ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് ആളുകൾ അറിയരുതെന്ന് ആഗ്രഹിച്ചു; ഒരിക്കലും മറക്കാൻ പറ്റാത്ത ദിനങ്ങൾ; അതിനിടയിൽ ചില ഗോസിപ്പുകളും കേൾക്കാൻ തുടങ്ങി; അനുഭവം പറഞ്ഞ് നടി ആൻമരിയ

Update: 2025-10-23 11:02 GMT

പ്രമുഖ നടി ആൻമരിയ കഠിനമായ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്ന് വെളിപ്പെടുത്തി. വിഷാദം, ട്രോമ, പാനിക് അറ്റാക്കുകൾ എന്നിവയെല്ലാം അലട്ടിയിരുന്നിട്ടും, പുറമെ പുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ടത് താൻ അനുഭവിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ അറിയാതിരിക്കാനാണെന്ന് ആൻമരിയ വ്യക്തമാക്കി. കഠിനമായ വയറുവേദനയും രക്തസ്രാവവും കാരണം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നതായും അവർ കൂട്ടിച്ചേർത്തു.

ഏപ്രിലിൽ റെനൈ മെഡിസിറ്റിയിൽ ഒരു ചെറിയ പോളിപ് സർജറിക്ക് വിധേയയായതിന് പിന്നാലെ ചില വ്യാജ പ്രചാരണങ്ങൾ തന്നെ വേദനിപ്പിച്ചതായി ആൻമരിയ പറഞ്ഞു. സീരിയൽ ഷൂട്ടിംഗുകളിൽ നിന്ന് താൽക്കാലികമായി അവധി എടുത്തിരുന്ന സമയത്താണ് ഇത്തരം കിംവദന്തികൾ പ്രചരിച്ചത്. ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നവർക്ക് അത് സന്തോഷം നൽകിയേക്കാം, എന്നാൽ സത്യം സത്യമായി നിലനിൽക്കുമെന്നും അവർ ഓർമ്മിപ്പിച്ചു.


ഈ ദുരിത കാലഘട്ടത്തിൽ അമ്മയും മകളും തനിക്ക് താങ്ങും തണലുമായി നിന്നതായി ആൻമരിയ ഹൃദയസ്പർശിയായി പറഞ്ഞു. താൻ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. മാനസികമായി തകർന്നപ്പോഴും അവർക്കുവേണ്ടി ശക്തയായി നിലകൊള്ളാൻ ശ്രമിച്ചതായും അവർ കൂട്ടിച്ചേർത്തു. താൻ നേരിട്ട വേദനകളും മുൻവിധികളും തെറ്റായ പ്രചാരണങ്ങളെയും അതിജീവിച്ച് സത്യത്തിനും ശക്തിക്കും ഒപ്പം ഉറച്ചുനിൽക്കുന്നതായും ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച ഒരു കുറിപ്പിലൂടെ ആൻമരിയ വ്യക്തമാക്കി.

Tags:    

Similar News