'നീ വളരെ ക്യൂട്ടാണ്'; യുസ്വേന്ദ്ര ചാഹല്‍ അയച്ച സന്ദേശം പുറത്തുവിട്ട് നടി ടാനിയാ ചാറ്റര്‍ജി; ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും നടി; പഞ്ചാബ് താരം വീണ്ടും വിവാദ കുരുക്കില്‍
മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ പഞ്ചാബ് കിംഗ്‌സ് താരം യുസ്വേന്ദ്ര ചാഹല്‍ വീണ്ടും വിവാദ കുരുക്കില്‍. നടി ടാനിയ ചാറ്റര്‍ജിയുടെ പുതിയ വെളിപ്പെടുത്തലുകളാണ് താരത്തെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ചാഹല്‍ തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നാണ് ടാനിയ അവകാശപ്പെടുന്നത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ പുകവലിച്ച് സിഗരറ്റ് കുറ്റി പൊതുനിരത്തിലേക്ക് വലിച്ചെറിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തല്‍.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലൂടെയാണ് ടാനിയ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പാപ്പരാസികള്‍ക്ക് മുന്നില്‍ വെച്ച് തന്റെ ഇന്‍സ്റ്റാഗ്രാം ഇന്‍ബോക്‌സ് തുറന്നു കാണിച്ച നടി, ചാഹലിന്റെ സന്ദേശങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ തെളിവായി നിരത്തി. ടാനിയ പങ്കുവെച്ച ഒരു സ്റ്റോറിക്ക് മറുപടിയായി 'നീ വളരെ ക്യൂട്ടാണ്' എന്ന് ചാഹല്‍ അയച്ച സന്ദേശമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. ഈ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
സ്വകാര്യ ജീവിതത്തിലെ താളപ്പിഴകള്‍ മുന്‍പും ചാഹലിനെ വാര്‍ത്തകളില്‍ എത്തിച്ചിട്ടുണ്ട്. 2025-ലാണ് ചാഹലും പ്രശസ്ത നര്‍ത്തകി ധനശ്രീ വര്‍മ്മയും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞത്. അതിനുശേഷം ആര്‍ജെ മഹ്വാഷുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലതവണ പുറത്തുവന്നുവെങ്കിലും മാസങ്ങള്‍ക്ക് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെ ആ ബന്ധവും അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വിവാദങ്ങളോട് ചാഹല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.