തട്ടുകടയിൽ കുശലം പറയുന്ന രജനിയും കമലും വിജയ്‌യും; കള്ളിമുണ്ടും ഷർട്ടും ധരിച്ച് അജിത്ത്; തട്ടുകടയിൽ പൊറോട്ട കഴിക്കുന്ന സൂര്യ; വൈറലായി ചിത്രങ്ങൾ
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ 'ഹൂഹൂക്രിയേഷൻസ്80' എന്ന അക്കൗണ്ട് പങ്കുവെച്ച തമിഴ് സൂപ്പർതാരങ്ങളുടെ എഐ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഈ ചിത്രങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. 'തമിഴ് ഹീറോസ് ടീം ഔട്ടിങ്' എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റാഗ്രാം പേജ് ഈ മനോഹരമായ എഐ ചിത്രങ്ങൾ പുറത്തുവിട്ടത്. രജനികാന്ത്, കമൽ ഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, പ്രഭുദേവ, ശിവകാർത്തികേയൻ, വിജയ് സേതുപതി, കാർത്തി, രവി മോഹൻ, ജീവ തുടങ്ങിയ താരങ്ങളെല്ലാം ഒറ്റ ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ ചിത്രങ്ങളുടെ പ്രധാന ആകർഷണം.
പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്. കള്ളിമുണ്ടും ഷർട്ടും ധരിച്ച് തോളിൽ കയ്യിട്ട് സൗഹൃദം പങ്കിടുന്ന രജനികാന്തും അജിത്തും. ഒരു തട്ടുകടയിൽ നിന്ന് പൊറോട്ട കഴിച്ചും വർത്തമാനം പറഞ്ഞുമിരിക്കുന്ന സൂര്യയും കൂട്ടരും. ബീച്ചിലിരുന്ന് സംസാരിക്കുന്ന താരങ്ങൾ. മാളിൽ വെച്ച് സെൽഫിയെടുക്കുന്ന ശിവകാർത്തികേയനും വിജയ് സേതുപതിയും. കോഫി ഷോപ്പിലിരുന്ന് ചിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും.
പ്രഭുദേവയുടെ ഡാൻസും അത് ആസ്വദിക്കുന്ന വിശാലും വടിവേലുവും. ഇങ്ങനെ നീളുന്നു ചിത്രങ്ങളിലെ ദൃശ്യങ്ങൾ. യഥാർത്ഥ ചിത്രങ്ങളാണോ എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്നത്ര മിഴിവാണ് എഐ ചിത്രങ്ങൾക്കുള്ളത്. ആരാധകരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങളാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒരുമിച്ച് ഒരു 'ഫീൽഗുഡ് സിനിമ' കണ്ട അനുഭൂതിയാണ് ചിത്രങ്ങൾ നൽകുന്നതെന്ന് പലരും കമന്റ് ചെയ്തു. "ഇങ്ങനെയൊരു സിനിമ ഒരുങ്ങിയിരുന്നെങ്കിൽ" എന്ന് ആശ പ്രകടിപ്പിച്ചവരും നിരവധിയാണ്. എഐ സാങ്കേതികവിദ്യയുടെ ഇതുപോലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
