മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1978-ലോ?; മോഹൻലാലിന്റെ ജീവിതരേഖ തയ്യാറാക്കാനുള്ള ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യത്തിൽ 'ബ്ലണ്ടർ'; തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ ഇംഗ്ലീഷ് പരീക്ഷയിൽ നടൻ മോഹൻലാലിന്റെ ജീവിതരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ട ചോദ്യത്തിലെ വസ്തുതാപരമായ പിഴവുകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ. സാധാരണയായി പ്രമുഖ എഴുത്തുകാരുടെയോ ശാസ്ത്രജ്ഞരുടെയോ ജീവിതരേഖ ചോദിക്കാറുള്ള പരീക്ഷയിൽ മോഹൻലാലിന്റെ പേര് വന്നത് വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് മോഹൻലാലിന്റെ ജനനം മുതൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് വരെയുള്ള നേട്ടങ്ങളും അഞ്ച് ദേശീയ പുരസ്കാരങ്ങൾ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ ബഹുമതികളും ഉൾപ്പെടുത്തി ജീവിതരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. മണിച്ചിത്രത്താഴ്, തന്മാത്ര, ഒടിയൻ, നേര് തുടങ്ങിയ കരിയർ ബെസ്റ്റ് ചിത്രങ്ങളും വരാനിരിക്കുന്ന സിനിമകളുടെ സൂചനകളും ചോദ്യത്തിനൊപ്പം നൽകിയിരുന്നു. പരീക്ഷാച്ചൂടിനിടെ പ്രിയതാരത്തെക്കുറിച്ചുള്ള ചോദ്യം വിദ്യാർത്ഥികൾക്ക് ആശ്വാസകരമായിരുന്നു.
എന്നാൽ, ചോദ്യത്തിലെ ചില നിർണ്ണായക വസ്തുതാപരമായ പിഴവുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയത്. 1978-ൽ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ' വില്ലനായി അരങ്ങേറ്റം കുറിച്ചു എന്ന ചോദ്യത്തിലെ പരാമർശം തെറ്റാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മോഹൻലാൽ അഭിനയരംഗത്തെത്തിയത് 1978-ൽ 'തിരനോട്ടം' എന്ന ചിത്രത്തിലൂടെയാണെന്നും 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' പുറത്തിറങ്ങിയത് 1980-ലാണെന്നും ഇവർ വ്യക്തമാക്കുന്നു. കൂടാതെ, ജോലി സംബന്ധിച്ച സൂചനയിലുള്ള 'സോ കോൾഡ് സൂപ്പർ സ്റ്റാർ' എന്ന പ്രയോഗത്തെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്.