'സമൂഹം പല തരത്തിലുള്ള കുത്തുവാക്കുകൾ പറയും, വിധവയായുള്ള ജീവിതം എളുപ്പമല്ല'; മോശം അനുഭവങ്ങൾ നേരിട്ടത് വിദ്യാഭ്യാസവും വിവരവും ഉള്ളവരിൽ നിന്ന്; തുറന്ന് പറഞ്ഞ് നടി ഇന്ദുലേഖ

Update: 2025-10-26 17:25 GMT

കൊച്ചി: ഭർത്താവിന്റെ മരണശേഷം തനിക്ക് സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെയും അതിജീവനത്തെയും കുറിച്ച് തുറന്ന് പറയുകയാണ് നടി ഇന്ദുലേഖ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരത്തിന്റെ വെളിപ്പെടുത്തൽ. ഭർത്താവ് ശങ്കരൻകുട്ടി ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അന്തരിച്ചത്. അതിനുശേഷം ഇന്ദുലേഖ തന്റെ ജീവിതം മകൾക്കായി മാറ്റിവെക്കുകയായിരുന്നു.

'വിധവയായുള്ള ജീവിതം അത്ര എളുപ്പമല്ല. സമൂഹം പല തരത്തിലുള്ള കുത്തുവാക്കുകൾ പറയാറുണ്ട്. ഭർത്താവ് മരിച്ച സമയത്തും ഞാൻ സീരിയലിൽ അഭിനയിക്കുകയായിരുന്നു. അന്ന് മകൾ വളരെ ചെറുതായിരുന്നു. പുറത്തിറങ്ങുമ്പോൾ പലരും എന്നെക്കുറിച്ച് പലതും പറയുമായിരുന്നു. അതുകൊണ്ട് ഒരുപാട് ശ്രദ്ധിച്ചാണ് കാര്യങ്ങൾ ചെയ്തത്. പിന്നീട് മനസ്സിലായി, സമൂഹത്തെ ഭയന്ന് ഒതുങ്ങി കൂടേണ്ട കാര്യമില്ല. നമ്മുടെ വഴിക്ക് നമ്മൾ പോയാലേ ജീവിതം മുന്നോട്ട് പോകുകയുള്ളൂ.' ഇന്ദുലേഖ പറഞ്ഞു.

ചില കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും, പലപ്പോഴും മാറിരുന്ന് കരഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഇപ്പോഴും പഴയ ചിന്താഗതിയുള്ള ഒരുപാട് ആളുകളുണ്ടെന്നും, വിദ്യാഭ്യാസവും വിവരവുമുള്ളവരിൽ നിന്നാണ് കൂടുതൽ മോശം അനുഭവങ്ങൾ നേരിട്ടതെന്നും അവർ വെളിപ്പെടുത്തി. ഇതേത്തുടർന്ന് അധികം ആളുകളുമായി അടുത്ത് ഇടപഴകുന്നത് ഇന്ദുലേഖ കുറച്ചു.

സിനിമയിലും സീരിയലിലും അവസരം ലഭിക്കാൻ പല അഡ്ജസ്റ്റ്‌മെന്റുകളും നടത്തേണ്ടി വരും എന്ന തെറ്റായ ധാരണ പലർക്കുമുണ്ടെന്നും, എന്നാൽ എല്ലാവരും അങ്ങനെയല്ലെന്നും അവർ ഓർമ്മിപ്പിച്ചു. ഓരോരുത്തരും തങ്ങളുടെ വഴി സ്വയം തീരുമാനിക്കണമെന്നും, അഭിനയരംഗത്ത് അടുത്ത സുഹൃത്തുക്കൾ ആരുമില്ലെന്നും ഇന്ദുലേഖ വ്യക്തമാക്കി. 

Tags:    

Similar News