'സൗന്ദര്യം മാത്രം പോരാ, അല്പം ബുദ്ധി കൂടി വേണം'; ആദരാഞ്ജലി പോസ്റ്റിൽ ആശാ ഭോസ്‌ലെയ്ക്ക് പകരം ലതാ മങ്കേഷ്‌കറുടെ ചിത്രം; സമൂഹമാധ്യമങ്ങളിൽ ആതിയ ഷെട്ടിക്ക് 'ട്രോൾമഴ'

Update: 2026-04-13 14:13 GMT

മുംബൈ: ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ബോളിവുഡ് താരം ആതിയ ഷെട്ടിക്ക് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ആശാ ഭോസ്‌ലെയ്ക്ക് പകരമായി ലതാ മങ്കേഷ്‌കറുടെ ചിത്രം പങ്കുവെച്ചതാണ് താരത്തെ പുലിവാല് പിടിപ്പിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ ഉടൻ തന്നെ ആതിയ ചിത്രം നീക്കം ചെയ്തെങ്കിലും ഇതിനോടകം തന്നെ ഇതിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായിക്കഴിഞ്ഞു.

ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്റെ ഭാര്യയും നടൻ സുനിൽ ഷെട്ടിയുടെ മകളുമായ ആതിയയ്ക്ക് എതിരെ രൂക്ഷമായ പരിഹാസമാണ് ഇൻസ്റ്റാഗ്രാമിലും എക്സിലും ഉയരുന്നത്. "സൗന്ദര്യം മാത്രം പോരാ, അല്പം ബുദ്ധി കൂടി വേണം" എന്നാണ് ഒരു വിഭാഗം കമന്റ് ചെയ്തത്. ഇത്രയും ഗൗരവകരമായ കാര്യങ്ങളിൽ എങ്ങനെയാണ് ഇത്രയും നിരുത്തരവാദപരമായി പെരുമാറാൻ കഴിയുന്നതെന്നും വിമർശകർ ചോദിക്കുന്നു. 2022 ഫെബ്രുവരി 6-നാണ് ലതാ മങ്കേഷ്‌കർ വിടവാങ്ങിയത്.

"നെപ്പോ കിഡ്‌സിന് എങ്ങനെയെങ്കിലും വാർത്തകളിൽ നിറഞ്ഞു നിൽക്കണമെന്നേയുള്ളൂ. അറിവോ വിവരമോ ഇല്ലാത്ത ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ഇവരുടെ സിനിമകൾ പരാജയപ്പെടുന്നത്" എന്നായിരുന്നു ഒരാളുടെ എക്സ് കുറിപ്പ്. ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ഒരിക്കലെങ്കിലും പരിശോധിക്കേണ്ടത് സാമാന്യ മര്യാദയാണെന്നും വിമർശനമുയർന്നു.

നെഞ്ചിലെ അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു ആശാ ഭോസ്‌ലെ (92) അന്തരിച്ചത്. ശനിയാഴ്ചയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് നാലിന് ദാദർ ശിവാജി പാർക്കിലായിരുന്നു അന്ത്യകർമങ്ങൾ നടന്നത്.

Tags:    

Similar News