'ഗജിനിയിൽ നായകനാകേണ്ടിയിരുന്നത് അജിത്, രണ്ട് ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്'; വെളിപ്പെടുത്തലുമായി സംവിധായകൻ എ.ആർ. മുരുഗദോസ്
ചെന്നൈ: 'ഗജിനി' എന്ന ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായി ആദ്യം തിരഞ്ഞെടുത്തത് നടൻ അജിത് കുമാറിനെയായിരുന്നുവെന്ന് സംവിധായകൻ എ.ആർ. മുരുഗദോസ്. മറ്റൊരു സിനിമയ്ക്കുവേണ്ടി മുടി നീട്ടി വളർത്തിയതിനാൽ 'ഗജിനി'യിലെ കഥാപാത്രത്തിന് ആവശ്യമായ രൂപത്തിലേക്ക് മാറാൻ കഴിയാതിരുന്നതാണ് അജിത്തിന് ചിത്രം നഷ്ടപ്പെടാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമായ 'മദ്രാസി'യുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് മുരുഗദോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഗജിനി ഞങ്ങൾ അജിത്തിനെ വെച്ചാണ് തുടങ്ങിയത്. എന്നാൽ അതേസമയം അദ്ദേഹത്തിന് 'നാൻ കടവുൾ' എന്ന ചിത്രവും ചെയ്യണമായിരുന്നു. ആര്യ പിന്നീട് ചെയ്ത ആ സിനിമയിലെ കഥാപാത്രത്തിനായി അജിത്ത് മുടി നീട്ടി വളർത്തുകയായിരുന്നു. അതിനാൽ ഗജിനിക്കുവേണ്ടി തല മൊട്ടയടിക്കാൻ സാധിച്ചില്ല. അതായിരുന്നു പ്രധാന കാരണം,' മുരുഗദോസ് പറഞ്ഞു.
ചിത്രത്തിലെ സാധാരണ രൂപത്തിലുള്ള സഞ്ജയ് രാമസ്വാമിയായി അജിത്ത് രണ്ട് ദിവസം അഭിനയിച്ചിരുന്നുവെന്നും ആ ഭാഗങ്ങൾ താൻ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. 'മിരട്ടൽ' എന്ന പേരിലാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്. അജിത്തിനെയും അസിനെയും ഉൾപ്പെടുത്തി പ്രൊമോഷണൽ പോസ്റ്ററുകളും അന്ന് പുറത്തിറങ്ങിയിരുന്നു. മുരുഗദോസിന്റെ ആദ്യ ചിത്രമായ 'ദീന'യുടെ വൻ വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം ചർച്ചയായത്.
ചിത്രീകരണം വൈകിയത് തിരക്കഥയിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സഹായിച്ചെന്നും അത് സിനിമയ്ക്ക് ഗുണകരമായി മാറിയെന്നും മുരുഗദോസ് അഭിപ്രായപ്പെട്ടു. 2005-ൽ സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ 'ഗജിനി' സൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ഏഴ് കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 50 കോടി നേടി. പിന്നീട് ആമിർ ഖാനെ നായകനാക്കി മുരുഗദോസ് തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോഴും ചിത്രം വൻ വിജയം ആവർത്തിച്ചു.