'സ്വന്തമായി ഒരു ജീവിതം കണ്ടെത്താൻ ശ്രമിക്കൂ.. ആരായിരുന്നാലും, ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം'; ഇത് ഞാനല്ല, എൻ്റെ നമ്പറുമല്ല; വ്യാജ അക്കൗണ്ടിനെതിരെ നടി ശ്രിയ ശരൺ
ഹൈദരാബാദ്: തന്റെ പേരിൽ ആൾമാറാട്ടം നടത്തിയ വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യൻ നടി ശ്രിയ ശരൺ. സിനിമാ രംഗത്തെ പ്രമുഖരുമായി ബന്ധപ്പെടാൻ വ്യാജൻ തന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആളുകളെ കബളിപ്പിക്കാൻ ഉപയോഗിച്ച ഫോൺ നമ്പറിൻ്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ശ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
"ആരായിരുന്നാലും, ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകൾക്ക് മെസ്സേജ് അയച്ച് അവരുടെ സമയം കളയുന്നത് നിർത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്," താരം കുറിച്ചു. "ഇത് ഞാനല്ല, ഇത് എൻ്റെ നമ്പറുമല്ല. ഈ വ്യക്തി മറ്റുള്ളവരുടെ സമയം വെറുതെ പാഴാക്കിയതിൽ എനിക്ക് ഖേദമുണ്ട്. മറ്റൊരാളായി ആൾമാറാട്ടം നടത്താതെ സ്വന്തമായി ഒരു ജീവിതം കണ്ടെത്താൻ ശ്രമിക്കൂ," ശ്രിയ ശരൺ കൂട്ടിച്ചേർത്തു.
താൻ ഏറെ ബഹുമാനിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഈ വ്യാജൻ സമീപിച്ചത് എന്ന കാര്യവും നടി വെളിപ്പെടുത്തി. ശ്രിയയുടെ പോസ്റ്റിന് പിന്നാലെ നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയത്. ആൾമാറാട്ടം നടത്തിയ വ്യക്തിക്കെതിരെ ഉടൻ തന്നെ സൈബർ ക്രൈമിൽ പരാതി നൽകണമെന്ന് പലരും നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
