'മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചു, കുടുംബത്തെക്കുറിച്ചും വ്യാജമായ കാര്യങ്ങൾ പറഞ്ഞു'; ഇൻസ്റ്റഗ്രാം പേജിലൂടെ വിദ്വേഷം പ്രചരിപ്പിച്ചത് 20കാരി; വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരൻ

Update: 2025-11-09 10:17 GMT

കൊച്ചി: സമൂഹമാധ്യമങ്ങളിൽ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ 20 വയസ്സുള്ള തമിഴ്‌നാട്ടുകാരിയായ യുവതിയാണ് പിന്നിലെന്ന് നടി അനുപമ പരമേശ്വരൻ. കേരള സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് അനുപമ അറിയിച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അനുപമയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ അനുചിതമായതും വ്യാജവുമായ കാര്യങ്ങൾ ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സഹതാരങ്ങളെയും സുഹൃത്തുക്കളെയും ടാഗ് ചെയ്തുകൊണ്ടുള്ള ഈ പോസ്റ്റുകൾ ഏറെ വിഷമമുണ്ടാക്കിയതായി അനുപമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കൂടുതൽ അന്വേഷിച്ചതിൽ, ഒരാൾ മാത്രമാണ് വിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി നടിക്കെതിരെ മോശം ഉള്ളടക്കം പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായി.

വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ കേരള സൈബർ ക്രൈം പോലീസിൽ പരാതി നൽകിയെന്നും അവരുടെ അന്വേഷണം വളരെ വേഗത്തിലും ഫലപ്രദവുമായിരുന്നെന്നും അനുപമ വ്യക്തമാക്കി. അന്വേഷണത്തിൽ കണ്ടെത്തിയത് ചെന്നൈയിൽ നിന്നുള്ള ഒരു 20 വയസുകാരിയാണെന്നും, അവളുടെ പ്രായം പരിഗണിച്ച് പേരുവിവരങ്ങൾ പുറത്തുവിടാതിരിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. അവളുടെ ഭാവിയും മാനസിക സമാധാനവും തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനും സോഷ്യൽ മീഡിയയിൽ ഇടപെടുന്നതിനും മറ്റുള്ളവരെ അപമാനിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനുമുള്ള അവകാശം നൽകുന്നില്ലെന്ന് അനുപമ ഓർമ്മിപ്പിച്ചു. ഓൺലെെൻ പ്രവർത്തനങ്ങൾക്ക് തെളിവുകൾ അവശേഷിക്കുമെന്നും ഇതിന് മറുപടി പറയേണ്ടി വരുമെന്നും നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പൊതുപ്രവർത്തകർക്ക് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും നടി വ്യക്തമാക്കി.

Tags:    

Similar News