ഉമ്മവെച്ചാല്‍ കുട്ടികളുണ്ടാവുമോ? ബംബിള്‍ ഗം വിഴുങ്ങിയാല്‍ മരിച്ചുപോവുമോ? 90-കളിലെ നിഷ്‌ക്കളങ്ക ബാല്യങ്ങളുടെ കഥയുമായി 'പല്ലൊട്ടി' ഹൃദയം കീഴടക്കുന്നു; ഇത് കുട്ടികള്‍ക്ക് മാത്രമല്ല ഏത് പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാവുന്ന ചിത്രം; മലയാളത്തിനിന്ന് വീണ്ടുമൊരു വേള്‍ഡ് ക്ലാസ് സിനിമ!

Update: 2024-10-28 05:14 GMT

പല്ലൊട്ടി, പുളിമുട്ടായി, ഗ്യാസ്മുട്ടായി.... മഞ്ചും, സ്നിക്കേഴ്സും, കിന്റര്‍ജോയിയുമൊക്കെ വിപണി പിടിച്ചെടുക്കുന്നതിന് മുമ്പ്, ഇങ്ങനെയുള്ള ചില സാധനങ്ങളായിരുന്നു ഈ നാട്ടിലെ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടത്. ഒരു പല്ലൊട്ടിയും വായിലിട്ട് ചതച്ച്, പാടവരമ്പത്തുകുടെ ഓടിയും ചാടിയും വെള്ളത്തില്‍ കളിച്ചും സ്‌കൂളില്‍ പോയ 90-കിഡ്സ് ഇന്ന സോഷ്യല്‍ മീഡിയയുടെ എവര്‍ ഗ്രീന്‍ നൊസ്റ്റുവാണ്. ആ മധുരിക്കുന്ന കാലഘട്ടത്തെ പുനരാവിഷ്‌ക്കരിച്ചിരക്കയാണ്, നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത, പല്ലൊട്ടി- ദ 90 കിഡ്സ് എന്ന ചിത്രം. മികച്ച ചില്‍ഡ്രന്‍ ഫിലിമിലുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതുകൊണ്ട് കുട്ടികളുടെ ചിത്രം എന്ന മുന്‍വിധിയോടെയാണ് പടത്തിന് ടിക്കറ്റെടുത്തത്. പക്ഷേ കണ്ടു കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. അടുത്തകാലത്ത് കണ്ട് ഏറ്റവും നല്ല സിനിമകളില്‍ ഒന്ന്. പലയിടത്തും കണ്ണു നിറഞ്ഞു!

ശരിക്കും ലോക നിലവാരത്തിലുള്ള ഒരു സിനിമ തന്നെയാണിത്. ചൈല്‍ഡ് മൂവിയാക്കി വിലയിരുത്തുന്ന്, ഈ പടത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന ചലച്ചിത്രമാണിത്. സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. 90-കളിലെ ദാരിദ്ര്യ കേരളത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് ശരിക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നവരാണ്, ഈ ചിത്രത്തിലെ കണ്ണനും ഉണ്ണിയും.

ചിത്രം തുടങ്ങുന്നതുതന്നെ, ഒരു വാഹന ഷോറൂമിലെത്തി ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് വാങ്ങുന്ന ഉണ്ണി ( അര്‍ജുന്‍ അശോക്) എന്ന ചെറുപ്പക്കാരനിലാണ്. ഈ ബൈക്ക് വാങ്ങിയതിനുപിന്നില്‍ അയാള്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് സൂചന പ്രേക്ഷകന് കിട്ടുന്നുണ്ട്. ബൈക്കിലുള്ള അതിമനോഹരമായ യാത്രക്കൊപ്പം ക്യാമറ, നമ്മെ ഉണ്ണിയുടെ കുട്ടിക്കാലത്തിലേക്ക് കുട്ടിക്കൊണ്ടുപോവുകയാണ്. അതാണ് 90- കിഡ്സിന്റെ കാലം. മൊബൈല്‍ ഫോണില്ലാത്ത, ഇന്റര്‍നെറ്റില്ലാത്ത, ദൂരദര്‍ശന്‍മാത്രമുണ്ടായിരുന്ന, ഒരു കാലം. അവിടെ ഉജാല വണ്ടിയുണ്ടാക്കി ഓടിച്ചും, മരം കയറിയും, മാവേലറിഞ്ഞും ഒരു സംഘം തിമര്‍ക്കുകയാണ്. ഉണ്ണിയുടെ (നീരജ് കൃഷ്ണ) ഹീറോയാണ് അയല്‍വാസിയായ അല്‍പ്പം മൂത്തതായ കണ്ണന്‍ ചേട്ടന്‍. കണ്ണന്‍ ചേട്ടന് (ഡാവിഞ്ചി സന്തോഷ്) കഴിയാത്തായി ഒന്നുമില്ല എന്നാണ് അവന്റെ വിശ്വാസം.

