'ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഇവിടെ വരെയെത്തിയത്, ട്രോളുകള്‍ വരട്ടെ, വിഷയമുള്ള കാര്യമല്ല'; പാവങ്ങളുടെ ചാര്‍ലിയെന്ന ട്രോളിന് മറുപടിയുമായി നടൻ ബിബിൻ ജോർജ്
തിരുവനന്തപുരം: 'കൂടൽ' എന്ന സിനിമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്ന ട്രോളിനെതിരെ നടൻ ബിബിൻ ജോർജ് രംഗത്ത്. ചിത്രത്തെ 'പാവങ്ങളുടെ ചാർലി' എന്ന് വിശേഷിപ്പിച്ച് പലരും കളിയാക്കിയതിനായിരുന്നു ബിബിൻ ജോർജിന്റെ പ്രതികരണം. കൈരളി ടി.വി.യുടെ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ബിബിൻ ജോർജ് ട്രോളുകൾക്ക് മറുപടി നൽകിയത്.
സിനിമ കണ്ടിട്ട് ഒരു നെഗറ്റീവ് അഭിപ്രായം പോലും ആരും പറഞ്ഞിട്ടില്ലെന്നും, സിനിമ കാണാത്തവരാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'എൻ്റെ ചെറുപ്പത്തിൽ ഇതിലും വലിയ പരിഹാസങ്ങൾ കേട്ടിട്ടാണ് ഞാൻ ഇവിടം വരെ എത്തിയത്. ട്രോളുകൾ വരട്ടെ, അതൊന്നും എനിക്ക് വിഷയമല്ല,' ബിബിൻ ജോർജ് വ്യക്തമാക്കി.
ഷാനു കാക്കൂരും ഷാഫി എപ്പിക്കാടും ചേർന്ന് സംവിധാനം ചെയ്ത 'കൂടൽ' ഇരുവരുടെയും ആദ്യ ചിത്രമായിരുന്നു. ചിത്രത്തിൽ ബിബിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപഭാവങ്ങളും സംഭാഷണങ്ങളുമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 'ചാർലി' എന്ന സിനിമയുമായി സാമ്യമുള്ളതായി ചൂണ്ടിക്കാട്ടി ട്രോളന്മാർ രംഗത്തെത്തിയത്.
'ചാർലി' സിനിമയുടെ പശ്ചാത്തലമായിരുന്ന അട്ടപ്പാടിയെക്കുറിച്ച് 'കൂടൽ' സിനിമയിൽ ബിബിൻ വിശദീകരിക്കുന്ന ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് 'പാവങ്ങളുടെ ചാർലി' എന്ന പരിഹാസം ഉയർന്നുവന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും കടുത്ത പരിഹാസത്തിന് പാത്രമായി. 'കൂടൽ' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ സിനിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ട്രോളുകൾ ഉയർന്നുവന്നത്. അനു സിത്താരയുടെ സഹോദരി അനു സോനാറ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു 'കൂടൽ'.