ഷാജി പാപ്പന്‍, അറക്കല്‍ അബുവും ടീമും വീണ്ടും വരുന്നു! ആട് 3ന് സ്റ്റാര്‍ട്ട് പറഞ്ഞ് മിഥുന്‍ മാനുവല്‍ തോമസും കൂട്ടരും; മെയ് പതിനഞ്ചിന് പാലക്കാടു വച്ച് ചിത്രീകരണം ആരംഭിക്കും

ഷാജി പാപ്പന്‍, അറക്കല്‍ അബുവും ടീമും വീണ്ടും വരുന്നു!

Update: 2025-05-12 14:10 GMT

കൊച്ചി: ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായത് ഷാജി പാപ്പനും പിള്ളേരുമായിരുന്നു. വന്‍ തോല്‍വി ഏറ്റുവാങ്ങിയ ആദ്യ ഭാഗത്തിന് രണ്ടാം ഭാഗം ഒരുങ്ങാന്‍ കാരണവും സൈബറിടം തന്നെയാണ്. ആട് രണ്ട് വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. മെയ് പതിനഞ്ചിന് പാലക്കാടു വച്ച് ചിത്രീകരണം ആരംഭിക്കും. മൂന്നു ഷെഡ്യൂളുകളോടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം.

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചത്. മെയ് പത്ത് ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ആട് -3 എന്ന ചിത്രത്തിന്റെ തിരിതെളിഞ്ഞു. ആട് സീരിസിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ ഷാജി പാപ്പന്റെ ജ്യേഷ്ഠസഹോദരന്‍ തോമസ് പാപ്പനെ അവതരിപ്പിച്ച രണ്‍ജി പണിക്കര്‍ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെ ചിത്രത്തിലെ അഭിനേതാക്കളും, അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു.

തുടര്‍ന്ന് നടന്‍ ഷറഫുദ്ദീന്‍ സ്വിച്ചോണ്‍ കര്‍മ്മവും, സംവിധായകനാവാന്‍ പോകുന്ന കൂടിയായ നടന്‍ ഉണ്ണി മുകുന്ദന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി ചിത്രീകരണത്തിനു തുടക്കമിട്ടു. 'ആട് ചിത്രീകരണം നടക്കുമ്പോള്‍ ഞാന്‍ ചാന്‍സ് തേടി നടക്കുകയാണ്. ആടിലും ചാന്‍സ് ചോദിച്ചിരുന്നു. പക്ഷേ ആട് തുടങ്ങിയപ്പോള്‍ ഞാന്‍ പ്രേമത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നതിനാല്‍ ആട് നഷ്ടപ്പെട്ടുവെന്ന്' ഷറഫുദ്ദിന്‍ ആശംസകള്‍ നേര്‍ന്നു പറഞ്ഞു. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന് എല്ലാ ആശംസകളും ഉണ്ണി മുകുന്ദനും നേര്‍ന്നു.

താനവതരിപ്പിച്ച മാര്‍ക്കോ എന്ന നെഗറ്റീവ് കഥാപാത്രത്തെ ഹീറോ ആക്കി അവതരിപ്പിക്കാന്‍ 'ആന്റോച്ചേട്ടന്‍' (ആന്റോ ജോസഫ്) അനുവാദം തന്നതും മാര്‍ക്കോ വലിയ വിജയമായ അനുഭവവും ഉണ്ണി മുകുന്ദന്‍ പങ്കിട്ടു. ഷാജി പാപ്പന്‍, അറക്കല്‍ അബു തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യ, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, ഭഗത് മാനുവല്‍, നോബി, നെല്‍സണ്‍, ആന്‍സന്‍ പോള്‍, ചെമ്പില്‍ അശോകന്‍, ശ്രിന്ദ, ഡോ. റോണി രാജ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Tags:    

Similar News