എല്ലാം തികഞ്ഞവരായി ആരുമില്ല; ഒരുപാട് തെറ്റുകൾ എന്റെ ജീവിതത്തിൽ സംഭവിച്ചു; സമൂഹമാധ്യമങ്ങളിൽ കാണുന്ന ജീവിതങ്ങൾക്ക് പിറകേ പോകരുത്; തുറന്നുപറഞ്ഞ് സാമന്ത

Update: 2025-10-18 12:08 GMT

മൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തിളക്കമാർന്ന ജീവിതങ്ങൾ പലപ്പോഴും യാഥാർത്ഥ്യത്തിൽനിന്ന് ഏറെ അകലെയാണെന്നും, അത്തരം ജീവിതങ്ങളെ പിന്തുടർന്ന് സ്വയം വേദനിപ്പിക്കരുതെന്നും പ്രമുഖ തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു. എൻ.ഡി.ടി.വി സംഘടിപ്പിച്ച വേൾഡ് സമ്മിറ്റിൽ സംസാരിക്കവെയാണ് താരം തന്റെ വ്യക്തിജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചും തുറന്നുപറഞ്ഞത്.

സ്വന്തം വിവാഹമോചനവും ആരോഗ്യപ്രശ്നങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വിധേയമായെന്നും, ഇത് വ്യക്തിജീവിതത്തിൽ വലിയ സമ്മർദ്ദം ചെലുത്തിയെന്നും സാമന്ത പറഞ്ഞു. വിജയത്തെയും സന്തോഷത്തെയും കുറിച്ച് പൊതുസമൂഹത്തിനുള്ള ധാരണകൾ പലപ്പോഴും സോഷ്യൽ മീഡിയയും സെലിബ്രിറ്റി സംസ്കാരവും വളച്ചൊടിക്കുകയാണെന്നും, പൂർണ്ണതയുള്ള ജീവിതങ്ങൾ ആർക്കുമില്ലെന്നും നടി കൂട്ടിച്ചേർത്തു. വ്യക്തിജീവിതത്തിലുണ്ടായ തെറ്റുകളിൽനിന്ന് പാഠമുൾക്കൊണ്ട് മികച്ച വ്യക്തിയാകാൻ ശ്രമിക്കുകയാണ് താനെന്നും അവർ വ്യക്തമാക്കി.

സാധാരണ കുടുംബത്തിൽനിന്ന് വന്ന് സിനിമയിൽ സ്വന്തമായ സ്ഥാനം നേടിയെടുത്ത അനുഭവവും സാമന്ത പങ്കുവെച്ചു. കുടുംബത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ആദ്യ സിനിമയോടെ ജീവിതം മാറിമറിഞ്ഞു. പേരും പ്രശസ്തിയും പണവും ലഭിച്ചെങ്കിലും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയുണ്ടായിരുന്നു.

2021 ഒക്ടോബർ രണ്ടിനാണ് സാമന്തയും നടൻ നാഗചൈതന്യയും വിവാഹമോചനം പ്രഖ്യാപിച്ചത്. പിന്നീട് നടിക്ക് ഓട്ടോഇമ്മ്യൂൺ രോഗം സ്ഥിരീകരിക്കുകയും രോഗം കാരണം ശരീരത്തിലുണ്ടായ മാറ്റങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

Tags:    

Similar News