ചേച്ചിയെപ്പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയ്ക്ക് യോഗ്യതയുണ്ടോയെന്ന് പാപ്പരാസികൾ; പക്വതയാർന്ന മറുപടിയുമായി ഉർവശി; വാർത്തകൾ വളച്ചൊടിക്കുന്നവർക്ക് നന്ദിയെന്ന് പ്രതികരിച്ച് നടി

Update: 2026-02-23 14:41 GMT

കൊച്ചി: 'ഉള്ളൊഴുക്കി'ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ പാപ്പരാസികളുടെ ചോദ്യത്തിന് നടി ഉർവശി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. അവാർഡ് നിശയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഉർവശിയോട് പുരസ്കാരം നൽകിയവരുടെ 'യോഗ്യത'യെക്കുറിച്ച് ചോദിച്ചതിനായിരുന്നു താരം പക്വതയാർന്ന പ്രതികരണം നടത്തിയത്.

ഇന്ദ്രജിത്ത് സുകുമാരനും 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി നന്ദയും ചേർന്നാണ് ഉർവശിക്ക് പുരസ്കാരം സമ്മാനിച്ചത്. എന്നാൽ ഇതിനുശേഷം ഉർവശിയെ കണ്ട മാധ്യമപ്രവർത്തകർ, ഗൗരി നന്ദയെപ്പോലൊരു ജൂനിയർ ആർട്ടിസ്റ്റ് പുരസ്കാരം നൽകിയതിനെക്കുറിച്ച് പ്രകോപനപരമായ ചോദ്യം ഉന്നയിക്കുകയായിരുന്നു. "ചേച്ചിയെപ്പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയ്ക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് സന്തോഷത്തോടെ സ്വീകരിച്ചല്ലോ" എന്നായിരുന്നു ചോദ്യം.

എന്നാൽ ചോദ്യത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഉർവശി മറുപടി നൽകി. "അങ്ങനെയല്ല ഇതിനെ കാണേണ്ടത്. നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും അതിന് ഒരു വിലയുണ്ട്. ആർട്ടിസ്റ്റ് ക്യാമറയ്ക്ക് മുന്നിലെത്തിയാൽ വലുപ്പച്ചെറുപ്പമില്ല. എല്ലാവരും നല്ല രീതിയിൽ പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ഒരു ആർട്ടിസ്റ്റല്ലേ," ഉർവശി ചോദിച്ചു. പുരസ്കാരം തരുന്നവർ എത്ര ഹൃദയപൂർവ്വമാണ് അത് നൽകുന്നത് എന്നതിലാണ് കാര്യമെന്നും താരം കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതികരണവുമായി നടി ഗൗരി നന്ദയും രംഗത്തെത്തി. വാർത്തകൾ വളച്ചൊടിക്കാൻ ശ്രമിച്ചവർക്ക് നന്ദിയെന്നും, ഉർവശി ചേച്ചിയെപ്പോലൊരു വലിയ ആർട്ടിസ്റ്റിന്റെ പക്വത എല്ലാവർക്കും മാതൃകയാണെന്നും ഗൗരി സമൂഹമാധ്യമത്തിൽ കുറിച്ചു. പാപ്പരാസികളുടെ ഇത്തരം ചോദ്യങ്ങൾക്കെതിരെ വ്യാപകമായ വിമർശനമാണ് സിനിമാപ്രേമികളിൽ നിന്നും ഉയരുന്നത്.

Tags:    

Similar News