അന്ന് ഒരു തമാശയായാണ് ഷെയർ ചെയ്യാമെന്ന് വിചാരിച്ചത്; ഇന്ന് ഞാനതിൽ പശ്ചാത്തപിക്കുന്നു; ഇതൊന്നും അത്ര 'ക്യൂട്ട്' അല്ല കേട്ടോ..; തുറന്നുപറഞ്ഞ് നടി അശ്വതി

Update: 2025-10-14 10:01 GMT

കുട്ടികളുടെ സ്വകാര്യതയെ മാനിക്കാതെ, അവരുടെ കരച്ചിലോ വാശിയോ നിറഞ്ഞ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനെതിരെ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് രംഗത്തെത്തി. ഇത്തരം വീഡിയോകൾ കുട്ടികൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും, രക്ഷിതാക്കൾ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അവർ ഓർമ്മിപ്പിച്ചു. 'ക്യൂട്ട് അല്ല, തമാശയുമല്ല' എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അശ്വതി തൻ്റെ നിലപാട് വ്യക്തമാക്കിയത്.

താനും സമാനമായ തെറ്റ് മുൻകാലങ്ങളിൽ ചെയ്തിട്ടുണ്ടെന്ന് അശ്വതി സമ്മതിച്ചു. മകൾ സ്കൂളിൽ പോകാൻ മടിച്ച് കരഞ്ഞ ഒരു നിമിഷം തമാശരൂപേണ വീഡിയോ എടുത്ത് പങ്കുവെച്ചെന്നും, എന്നാൽ പിന്നീട് അത് വലിയ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞെന്നും അവർ വ്യക്തമാക്കി. ആ വീഡിയോ കണ്ട പലരും തൻ്റെ മകളോട് അക്കാര്യം ചോദിച്ചപ്പോൾ അവൾ വല്ലാതെ വേദനിച്ച് തന്നെ നോക്കിയെന്നും, അപ്പോഴാണ് താൻ ചെയ്തതിൻ്റെ ഗൗരവം തിരിച്ചറിഞ്ഞതെന്നും അശ്വതി പറഞ്ഞു.

കുട്ടികൾക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ അവരോടൊപ്പം സമയം ചെലവഴിച്ച് അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടതെന്നും, അല്ലാതെ ക്യാമറയുമായി രംഗപ്രവേശം ചെയ്യുകയല്ല വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് വേണ്ടത് പിന്തുണയാണെന്നും, ഇതിനർത്ഥം ഒരു വിവരവും പങ്കുവെക്കരുത് എന്നല്ലെന്നും കമൻ്റുകൾക്ക് മറുപടിയായി അവർ സൂചിപ്പിച്ചു. കുട്ടികളുടെ വ്യക്തിപരമായ നിമിഷങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് അശ്വതി തൻ്റെ പരാമർശം അവസാനിപ്പിച്ചത്.

Tags:    

Similar News