ആ സമയത്ത് എനിക്ക് ഭയങ്കര പേടിയായിരുന്നു; അന്ന് കുഞ്ഞും വളരെ ചെറുത്; പിന്നീട് ചില കാര്യങ്ങൾ എനിക്ക് മനസിലായി; തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ

Update: 2025-10-27 10:24 GMT

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി ഇന്ദുലേഖ. 33 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ, ഭർത്താവിന്റെ മരണശേഷം വിധവയായി ജീവിക്കുന്നതിലെ സാമൂഹിക വെല്ലുവിളികളെക്കുറിച്ചും വ്യക്തിപരമായ വേദനകളെക്കുറിച്ചും താരം തുറന്നുപറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ദുലേഖയുടെ ഈ തുറന്നുപറച്ചിൽ.

"ഭർത്താവ് മരിച്ച സമയത്തും ഞാൻ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന് പലപ്പോഴും സമൂഹത്തെ ഭയന്നാണ് ജീവിച്ചിരുന്നത്. പുറത്തിറങ്ങുമ്പോൾ ആളുകൾ നമ്മളെക്കുറിച്ച് പലതും സംസാരിക്കുന്നതും കേൾക്കുന്നതും വിഷമം തോന്നിപ്പിച്ചിട്ടുണ്ട്. മകളും കുഞ്ഞുമായിരുന്നതിനാൽ വലിയ ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്," ഇന്ദുലേഖ പറഞ്ഞു. പിന്നീട്, സമൂഹത്തെ ഭയന്ന് ഒതുങ്ങിക്കൂടേണ്ടതില്ലെന്നും സ്വന്തം വഴിക്കുപോയാലേ ജീവിതം മുന്നോട്ടുപോകൂ എന്നും തിരിച്ചറിഞ്ഞതായി അവർ കൂട്ടിച്ചേർത്തു.

വിധവയായി ജീവിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും ഇന്ദുലേഖ ഓർത്തെടുത്തു. വിദ്യാഭ്യാസവും വിവരവും ഉള്ളവരിൽ പോലും പഴയകാല ചിന്താഗതികൾ നിലനിൽക്കുന്നതിനെക്കുറിച്ചും അവർ പരാമർശിച്ചു. തനിക്ക് ഏറ്റവും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് പലപ്പോഴും അടുത്തറിയുന്നവരിൽ നിന്നാണെന്നും അങ്ങനെയൊരവസ്ഥയ്ക്ക് ശേഷം അധികം സൗഹൃദങ്ങൾ വെക്കാറില്ലെന്നും ഇന്ദുലേഖ വ്യക്തമാക്കി.

സിനിമയിലും സീരിയലിലും അവസരം ലഭിക്കാൻ പല അഡ്ജസ്റ്റ്‌മെന്റുകളും നടത്തേണ്ടി വരുമെന്ന തെറ്റായ ധാരണ നിലവിലുണ്ടെന്നും എന്നാൽ അങ്ങനെയല്ലെന്നും അവർ പറഞ്ഞു. "ഏത് രീതിയിൽ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്," ഇന്ദുലേഖ കൂട്ടിച്ചേർത്തു.

Tags:    

Similar News