ഷക്കീല മക്കയിലേക്ക്; ഉംറ നിർവഹിക്കാനുള്ള യാത്രയുടെ വീഡിയോ പുറത്ത്; പർദ്ദയണിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം താരം; 'സ്വപ്നം യാഥാർത്ഥ്യമാകുന്നു' എന്ന് കുറിപ്പ്
മക്ക: ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്ക് യാത്ര തിരിച്ചു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടി ഷക്കീല. താരത്തിന്റെ യാത്രയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പർദ്ദയും തലയിൽ തട്ടവും ധരിച്ചാണ് ഷക്കീല യാത്രക്കായി ഒരുങ്ങിയത്. അടുത്ത സുഹൃത്തുക്കളാണ് താരത്തെ യാത്രയാക്കിയത്. ഷക്കീലയുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഈ വീഡിയോ പങ്കുവെച്ചത്.
"ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ," എന്ന അടിക്കുറിപ്പോടെയാണ് സതീഷ് ക്രിസ്റ്റഫർ വീഡിയോ പങ്കുവെച്ചത്. താരത്തിന്റെ ഈ യാത്ര ആരാധകർക്കിടയിൽ ഏറെ ചർച്ചയായിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് നടി മുംതാസുമായി നടത്തിയ സംഭാഷണത്തിൽ ഷക്കീല ആത്മീയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. താൻ വലിയ തെറ്റ് ചെയ്തുവെന്നും അതിൽ നിന്നും പുറത്തുവരാൻ ആഗ്രഹിക്കുന്നുവെന്നും ഷക്കീല അന്ന് പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി, "അള്ളാഹു നിങ്ങളെ പുറത്തെത്തിക്കും. നിങ്ങളതിന് വേണ്ടി പ്രാർത്ഥിക്കണം. ആളുകൾ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല. അള്ളാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും" എന്നാണ് മുംതാസ് മറുപടി നൽകിയത്. ഒരു കാലത്ത് ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങിയ മുംതാസ് ഏതാനും വർഷങ്ങൾക്ക് മുൻപാണ് ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞത്.
90-കളിൽ ബോക്സ് ഓഫീസ് അടക്കിവാണ താരമാണ് ഷക്കീല. മലയാളം ഉൾപ്പെടെ നിരവധി സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഷക്കീല യൂട്യൂബ് ചാനലുകളിൽ അവതാരകയായും 'കുക്ക് വിത്ത് കോമാളി' പോലുള്ള റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായും സജീവമാണ്. അവിവാഹിതയായ ഷക്കീല ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ട്രാൻസ്ജെൻഡർ യുവതിയെ ദത്തെടുത്തിരുന്നു.
