തുടരും...ലാല്‍ തരംഗം; ജനപ്രിയ സിനിമയുണ്ടാക്കാന്‍ നൂറ് ഹെലികോപ്റ്ററും കോടികളുടെ ബജറ്റുമൊന്നും വേണ്ട; നല്ല കഥയും മേക്കിങ്ങും മതി; ഏറെക്കാലത്തിനുശേഷം 'നടന വിസ്മയത്തിന്റെ' ഫുള്‍പാക്ക്ഡ് ചിത്രം; തരൂണ്‍ മൂര്‍ത്തിക്ക് അഭിമാനിക്കാം; പൃഥ്വിരാജും കൂട്ടരും ഈ പടം കണ്ട് പഠിക്കണം!

തുടരും...ലാല്‍ തരംഗം

Update: 2025-04-25 10:57 GMT

റെക്കാലത്തിനുശേഷം കണ്‍നിറയെ കണ്ട ഒരു മോഹന്‍ലാല്‍ സിനിമ! ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ, യുവ സംവിധായകന്‍ തരുണ്‍മൂര്‍ത്തി ഒരുക്കിയ 'തുടരും' എന്ന മോഹന്‍ലാല്‍ ചിത്രം, നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവാണ്. വിവാദത്തിന്റെ ചുവടുപിടിച്ച്, എമ്പുരാന്‍ 300 കോടി ക്ലബില്‍ കയറിയെങ്കിലും, അതിലെ കോട്ടിട്ട എബ്രം ഖുറൈശിയായുള്ള മോഹന്‍ലാലിന്റെ പ്രകടനത്തിലൊക്കെ, പഴയ പ്രതാപത്തിന്റെ നിഴലാട്ടം മാത്രമായിരുന്നു. ഇത്രയും ഗതികെട്ട ഒരു ഗ്ലോബല്‍ ഗ്യാങ്‌സ്റ്ററോ എന്നാണ് ഈ ലേഖകനൊക്കെ തോന്നിപ്പോയത്. ജനപ്രിയ സിനിമയുണ്ടാക്കാന്‍ നൂറ് ഹെലികോപ്റ്റും കോടികളുടെ ബജറ്റുമെന്നും വേണ്ട, നല്ല കഥയും മേക്കിങ്ങും മതിയെന്ന് വീണ്ടും തെളിയിക്കപ്പെട്ടുന്നു.



വെല്‍ ഡണ്‍ തരുണ്‍മൂര്‍ത്തി

സത്യം പറയാലോ, പൃഥീരാജ് ഒക്കെ തരുണ്‍ മൂര്‍ത്തിയെ കണ്ടുപഠിക്കണം. ആ 150 കോടിയുടെ ബജറ്റൊക്കെ ഈ പയ്യന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ എന്താവുമായിരുന്നു കഥ. ചരുങ്ങിയ ബജറ്റിനുള്ളില്‍ എടുത്തുവെച്ച ഒരു സിനിമയിലെ വിഷ്വലുകള്‍ കണ്ടാല്‍ അമ്പരന്നുപോവും. കാടിന്റെ ചില ദൃശ്യങ്ങളില്‍, ഒരു ഉരുള്‍പൊട്ടലിന്റെ ചിത്രീകരണത്തില്‍, ഏരിയല്‍ കട്ട് ഷോട്ടുകളില്‍, ബാക്ക് ഗ്രൗണ്ട് സ്‌കോറില്‍ ഒക്കെ ചിത്രം പൊളപ്പനാണ്. ഹോളിവുഡ് സ്റ്റൈലാണ്.




രണ്ടേമുക്കാല്‍ മണിക്കൂറോളം നീളമുള്ള ചിത്രത്തില്‍ ഒരു സെക്കന്‍ഡുപോലും നമുക്ക് ബോറടിക്കില്ല. ഒരിക്കല്‍ തുടങ്ങിയാല്‍ കഥയെങ്ങനെ പടപപെടാന്ന് പായുകയാണ്. ട്രെയിലറില്‍ കണ്ടപോലെ ഒരു കുടുംബ കഥയും, മോഹന്‍ലാല്‍ -ശോഭന വിന്റേജ് നൊസ്റ്റാള്‍ജിയ കുത്തിപ്പൊക്കുന്ന അളിഞ്ഞ പടവുമല്ല ഇത്. ശരിക്കും ഒരു ദൃശ്യം മോഡല്‍ ഫാമിലി ഡ്രാമയാണ്. പക്ഷേ ദൃശ്യം വേറെ ഇതുവേറെ. കഥയുടെ എന്തെങ്കിലും അംശം പുറത്തുപോയാല്‍ ആകെ പൊളിഞ്ഞുപോകുന്ന ചിത്രമല്ല ഇത്. മേക്കിങ്ങാണ് ഈ സിനിമയുടെ പ്രത്യേകത. അതിനാല്‍ സ്പോയിലര്‍ വന്നാലൊന്നും ഒരു പ്രശ്നവുമില്ല.

