മുസ്ലിം മതത്തിന്റെ രീതികള്‍ക്കനുസരിച്ച് ജീവിച്ചിട്ടില്ല; മതം മാറിയപ്പോള്‍ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ചപോലെ: തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ
മതം മാറിയപ്പോള്‍ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ചപോലെ; ലക്ഷ്മിപ്രിയ
മലയാള സിനിമയിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരമാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസ് സീസണ്‍ 4ലൂടെയും ലക്ഷ്മി പ്രിയയെ മലയാളിക്ക് ഏറെ പ്രിയമാണ്. ചെറുപ്പത്തിലെ തന്നെ നാടകത്തിലൂടെ സിനമയിലെത്തിയ താരമാണ് ലക്ഷ്മി. മുസ്ലീം ആയിരുന്ന ലക്ഷ്മി പിന്നീട് മതം മാറി ഹിന്ദു ആവുകയായിരുന്നു.
മുസ്ലിം ആയിരുന്നെങ്കിലും മതത്തിന്റെ രീതികള്‍ക്കനുസരിച്ച് താന്‍ ജീവിച്ചിട്ടില്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഇതുവരെ ഖുര്‍ആന്‍ വായിച്ചിട്ടില്ലെന്നും അറബി തനിക്ക് അറിയില്ലെന്നും പറഞ്ഞ ലക്ഷ്മിപ്രിയ മതം മാറിയപ്പോള്‍ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ചപോലെയാണ് തനിക്ക് തോന്നിയതെന്നും അബാക്ക് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കഴിഞ്ഞ ജന്മത്തിലും ഞാന്‍ ഹിന്ദു തന്നെയായിരുന്നു. ആ ജന്മത്തില്‍ ഉള്ളില്‍ ഉണ്ടായിരുന്നത് തന്നെയാണ് ഈ ജന്മത്തും പുറത്തേക്ക് വന്നത്. അച്ഛന്റെ വീട്ടുകാര്‍ പുരോഗമന ആശയം കൊണ്ടുനടന്നിരുന്നവരായിരുന്നു. ഓര്‍ത്ത്‌ഡോക്‌സ് മുസ്ലീംസ് ആയിരുന്നുവെങ്കിലും ചെട്ടികുളങ്ങര ഭഗവതി എന്നത് കുലദൈവം, പരദേവത പോലെയായിരുന്നു. എന്റെ അച്ഛന്റെ മുത്തച്ഛനൊക്കെ ഹരിപ്പാട് കൊട്ടാരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഹരിപ്പാട് സുബ്രഹ്‌മണ്യന് ആദ്യത്തെ പാട്ട എണ്ണയൊക്കെ ഞങ്ങളുടെ തറവാട്ടില്‍ നിന്നായിരുന്നു കൊടുത്തിരുന്നത്. മണ്ണാറശ്ശാല നാഗദൈവങ്ങള്‍ ഞങ്ങള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നെന്നും ലക്ഷ്മി പറയുന്നു.
പിന്നെ ഖുര്‍ ആന്‍ എന്ന സാധനം ഞാന്‍ പഠിച്ചിട്ടില്ല. മതം ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. അറബി അക്ഷരങ്ങള്‍ ഇപ്പോഴും ജിലേബിയായിട്ടാണ് എനിക്ക് തോന്നാറുള്ളത്. ഒരു ദിവസം പോലും ഞാന്‍ നോമ്പെടുത്തിട്ടില്ല. മുസ്ലീം ട്രെഡീഷന്‍ അനുസരിച്ച് ജീവിച്ചിട്ടില്ല. എനിക്ക് അതൊന്നും ഒരു കാലത്തും വഴങ്ങിയിട്ടില്ലെന്നും ലക്ഷ്മി പ്രിയ അഭിമുഖത്തില്‍ പറയുന്നു.