കണ്ണന്‍ പലപ്പോഴും പ്രേക്ഷകരുടെ കണ്ണ് നിറയിക്കും. അച്ഛന്‍ ആത്മഹത്യ ചെയ്ത ആ കുടുംബത്തില്‍ ദാരിദ്ര്യം മാത്രമാണ് ബാക്കി. എന്നിട്ടും അവന്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു. പാകമാകാത്ത വസ്ത്രങ്ങളും, തേഞ്ഞു തീര്‍ന്ന ഹവായ് ചെരുപ്പും തന്ന അപകര്‍ഷതാബോധം അവനുണ്ട്. ശാസ്ത്രമേളക്ക് താനുണ്ടാക്കിയ വാക്വം ക്ലീനര്‍ പുറത്തെടുക്കാന്‍ പോലും കണ്ണന് കഴിയുന്നില്ല. സ്‌കുളിലെ ഓട്ട മത്സരത്തിനിടെ ട്രൗസര്‍ താഴോട്ട് ഊര്‍ന്ന്വീണ് കണ്ണന്‍ തോല്‍ക്കുന്ന രംഗം ഹൃദയഭേദകമാണ്. മികച്ച ബാലതാരത്തിനുള്ള കഴിഞ്ഞ തവണത്തെ സ്റ്റേറ്റ് അവാര്‍ഡ് കണ്ണന്റെ വേഷമിട്ട ഡാവിഞ്ചി സന്തോഷിന് കിട്ടിയത് അര്‍ഹതക്കുള്ള അംഗീകാരം തന്നെ.

കാസ്റ്റിങ്ങിലും പക്കയാണ് ചിത്രം. കണ്ണന്റെ മുത്തശ്ശിയൊക്കെ കാണണം. സാധാരണ ഇത്തരം ചിത്രങ്ങളിലും വയോധിക കഥാപാത്രങ്ങളായി കവിയുര്‍ പൊന്നമ്മ- സുകുമാരി ബോഡി ലാഗ്വേജിലുള്ളവരെയാണ് കാണുക. ഈ മൂത്തശ്ശി പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍നിന്ന് സ്‌ക്രീനിലേക്ക് നടന്നുകയറിയപോലെയുണ്ട്! അതുപോലെ സൈജു കുറുപ്പിന്റെയം, സുധി കൊപ്പയുടെയുമൊക്കെ കഥാപാത്രങ്ങള്‍. നാട്ടിന്‍ പുറത്ത് നമ്മള്‍ കണ്ടുമറന്ന സാധാരണക്കാര്‍. വലതും ചെറുതുമായി വേഷമിട്ട ആരും ചിത്രത്തില്‍ മോശമായിട്ടില്ല. ക്ലൈമാക്സില്‍ കണ്ണന്‍ സീനിയറായി വരുന്ന ബാലു വര്‍ഗീസിന്റെ വിഷാദച്ചിരിയിലുമുണ്ട് ഒരു ക്ലാസ്.


 



ഏറ്റവും രസകരം കണ്ണനും- ഉണ്ണിയും തമ്മിലുള്ള സിങ്ക് തന്നെതാണ്. ചൂയിംഗം വിഴുങ്ങിയാല്‍ ചത്തുപോകുമെന്നും, ചുംബിച്ചാല്‍ കുട്ടിയുണ്ടാവുമെന്നൊക്കെയുള്ള അന്നത്തെ കുട്ടികളുടെ ധാരണകളും അതുവഴിയുള്ള പൊല്ലാപ്പുകളുമൊക്കെ എത്ര രസകരമായാണ് സിനിമ ചിത്രീകരിക്കുന്നത് എന്ന് കണ്ടുതന്നെ അറിയണം. ജിതിന്‍ രാജ്, ദീപക് വാസന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ കഥ ചിത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്തുന്നു. അനാവശ്യമായ ട്വിസ്റ്റോ സസ്പെന്‍സോ ഒന്നുമില്ലാതെ ഒരു കുളിര്‍ തെന്നല്‍പോലെ ചിത്രം മുന്നോട്ട് നീങ്ങുകയാണ്.