ട്രെയിലറില്‍ സൂചിപ്പിച്ചപോലെ തന്നെ തന്റെ പഴയ അംബാസിഡര്‍ കാറിനെ, മക്കളെപ്പോലെ സ്നേഹിക്കുന്ന, ഭാര്യയും രണ്ടുകുട്ടികളുമുള്ള ഒരു ടാക്സി ഡൈവറാണ് ചിത്രത്തില്‍ ലാലേട്ടന്‍. ഒരു കൊച്ചു വീട്ടിലെ, കൊച്ചുകൊച്ചു സന്തോഷങ്ങളും ദു:ഖങ്ങളുമുള്ള ഒരു സാധാരണക്കാരനായ, ഷണ്‍മുഖന്‍ റാന്നിക്കാരന്‍. വണ്ടി പ്രാന്ത് കാരണം, 'ബെന്‍സ്' എന്നാണ് അയാളെ നാട്ടുകാരും ഭാര്യയും എന്തിന് സ്വന്തം മക്കളും വിളിക്കുന്നത്. ഇതുപോലെ ഒരു ഡൗണ്‍ ടു എര്‍ത്തായ കഥാപാത്രത്തെ മോഹന്‍ലാല്‍ ചെയ്തിട്ടുതന്നെ എത്ര കാലമായി! എന്നാല്‍ ഒരു പ്രശ്നത്തില്‍പ്പെട്ട് കാര്‍ പൊലീസ് സ്റ്റേഷനിലാകുന്നു. ഇവിടെ മുതലാണ് അപ്രതീക്ഷിതമായ വഴിയിലൂടെ ചിത്രം കടന്നുപോകുന്നത്. ടീസര്‍ ഇറങ്ങിയ സമയത്ത് എന്തോ ഒളിപ്പിച്ചുവച്ചിട്ടുണ്ട് ചിത്രത്തില്‍ എന്ന് പൊതുവില്‍ വിലയിരുത്തലുകള്‍ വന്നതാണ്. അത് സര്‍പ്രൈസിന്റെ ഒരു ഉരുള്‍പൊട്ടല്‍ പോലെയാണ് തീയറ്ററില്‍ എത്തുന്നത്.




ലാലേട്ടന്റെ പെരുങ്കളിയാട്ടം

മോഹന്‍ലാലിന്റെ പെരുങ്കളിയാട്ടമാണ് ചിത്രം. എല്ലാവിധി ഇമോഷന്‍സിലൂടെയും ആ കഥാപാത്രം കടന്നുപോവുന്നു. മോഹന്‍ലാലും ശോഭനയും ചേരുമ്പോള്‍ പഴയ വിന്റേജ് ഫീല്‍ തന്നെ കിട്ടുന്നുണ്ട്. ചില സെല്‍ഫ് ട്രോളുകളിലുടെയും അവര്‍ അടിച്ചുകയറുന്നു. 'ഇത്തിരി കഞ്ഞി എടുക്കണ്ടേ, വെട്ടിയിട്ട വാഴപോലെ കിടക്കുന്നു' എന്ന മോഹന്‍ലാലിന്റെ പൊളിഞ്ഞ പടങ്ങളിലെ ഡയലോഗുകള്‍ വരുമ്പോള്‍ തീയേറ്ററില്‍ കൂട്ടച്ചിരിയാണ്.

