അതിൽ മാത്രം എനിക്ക് ലജ്ജയുണ്ട്; തുടക്കത്തിൽ ആളുകൾ നിങ്ങളെ സഹായിക്കും; മുമ്പ് എനിക്ക് അത് സംഭവിച്ചിട്ടുണ്ട്; തുറന്നുപറഞ്ഞ് നടൻ അജിത്

Update: 2025-11-04 14:24 GMT

സൂപ്പർതാരമെന്ന നിലയിലും മോട്ടോർ സ്‌പോർട്‌സ് റേസറെന്ന നിലയിലും ശ്രദ്ധേയനായ നടൻ അജിത് കുമാർ, താൻ വ്യക്തിജീവിതത്തിൽ സ്വയം കാര്യങ്ങൾ ചെയ്യുന്നതിലെ താല്പര്യത്തെക്കുറിച്ചും സഹായം പ്രതീക്ഷിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ചു. അടുത്തിടെ അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിലാണ് താരം ഈ വിഷയങ്ങൾ വിശദീകരിച്ചത്.

താൻ ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണെന്നും, മാതാപിതാക്കളുടെ കാഴ്ചപ്പാടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെറുപ്പത്തിലേ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പഠിച്ചുവെന്നും അജിത് കുമാർ പറഞ്ഞു. ഇന്നത്തെ സിനിമാ മേഖലയിൽ, പ്രത്യേകിച്ച് ബോളിവുഡിൽ, താരങ്ങളുടെ സഹായികളുടെ എണ്ണവും ചെലവും വർധിക്കുന്നത് നിർമ്മാണച്ചെലവ് കൂട്ടുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

തൊഴിൽപരമായ കാര്യങ്ങളിൽ മറ്റുള്ളവരുടെ സഹായം ജീവിതം എളുപ്പമാക്കുമെന്നും സമയം ലാഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അംഗീകരിച്ചു. എന്നാൽ, തുടക്കത്തിൽ ലഭിക്കുന്ന സഹായം പിന്നീട് എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു ദുശ്ശീലമായി മാറാൻ സാധ്യതയുണ്ടെന്നും, ഇത് തന്നെ വഷളാക്കുമെന്ന് ഭയന്നാണ് താൻ ഈ ശീലങ്ങളിൽ നിന്ന് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. "തുടക്കത്തിൽ ആളുകൾ നിങ്ങളെ സഹായിക്കും. എന്നാൽ ഒരു കാലയളവിനുശേഷം നിങ്ങൾ അത് ചുറ്റുമുള്ള എല്ലാവരിൽ നിന്നും പ്രതീക്ഷിച്ചു തുടങ്ങും. അത് മുമ്പ് എനിക്ക് സംഭവിച്ചിട്ടുണ്ട്. അതിൽ എനിക്ക് ലജ്ജയുണ്ട്," അജിത് കുമാർ കൂട്ടിച്ചേർത്തു.

ഈ കാരണങ്ങളാലാണ് താൻ ദുബായിലേക്ക് താമസം മാറിയതെന്നും, എല്ലാ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും പ്രധാനമായും മോട്ടോർ സ്‌പോർട്‌സിന് സമയം കണ്ടെത്താനും ഇത് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യേണ്ടി വരുന്നു, അത് താൻ ആസ്വദിക്കുന്നു. 20 വർഷം മുമ്പ് തന്നെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ വെറുക്കുമായിരുന്നുവെന്നും, അന്ന് വലിയ സഹായിവൃന്ദം ഉണ്ടായിരുന്നതുകൊണ്ട് ജീവിതം ബുദ്ധിമുട്ടാകുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

Tags:    

Similar News