ കൊന്നുകളഞ്ഞിരിക്കുന്നു. ആദ്യത്തെ പത്തുമിനിട്ടിലെ അതിഗംഭീരമായ തുടക്കത്തിനുശേഷം പിന്നീടങ്ങോട്ട് ആറിത്തണുക്കയാണ് ഫസ്റ്റ്ഹാഫ്. അതിനുശേഷം ഒന്ന് ഉയരുന്ന സിനിമ, പിന്നെയും താഴുന്നു. പിന്നെ ക്ലൈമാക്സില്‍ ഒന്നുകൂടി ആളിക്കുത്തുന്നു. ഇങ്ങനെ ഉയര്‍ച്ച താഴ്ചകളുമായി ഹൃദ്രോഗിയുടെ ഇസിജി പോലെയാണ് ചിത്രത്തിന്റെ ഗ്രാഫ്. മൊത്തമായി ഒരു നല്ല സിനിമാനുഭവം കാഴ്ചവെക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. ഒരു ശരാശരി സിനിമക്ക് അപ്പുറത്ത് എത്തുന്നില്ല.

അതിശക്തമായ പ്രമേയം, പക്ഷേ

മലയാള സിനിമ അധികമൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ചിത്രത്തിന്റെത്. തലപ്പാവ്, പട എന്നീ ചിത്രങ്ങള്‍ മറക്കുന്നില്ല. വയനാട്ടിലെ ആദിവാസി ഭൂസമര ഭൂമികയിലേക്ക് നയിക്കപ്പെടുന്ന, ഒട്ടും താല്‍പ്പര്യമില്ലാതെ ജീവിത സമ്മര്‍ദങ്ങള്‍കൊണ്ടുമാത്രം, കോണ്‍സ്റ്റബിളായ വര്‍ഗീസിന്റെ ( ടൊവീനോ തോമസ്) കഥയാണിത്. യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെങ്കിലും, ഡോക്യൂമെന്ററി ടോണ്‍ വരാതെ, നോണ്‍ലിനീയര്‍ ട്രീറ്റിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താനാണ് സംവിധായകന്റെ ശ്രമം.

തുടക്കത്തില്‍ അത് വിജയിച്ചിട്ടുണ്ട്. ചിത്രം സത്യത്തില്‍ നരിവേട്ടയല്ല, നരവേട്ട തന്നെയാണ്. കൂട്ടം തെറ്റിയ ഒരു മൃഗത്തെ വേട്ടയാടി പിടിക്കുംപോലെ വര്‍ഗീസ് എന്ന പൊലീസുകാരനെ വയനാട്ടില്‍ നിന്ന് പൊലീസുകാര്‍ തന്നെ പിടികൂടുന്നിടത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്. പക്ഷേ ടൊവീനോയുടെ നായകന്റെ ഫ്ളാഷ് ബാക്കായി പിന്നീട് വരുന്ന പ്രേമവും പ്രാരാബ്ധവും, ചര്‍വിത ചര്‍വണം ചെയ്യപ്പെട്ടതാണ്. ഈ സമയത്ത് ചിത്രം ചെറുതായി ലാഗടിക്കുന്നുമുണ്ട്.

സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിഎസ്സി എഴുതി ലിസ്റ്റില്‍ പേരുമായി ജോലി കാത്തിരിക്കുന്ന അഭ്യസ്ഥവിദ്യനായ കുട്ടനാട്ടുകാരനാണ് വര്‍ഗ്ഗീസ്. നല്ല ജോലിക്കായി കാത്തിരിക്കുന്ന വര്‍ഗ്ഗീസ് കാമുകിയുടെ സമ്മര്‍ദംമൂലവും, വീട്ടിലെ സാഹചര്യവും കാരണം പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിക്കുന്നു. അതിന്റെ പ്രശ്നങ്ങള്‍ വര്‍ഗീസ് പലയിടത്തും ഉണ്ടാക്കുന്നുമുണ്ട്. എന്നാല്‍ വയനാട്ടിലെ ആദിവാസി ഭൂ സമരം നേരിടാനായി നിയോഗിക്കപ്പെടുന്നതോടെ, അയാളുടെ ജീവിതം മാറിമറിയുകയാണ്. പക്ഷേ ഈ അതിശക്തമായ പ്രമേയം, തിരക്കഥയാക്കുമ്പോള്‍ യുക്തിരാഹിത്യവും, കല്ലുകടികളും കടന്നുവരികയാണ്.

