'ആ നൈറ്റ് പാർട്ടിക്ക് കഴിഞ്ഞ് അയാൾ ഇടി വള ഊരി എന്റെ മുഖത്തിടിച്ചു; വയറ്റിലും ആഞ്ഞു ചവിട്ടി..എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല..!!'; നടിയുടെ 'ഇൻസ്റ്റ' സ്റ്റോറി കണ്ടവർ ഒന്ന് ഞെട്ടി; കവിൾ ഭാഗത്തെ മുറിവ് തുന്നികെട്ടിയ മുഖം; കാമുകനിൽ നിന്നും അനുഭവിച്ച ക്രൂരപീഡനം വെളിപ്പെടുത്തി ജസീല പർവീൺ

Update: 2025-09-06 10:22 GMT

കൊച്ചി: മിനിസ്ക്രീൻ രംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങിയ നടിയും അവതാരകയുമായ ജസീല പർവീൺ തന്റെ കാമുകനായിരുന്ന ഡോൺ തോമസ് തനിക്ക് നേരെ നടത്തിയ അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് ജസീല ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. താൻ അനുഭവിച്ച പീഡനങ്ങളിൽ മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയും ഇതിന് തുടർന്ന് പ്ലാസ്റ്റിക് സർജറി പോലും വേണ്ടിവന്നെന്നും അവർ പറയുന്നു.

കഴിഞ്ഞ ഡിസംബർ 31ന് ന്യൂഇയർ പാർട്ടിക്കു ശേഷം ഡോൺ തോമസുമായി തർക്കമുണ്ടായെന്നും, ഇതിനിടെയാണ് തനിക്ക് നേരെ അതിക്രമം നടന്നതെന്നും ജസീല വിശദീകരിക്കുന്നു. ഡോൺ തോമസ് തൻ്റെ വയറ്റിൽ രണ്ട് തവണ ചവിട്ടുകയും മുഖത്ത് വളയണിഞ്ഞ കൈകൊണ്ട് പലതവണ ഇടിക്കുകയും ചെയ്തതായി അവർ വെളിപ്പെടുത്തി. ഈ മർദനത്തിൽ മുഖത്ത് മുറിവുകളുണ്ടാവുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയയാവേണ്ടി വരികയും ചെയ്തു.

സംഭവത്തെക്കുറിച്ച് ജസീലയുടെ വാക്കുകൾ ഇങ്ങനെ: "2024 ഡിസംബർ 31ന് ന്യൂഇയർ പാർട്ടിക്കുശേഷം ഡോൺ തോമസുമായി വിതയത്തിൽ വെച്ച് എനിക്ക് ഒരു വാക്കുതർക്കം ഉണ്ടായി. അതിനിടയിൽ, അയാൾ എൻ്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി. എൻ്റെ മുഖത്ത് വളയിട്ട കൈകൊണ്ട് പലതവണ ഇടിച്ചു. എൻ്റെ മുഖം മുറിഞ്ഞ്, പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാൾ വിസമ്മതിച്ചു. പിന്നീട് അയാൾ എന്നെ ആശുപത്രിയിൽ എത്തിച്ചു. ഞാൻ വീണതാണെന്ന് കള്ളം പറഞ്ഞാണ് അവിടെ ചികിത്സ തേടിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാളുടെ പേരിൽ ഞാൻ പരാതി നൽകി. കേസ് ഇപ്പോൾ നടക്കുകയാണ്."

ഈ അതിക്രമങ്ങളെ തുടർന്ന് ഡോൺ തോമസിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായും ജസീല അറിയിച്ചു. താൻ അനുഭവിച്ച ദുരിതങ്ങൾ വ്യക്തമാക്കിക്കൊണ്ട്, മർദനമേറ്റതിൻ്റെ ചിത്രങ്ങളും കാമുകനായിരുന്ന ഡോൺ തോമസിൻ്റെ ചിത്രങ്ങളും സഹിതമാണ് ജസീല ഈ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'സ്റ്റാർ മാജിക്' എന്ന ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ജസീല പർവീൺ.

ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പലരും ജസീലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. കേസ് അന്വേഷണത്തെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Tags:    

Similar News