ആ പറച്ചിൽ കേട്ട് എനിക്ക് ശീലമായി; എനിക്കിനി വയ്യ എന്നും മനസ്സിൽ പറഞ്ഞിട്ടുണ്ട്; ചുറ്റും കളിയാക്കുന്നവർ മാത്രമായിരുന്നു; അദ്ദേഹമായിരിന്നു എന്റെ ശക്തി; അച്ഛനെ കുറിച്ച് വാചാലയായി നടി ശ്രുതി രജനീകാന്ത്

Update: 2025-03-05 04:58 GMT

കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടി ശ്രുതി രജനീകാന്ത്. ചുരുക്കം കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തു. 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി മലയാളികളുടെ മനസ്സിൽ കയറിയത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തുകയും ചെയ്തു. ഇപ്പോഴിതാ, താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും ഒരു നടിയാകാൻ വേണ്ടി നടത്തിയ യാത്രകളെക്കുറിച്ചും ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ് താരം.

ശ്രുതിയുടെ വാക്കുകൾ..

''ഏഴ് വർഷം തുടർ‌ച്ചയായി ഞാൻ ഓഡിഷനുകൾക്ക് പോയിട്ടുണ്ട്. സ്കൂളിൽ എന്റെ ഇരട്ടപ്പേര് സിനിമാനടി എന്നായിരുന്നു. കോളേജിൽ മിക്ക ദിവസവും ലീവ് ആയിരിക്കും. എനിക്കും അച്ഛനും അതൊരു ഹോബി പോലെയായി മാറിയിരുന്നു. വിളിക്കാട്ടോ എന്ന് പലരും പറയും. ആ പറച്ചിൽ കേട്ട് എനിക്ക് ശീലമായി. ഞാൻ മടുത്തുപോയിട്ടുണ്ട്, എനിക്കിനി വയ്യ എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അച്ഛൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഏഴ് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് എനിക്ക് കുഞ്ഞെൽദോയിൽ അവസരം കിട്ടുന്നത്. ചക്കപ്പഴത്തിലേക്കും ഓഡിഷൻ വഴിയാണ് എത്തിയത്. ഉപ്പും മുളകും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോളേക്കും ഞാൻ ഫേമസായി''

''ഇപ്പോ എനിക്ക് 29 വയസായി. ഇതുവരെയുള്ള ജീവിതം വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. നല്ല കാര്യങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല പറയുന്നത്. പക്ഷേ ഓഡിഷനൊക്കെ പോകുമ്പോൾ, എന്റെ അച്ഛൻ എന്നെ കൂട്ടിക്കൊടുക്കാൻ പോകുകയാണെന്നു വരെ ആളുകൾ പറഞ്ഞിട്ടുണ്ട്. അതൊക്കെ എനിക്കു വലിയ ട്രോമയായിരുന്നു. അന്ന് ഞാൻ എവിടെയും എത്തിയിട്ടില്ല.

കളിയാക്കുന്നവർ മാത്രമായിരുന്നു ചുറ്റും. അല്ലാതെ തന്നെ എനിക്ക് മറ്റു ട്രോമകൾ ഉണ്ടായിരുന്നു. അതിന്റെ കൂടെയായിരുന്നു ഇതെല്ലാം. പക്ഷേ, ഞാനാരോടും ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എന്റെ അച്ഛനും അങ്ങനെ തന്നെയാണ്. പക്ഷേ, അച്ഛനും ഞാനും അതെല്ലാം തരണം ചെയ്തു'' ശ്രുതി പറയുന്നു.

Tags:    

Similar News