മോഹന്‍ലാലിനെ സംബന്ധിച്ച് പറയുമ്പോള്‍, അദ്ദേഹം അവതരിപ്പിക്കാത്തതായി ഒരു റോളും ബാക്കി കാണില്ല. പക്ഷേ ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ചില സാധനങ്ങള്‍ തന്റെ കൈയിലുണ്ട് എന്ന് അദ്ദേഹം തെളിയിക്കുന്നു. അതിന് നല്ല കഥ വേണം. മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്രശ്നം നല്ല കഥയില്ലാത്തതും, സ്റ്റഫുള്ള സംവിധായകര്‍ ഇല്ലാത്തതുമാണ്. ലോഹിതദാസും, എംടിയും, പത്മരാജനും, ഭരതനും, സിബിമലയിലും, കമലുമൊക്കെ മോഹന്‍ലാലിനെവെച്ച് ചെയ്ത വെറൈറ്റി സാധനങ്ങള്‍ ഓര്‍മ്മയില്ലേ. അതുപോലുള്ള സബ്ജറ്റുകള്‍ കൊടുക്കാന്‍ പുതിയ ടീമിന് കഴിയാത്തതായിരുന്നു ലാലേട്ടന്റെ പ്രധാന പ്രശ്നം. എന്നാല്‍ അത് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കയാണ്. തരുണ്‍മൂര്‍ത്തി, ലോഹിതദാസ് സ്റ്റെലില്‍ കലയും കച്ചവടവും ഒന്നിച്ച് കൊണ്ടുപോവാന്‍ കഴിയുന്ന പ്രതിഭയാണ്. തരുണ്‍ മോഹന്‍ലാലിനെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. വിന്റേജ് ലാലേട്ടന്‍ മോഡലില്‍ നിന്നും ഇമോഷണല്‍ പീക്കിലേക്കും, അവിടെനിന്ന് അഡ്രിനാലിന്‍ റഷിലേക്കുമൊക്കെ കൊണ്ടുപോവാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്.




കെആര്‍ സുനിലുമായി ചേര്‍ന്ന് തരുണ്‍ മൂര്‍ത്തി ഒരുക്കിയ സ്‌ക്രിപ്റ്റാണ് ഈ ചിത്രത്തിന്റെ മാന്‍ ഓഫ് ദി മാച്ച്. ജെക്സ് ബിജോയിയുടെ സംഗീതം പൊളിയാണ്. കാടിന്റെ പശ്ചാത്തലത്തിലുളള ആ പെടപ്പൊക്കെ കാണണം. ശോഭന- മോഹന്‍ലാല്‍ കോംബോയുടെ രസകരമായ നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും അതില്‍ മാത്രം തളച്ചിടുന്നില്ല സിനിമ. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. ഇതില്‍ പ്രകാശ് വര്‍മ എന്ന പുതുമുഖ അഭിനേതാവിന്റെ പൊലീസ് വേഷമാണ് കിടില്‍ലോല്‍ക്കിടിലം. ഇജ്ജാതി ഫയറുള്ള ഒരു വില്ലനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഉറപ്പിച്ചോളൂ, അയാള്‍ കയറിവരും. ബിനു പപ്പു പിന്നെ പതിവുപോലെ ഫയറാണ്.

മോഹന്‍ലാല്‍ എന്ന നടനെ ആഘോഷിക്കുന്നവര്‍ക്ക് വേണ്ട ഫുള്‍ പാക്ക്ഡ് ചിത്രമാണ് തുടരും. ചിത്രം അവസാനിക്കുമ്പോള്‍ എഴുതിക്കാട്ടുന്നത്, 'മോഹന്‍ലാല്‍ തുടരും' എന്നാണ്. അത് കാണിക്കുമ്പോള്‍ തീയേറ്ററില്‍ ഉയരുന്ന വമ്പന്‍ കൈയടികള്‍ ചിത്രം ഒരു സൂപ്പര്‍ ഹിറ്റാവും എന്നതിന്റെ സൂചനയാണ്.

വാല്‍ക്കഷ്ണം: ഈ ചിത്രത്തില്‍ ഈ ലേഖകന് തീരെ ഇഷ്ടപ്പെടാത്ത ഒരു ഫാക്ടര്‍ അത് കേരളാ പൊലീസിനെ വളരെ മേച്ഛമായി ചിത്രീകരിക്കുന്നുവെന്നതാണ്. അടിയന്തരാവസ്ഥക്കാലത്തെ ഇടിയന്‍ പൊലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിലെ പൊലീസിന്റെ ക്രൂരതകള്‍. തമിഴ്നാട്ടിലോ, ഉത്തരേന്ത്യയിലോ നടക്കുന്ന കഥയായിരുന്നെങ്കില്‍, പൊലീസ് ഇങ്ങനെയായതിന് സാധൂകരണമായേനെ. പക്ഷേ കഥയില്‍ ചോദ്യമില്ല എന്നല്ലേ. അങ്ങനെയും സംഭവിക്കുമായിരിക്കാം എന്ന് നമുക്ക് ആശ്വസിക്കാം.


Tags:    

Similar News