'ആ താടിയും വസ്ത്രശൈലിയും സുരേഷ് ഗോപി മോഷ്ടിച്ചതാണ്'; 31 വർഷമായി താൻ കൊണ്ടുനടക്കുന്ന ലുക്കാണെന്ന് നടൻ സന്തോഷ്; വെളിപ്പെടുത്തൽ ഇങ്ങനെ
കൊച്ചി: നരച്ച താടിയും കൊമ്പൻ മീശയുമുള്ള തന്റെ തനത് ലുക്ക് നടൻ സുരേഷ് ഗോപി മോഷ്ടിച്ചതാണെന്ന് നടൻ സന്തോഷ്. 1995 മുതൽ താൻ പിന്തുടരുന്ന വസ്ത്രധാരണ ശൈലിയും സുരേഷ് ഗോപി പകർത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് സന്തോഷിന്റെ ഈ രസകരവും എന്നാൽ ചർച്ചാവിഷയവുമായ പ്രതികരണം.
താൻ എട്ടു വർഷമായി കൊണ്ടുനടക്കുന്ന താടിയും 31 വർഷമായി ഉപയോഗിക്കുന്ന ഡ്രസ്സിംഗ് പാറ്റേണും സുരേഷ് ഗോപി അനുകരിക്കുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. "ഈ താടി ഞാൻ വെച്ചിട്ട് എട്ടു വർഷമായി. സുരേഷ് ഗോപിയാണ് ഇത് മോഷ്ടിച്ചത്. ഈ ഡ്രസ്സിംഗ് പാറ്റേണും അദ്ദേഹം പകർത്തിയതാണ്. 95 മുതൽ ഞാൻ ഈ വേഷം ഉപയോഗിക്കുന്നുണ്ട്. സുരേഷ് ഗോപി എന്റെ സുഹൃത്തും ബന്ധുവുമാണ്. അതുകൊണ്ട് തന്നെ എനിക്ക് ഇത് തുറന്നുപറയാൻ മടിയില്ല"– സന്തോഷ് വ്യക്തമാക്കി.
കൊറോണയ്ക്ക് മുൻപ് ഒരു കന്നഡ സിനിമയ്ക്ക് വേണ്ടിയാണ് താൻ ഈ ലുക്ക് പരീക്ഷിച്ചത്. എന്നാൽ ആ സിനിമ പകുതിക്ക് വെച്ച് നിന്നുപോയി. പിന്നീട് എല്ലാവരും ഈ ലുക്ക് നന്നായിട്ടുണ്ടെന്ന് പറഞ്ഞതോടെ അത് നിലനിർത്തുകയായിരുന്നു. പണ്ട് ഒരു കോസ്റ്റ്യൂം ഡിസൈനർ തനിക്ക് വേണ്ടി മാത്രം ഡിസൈൻ ചെയ്ത വസ്ത്രരീതിയാണിതെന്നും, ഇന്ത്യയിൽ എവിടെ പോയാലും ഇത് മാറ്റാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹങ്കാരി എന്ന് വിളിച്ചാലും തന്റെ ഇഷ്ടപ്പെട്ട വേഷം മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് താരം.
സവിൻ സയുടേതായി പുറത്തിറങ്ങിയ 'മോഹിനിയാട്ടം' ആണ് സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രം. സൈജു കുറുപ്പ് നായകനായി മികച്ച വിജയം നേടിയ 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, ബേബി ജീൻ, വിനയ് ഫോർട്ട്, ജഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.