'സഹോദരനെ പുറത്തിരുത്തി, എന്നെ അകത്തേക്ക് വിളിപ്പിച്ചു'; അടിവസ്ത്രങ്ങൾ ധരിക്കാൻ പറഞ്ഞു; ശരീരം കാണണമെന്ന് ആവശ്യപ്പെട്ടു; തുടക്കകാലത്തെ ദുരനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്

Update: 2026-01-30 07:19 GMT

ചെന്നൈ: കരിയറിന്റെ തുടക്കകാലത്തുണ്ടായ നടുക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയ താരം ഐശ്വര്യ രാജേഷ്. സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളും സെറ്റിലെ മോശം പെരുമാറ്റങ്ങളുമാണ് താരം തുറന്നുപറഞ്ഞത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവമായ താരം അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഫോട്ടോഗ്രാഫറിൽ നിന്നുള്ള ദുരനുഭവം താൻ വളരെ ചെറുപ്പമായിരുന്ന കാലത്ത് നടന്ന സംഭവത്തെക്കുറിച്ച് ഐശ്വര്യ പറയുന്നത് ഇങ്ങനെ: "അന്ന് എനിക്ക് ഇൻഡസ്ട്രിയെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. സഹോദരനൊപ്പമാണ് ഞാൻ ആ ഫോട്ടോഗ്രാഫറെ കാണാൻ പോയത്. എന്റെ സഹോദരനെ പുറത്തിരുത്തിയ ശേഷം അയാൾ എന്നെ അകത്തേക്ക് വിളിപ്പിച്ചു. അവിടെ വെച്ച് അടിവസ്ത്രങ്ങൾ (lingerie) ധരിക്കാൻ തന്ന ശേഷം നിന്റെ ശരീരം കാണണമെന്ന് അയാൾ ആവശ്യപ്പെട്ടു."

അന്ന് ആ വസ്ത്രം ധരിക്കാൻ തനിക്ക് തന്റെ സഹോദരന്റെ അനുമതി വേണമെന്ന് പറഞ്ഞ് അവിടെ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് താരം പറഞ്ഞു. അയാൾ ഇത്തരത്തിൽ എത്ര പെൺകുട്ടികളെ ചതിച്ചിട്ടുണ്ടാകുമെന്നും, ഈ വിവരം ഇതുവരെ തന്റെ സഹോദരനോട് വെളിപ്പെടുത്തിയിട്ടില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. സംവിധായകന്റെ പെരുമാറ്റം മറ്റൊരു സന്ദർഭത്തിൽ ഒരു പ്രമുഖ സംവിധായകൻ തന്നോട് മോശമായി പെരുമാറിയ കാര്യവും താരം പങ്കുവെച്ചു.

ഷൂട്ടിംഗിന് ഏതാനും മിനിറ്റുകൾ വൈകിയെത്തിയതിന് ജൂനിയർ ആർട്ടിസ്റ്റുകളുടെ മുന്നിൽ വെച്ച് അയാൾ തന്നെ പരസ്യമായി ശകാരിച്ചു. മറ്റ് നടിമാരോട് താരതമ്യം ചെയ്തായിരുന്നു അധിക്ഷേപം. ഒരാൾ തെറ്റ് ചെയ്താൽ പോലും പൊതുമധ്യത്തിൽ വെച്ച് അപമാനിക്കുന്നത് ശരിയാണോ എന്ന് ഐശ്വര്യ ചോദിക്കുന്നു. എന്നാൽ തന്നെ അപമാനിച്ച ഫോട്ടോഗ്രാഫറുടെയോ സംവിധായകന്റെയോ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. ഐശ്വര്യയുടെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലും സിനിമാ വൃത്തങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.

Tags:    

Similar News