ടൊവീനോ പോരാ, അതുപോലെ ചേരനും

നല്ല സിനിമക്കുവേണ്ടി ഇമേജ് നോക്കാതെ പട്ടിപ്പണിയെടുക്കുന്ന നടനാണ് ടൊവീനോ. പക്ഷേ ഈ പടത്തില്‍ അദ്ദേഹത്തിന്റെ നടനം, അതിഗംഭീരമായി എന്നൊന്നും പറയാന്‍ കഴിയില്ല. ചില രംഗങ്ങളിലല്ലാതെ, പഴയതുപോലെ അഡ്രിനാലിന്‍ റഷ് തരാന്‍ ടോവീനോക്ക് കഴിയുന്നില്ല. അത് അദ്ദേഹത്തിന്റെ കൂഴപ്പമല്ല. ആ കഥാപാത്രത്തെ ലോജിക്കലായി കണക്റ്റ് ചെയ്യാന്‍, ഡയറക്ടര്‍ക്ക് കഴിയാത്തതുകൊണ്ടാണ്. അതുപോലെ തമിഴ് നടന്‍ ചേരനെ ഈ പടത്തില്‍ ഡിഐജിയാക്കി കാസ്റ്റ് ചെയ്തത് എന്തിനാണെന്ന് പിടികിട്ടുന്നില്ല. നമ്മുടെ തുടരും ഫെയിം പ്രകാശ്വര്‍മ്മയെപ്പോലെയൊന്നും വിറപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നില്ല. നായികയാണ് ചിത്രത്തിലെ മറ്റൊരു മിസ് കാസ്റ്റ്. അവരുടെ ഡയലോഗും ബോഡിലാംഗ്വേജുമൊന്നും നന്നായിട്ടില്ല, ഇതുപോലൊരു ചിത്രത്തിന്റെ മൂഡിന് ചേരുന്നതല്ല.

ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട് പതിവുപോലെ ഉഗ്രനായിട്ടുണ്ട്. പ്രൊഫഷണലിസം എന്നാല്‍ സുരാജാണ്. ഛായാഗ്രഹണം നിര്‍വഹിച്ച വിജയ്, സംഗീതം നല്‍കിയ ജേക്സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് ചെയ്ത ബാവ എന്നിവരും പൊളിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗംഭീരം ജേക്സ് ബിജോയിയുടെ ബിജിഎമ്മാണ്. അത് സിനിമക്ക് കൊടുക്കുന്ന വൈബ് ഒന്നുവേറെയാണ്. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അനുരാജ് മനോഹറിന്റെ ബ്രില്ല്യന്‍സ് പല ഷോട്ടുകളിലും കാണുന്നുണ്ട്. ആദിവാസി ആചാരങ്ങളില്‍, വെടിവെപ്പില്‍ ചിതറുന്നിടത്ത് തുടങ്ങി വര്‍ഗീസിന്റെ കണ്ണുകളുടെ ക്ലോസപ്പില്‍വരെയുണ്ട്. പക്ഷേ അത് ത്രൂ ഔട്ട് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