ഷാരോണ്‍ ശ്രീനിവാസന്റെ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ട ഒന്ന്. ഓരോ ഫ്രെയിമും അതിമനോഹരമായിരുന്നു. ടൈറ്റില്‍ മ്യൂസിക്ക് മുതല്‍ അവസാനരംഗം വരെ സംഗീതം കൊണ്ട് വിസ്മയിപ്പിച്ചു കളഞ്ഞു, 'അഞ്ചകള്ള കോക്കാന്‍' ഫെയിം സംഗീത സംവിധായകന്‍ മണികണ്ഠന്‍ അയ്യപ്പ. സുഹൈല്‍ കോയയുടെ വരികളും നന്നായി. 'ഋ' എന്ന അക്ഷരം ഉപയോഗിച്ച് ചെയ്തിരിക്കുന്ന ഗാനമൊക്കെ വിസ്മയിപ്പിക്കുന്നു. രോഹിത് വാര്യത്തിന്റെ എഡിറ്റിങ്ങും അഭിനന്ദനാര്‍ഹമാണ്.

ചിത്രം കണ്ടതോടെ ഒരുകാര്യം ഉറപ്പായി. ജിതിന്‍ രാജ് എന്ന ഈ ചലച്ചിത്രകാരന്‍ ഇനിയും ഉയരങ്ങള്‍ താണ്ടാനുള്ളതാണ്. അവസരങ്ങള്‍കിട്ടയാല്‍ ഒരു വേള്‍ഡ് ക്ലാസ് സംവിധായകനായി ഉയര്‍ന്നുവരാനുള്ള ഫയര്‍ അയാളുടെ ഉള്ളിലുണ്ട്. ലിജോ ജോസ് പെല്ലിശേരിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ലിജോയുടെ പേരുവെച്ചത് ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

പക്ഷേ ഈ ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോകള്‍ നിര്‍മ്മാതാക്കളായ, സാജിദ് യഹിയയും, നിതിന്‍ രാധാകൃഷ്ണനുമാണ്. കാരണം ഒരു രീതിയിലും പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റിയ കഥയല്ല ഇത്. ചെയ്തു കാണിക്കേണ്ടതാണ്. താരങ്ങളൊന്നുമില്ലാത്ത,ഒട്ടും ഗ്ലാമറില്ലാത്ത ഒരു ചിത്രത്തിന് പണം മുടക്കാന്‍ അവര്‍ കാണിച്ച റിസ്‌ക്കാണ്, ഒരുപാട് പുതിയ പ്രതിഭകളുടെ വിസ്ഫോടനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

വാല്‍ക്കഷ്ണം: ഹവായ് ചെരുപ്പ് വെട്ടി ചക്രമാക്കി ഉജാല ബോട്ടിലില്‍ ഘടിപ്പിച്ച് വണ്ടിയുണ്ടാക്കി കളിച്ചിരുന്ന, മെഴുകുതിരി വെട്ടംപോലെ ബള്‍ബുകള്‍ മിന്നിയിരുന്ന, റേഷനരി വറുത്ത് പലഹാരമാക്കിയിരുന്നു ഒരു 90- കളിലെ കടുത്ത ദാരിദ്ര്യത്തില്‍നിന്ന്, ലക്ഷങ്ങള്‍ മതിക്കുന്ന ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് സ്വന്തമാക്കാന്‍ കഴിയുന്ന രീതിയില്‍ ഈ നാട്ടിലെ യുവാക്കളെ മാറ്റിയത് എന്ത് മാജിക്കാണ്? ആ പൊളിറ്റിക്സ് ചിത്രം തീരെ പറയുന്നില്ല. അതാണ് 91-ല്‍ ഡോ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണവും, തുടര്‍ന്നുണ്ടായ ഗ്ലോബല്‍ മാര്‍ക്കറ്റും. ഒരു നല്ല ടീവിപോലും ബ്ലാക്ക് മാര്‍ക്കറ്റില്‍ വാങ്ങേണ്ടിവന്ന കാലമായിരുന്നു 90-കള്‍ എന്നും ഈ കാലത്തെ കാല്‍പ്പനികവത്ക്കരിക്കുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്. ഒരു ദാരിദ്ര്യം പിടിച്ച കേരളീയ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഉണ്ണി, അവസാനം ഒരു ആഡംബര ബൈക്കുമായി നാട്ടിലെത്തുന്നതില്‍ എല്ലാമുണ്ട്.

Tags:    

Similar News