മുപ്പതുകളുടെ അവസാന ലാപ്പിലാണ്; ഇനി തിരിച്ചറിവുകളുടെ കാലം; ഇടയ്ക്ക് എന്നെ കണ്ട് ഞാൻ തന്നെ അമ്പരന്നു; മനസ്സ് തുറന്ന് അശ്വതി
മലയാളികളുടെ പ്രിയങ്കരിയായ ടെലിവിഷൻ അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്, തന്റെ മുപ്പതുകളിലെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. മുപ്പതുകളുടെ അവസാന ഘട്ടത്തിലെത്തിയ താൻ, ഈ കാലഘട്ടം വ്യക്തിപരമായി ഒരുപാട് തിരിച്ചറിവുകൾ നൽകിയെന്നും, പഴയ തന്നെ കണ്ടെത്താൻ പോലും പ്രയാസപ്പെടുന്ന തരത്തിൽ ജീവിതം ഉടച്ചുവാർക്കേണ്ടി വന്നുവെന്നും അശ്വതി പറയുന്നു.
ഇരുപതുകളിൽ നിന്ന് മുപ്പതിലേക്ക് കടക്കുന്നത് അത്ര സുഖകരമായിരുന്നില്ലെന്നും, മുപ്പതാം പിറന്നാളിന്റെ തലേരാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആശിച്ചുപോയെന്നും അശ്വതി ഓർത്തെടുക്കുന്നു. മുപ്പതുകൾ ഒരു സ്ത്രീയെ സംബന്ധിച്ച് തിരിച്ചറിവുകളുടെ കാലമാണെന്ന് മറ്റുള്ളവർ പറഞ്ഞിരുന്നത് ചെറിയ ആശ്വാസമായിരുന്നെന്നും, എന്നാൽ യഥാർത്ഥത്തിൽ അത് വ്യക്തിത്വത്തെ അടിമുടി മാറ്റിയെഴുതേണ്ട കാലഘട്ടമായിരുന്നെന്ന് നടി വ്യക്തമാക്കുന്നു.
ഈയിടെ ഒരു സുഹൃത്ത് അയച്ചുതന്ന പഴയ ചാറ്റിന്റെ സ്ക്രീൻഷോട്ട് കണ്ടപ്പോൾ, സങ്കടങ്ങൾ മാത്രം പറഞ്ഞും ചുറ്റുമുള്ള പ്രശ്നങ്ങളിൽ നിസ്സഹായത പ്രകടിപ്പിച്ചും ഇരുന്ന പഴയ തന്നെ തിരിച്ചറിയാൻ പോലും പ്രയാസപ്പെട്ടതായി അശ്വതി വെളിപ്പെടുത്തി. ഇരുപത്തൊൻപതാം പിറന്നാളിന് സംഘർഷാവസ്ഥ അനുഭവിച്ച ഒരാൾക്കെങ്കിലും തന്റെ അനുഭവം പ്രയോജനപ്പെട്ടേക്കുമെന്ന ചിന്തയിലാണ് ഇങ്ങനെയൊരു കുറിപ്പെഴുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.