തിരക്കഥയിലെ ലോജിക്കില്ലായ്മ ഒരുപാട് ഈ ചിത്രത്തിലുണ്ട്. ഏറ്റവും പ്രധാന പ്രശ്നം, നായകന്‍ ടൊവീനോ വെറുമൊരു കോണ്‍സ്റ്റബിള്‍ മാത്രമാണെന്ന് ഇടക്ക് ഡയറക്ടറും റൈറ്ററും മറന്നുപോയി എന്നതാണ്. പൊലീസിലെ ഹയറാര്‍ക്കിയൊന്നും, നായകനായ ടൊവീനോക്ക് ബാധകമല്ല. അയാള്‍ നേരെ ഡിഐജിയായ ചേരന്റെ ടെന്റിലേക്ക് കടന്നുപോവുകയാണ്. പലപ്പോഴും പൊലീസ് എടുക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങളൊക്കെ ഡിഐജി കോണ്‍സ്റ്റബിളിനോട് ബ്രീഫ് ചെയ്യുകയാണ്! ഈ രംഗങ്ങളിലെ വങ്കത്തം കണ്ടാല്‍ ഏത് പൊലീസുകാരനും ചിരിച്ചുപോവും. അതുപോലെ തങ്ങളുടെ രഹസ്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടും, വര്‍ഗീസിനെ ഒന്നും ചെയ്യാതെ വിടുന്ന മഹാത്മാക്കളാണ് ഈ സിനിമയിലെ പൊലീസും തണ്ടര്‍ബോള്‍ട്ടുമൊക്കെ. പൊലീസ് സേനക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച്, സമരക്കാരെ പരസ്യമായി രക്ഷിക്കാന്‍ ശ്രമിച്ചിട്ടും, വെടിവെപ്പ് രാത്രിയിലെ ഓപ്പറേഷന്, വര്‍ഗീസിനെ ഒപ്പം കൂട്ടിയ ഡിഐജിയുടെ തലയില്‍ കളിമണ്ണാണെന്ന് തോന്നിപ്പോവും!

പ്രൊപ്പഗന്‍ഡാ മൂവിയോ?

പക്ഷേ ഈ ലേഖകന് ഈ ചിത്രത്തോടുള്ള ഏറ്റവും വലിയ വിയോജിപ്പ് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം ഒരുതരം പ്രൊപ്പഗന്‍ഡാ സ്വഭാവം ഉള്ളതായിപ്പോയി എന്നതാണ്. ചിത്രം തുടങ്ങുന്നത് ഈ കഥക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി ഒരു സാമ്യവുമില്ല എന്ന് പറഞ്ഞുകൊണ്ടാണെങ്കിലും, എല്ലാവര്‍ക്കും അറിയാം ഇത് 2003 ഫെബ്രുവരി 19ന് നടന്ന വയനാട് മുത്തങ്ങ വെടിവെപ്പിന്റെ കഥയാണിതെന്ന്. സി കെ ജാനുവിനെയും ഗീതാനന്ദനെയുമൊക്കെ ചിത്രത്തില്‍ ഏതാണ്ട് അതേപടി പോര്‍ട്രേറ്റ് ചെയ്തിരിക്കയാണ്.

ആദര്‍ശധീരനായി അറിയപ്പെട്ടിരുന്ന, കോണ്‍ഗ്രസ് മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഇമേജിന് ഏറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു, മുത്തങ്ങ സംഭവം. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കെ സുധാകരനായിരുന്നു അന്ന് വനം മന്ത്രി. സുധാകരന്റെ ധിക്കാരം നിറഞ്ഞ നിലപാടുകള്‍ പ്രശ്നം സങ്കീര്‍ണ്ണമാക്കിയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ എഴുതിയിരുന്നു. എന്നാല്‍ ഈ രാഷ്ട്രീയക്കാരിലേക്ക് ഒന്നും ചിത്രം പോവുന്നില്ല. 'നരിവേട്ട' സഞ്ചരിക്കുന്നത് പൊലീസിങ്ങിലൂടെയാണ്. സുരേഷ് രാജ് പുരോഹിത് എന്ന ഉത്തരേന്ത്യന്‍ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലാണ് അവിടെ വെടിവെപ്പുനടന്നത്. സിനിമയില്‍ ചേരന്‍ ചെയ്ത കഥാപാത്രം.

കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയം എടുക്കുമ്പോള്‍പോലും വലിയ വസ്തുതാപരമായ പിഴവുകളും വളച്ചൊടിക്കലുമാണ് ചിത്രം വരുത്തിയത്. കുടിലുകള്‍ പൊളിക്കാനുള്ള പൊലീസ് ഓപ്പറേഷനിടെ വിനോദ് എന്ന പൊലീസുകാരനെ ആദിവാസികള്‍ ബന്ദിയാക്കുന്നു. അയാള്‍ കൊല്ലപ്പെടുന്നതോടെ കലി കയറി പൊലീസ് നടത്തിയത് ശരിക്കും നരനയാട്ട് തന്നെയായിരുന്നു. എന്നാല്‍ ആ പൊലീസുകാരന്റെ മരണം പൊലീസ് തന്നെ ആസൂത്രണം ചെയ്തതാണ് എന്നാണ് ഈ സിനിമ പറയുന്നത്! കൈരളി ടീവി സംപ്രഷണം ചെയ്ത, ലോകം മുഴുവന്‍ കണ്ട വിഷ്വല്‍സ് ഉളള, മാധ്യമ പ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തെയാണ് ചിത്രം ഈ രീതിയില്‍ വളച്ചൊടിക്കുന്നത്. സംഭവം നടന്ന അന്ന് തൊട്ട്, ജമാഅത്തെ ഇസ്ലാമിപോലുള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ ആരോപിക്കുന്ന കാര്യമാണ് വെടിവെപ്പില്‍, ആറുപേര്‍ കൊല്ലപ്പെട്ടുവെന്നും അവരുടെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌ക്കരിച്ചുവെന്നതും. അത് ഈ സിനിമയും ശരിവെക്കുന്നു.

എത്രകണ്ട് ഭരണകൂട ഭീകരത പറഞ്ഞാലും, ആധുനിക മാധ്യമങ്ങള്‍ ഉള്ള ഒരുകാലത്ത് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ? 77-ലെ അടിയന്തരാവസ്ഥക്കാലത്തല്ല, 2003ലാണ് ഇത് സംഭവിക്കുന്നത്. അന്ന് കാണാതായവരെ പിന്നീട് ഊരുകളില്‍നിന്ന് കണ്ടെത്തിയിരുന്നു. വെടിവെപ്പില്‍ ജോഗിയല്ലാതെ ആരും മരിച്ചതായി ഒരു അന്വേഷണത്തിലും വെളിപ്പെട്ടില്ല. ആദിവാസി സംഘടനകള്‍ക്കുപോലും ഇന്ന് അങ്ങനെയൊരു വാദമില്ല. എന്നിട്ടും മുത്തങ്ങ സംഭവത്തിലേക്ക്, നക്സല്‍ വര്‍ഗീസിനെ വെടിവെച്ചുകൊന്ന രാമചന്ദ്രന്‍ നായരുടെ കുറ്റസമ്മതം കൂടി ഉള്‍പ്പെടുത്തുന്നപോലെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. അതുകൊണ്ടുതന്നെ നക്സലിസത്തെ പിന്തുണക്കുന്ന, പ്രൊപ്പഗന്‍ഡാ മൂവിയാണ് ഇതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

തീര്‍ച്ചയായും, ആദിവാസികള്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക്വേണ്ടി ചലച്ചിത്രകാരന്‍മ്മാര്‍ നില്‍ക്കുന്നത് സന്തോഷകരമാണ്. പക്ഷേ അത് ഇതുപോലെ, വസ്തുതാവിരുദ്ധതകള്‍ പറഞ്ഞുപരത്തിയുള്ള പ്രൊപ്പഗന്‍ഡയാവരുത്.

വാല്‍ക്കഷ്ണം: ഡോ ബിജുവിന്റെ 'കാടുപൂക്കുന്ന നേരം' എന്ന സിനിമ എത്ര ശക്തമായാണ് സമാനമായ വിഷയം കൈകാര്യം ചെയ്യുന്നത് എന്നുനോക്കുക. ഇവിടെ സിനിമക്ക് കാര്യകാര്യബന്ധം കിട്ടുന്നില്ല. ഭരണകൂട ഭീകരതയും പൊലീസ് ഭീകരതയും നന്നായുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. പക്ഷേ അതിനെ പ്രതിരോധിക്കേണ്ടത് കള്ളക്കണക്കുകളും വ്യാജ ആരോപണങ്ങളും നിരത്തിയല്ല.

Tags:    

Similar News