പ്രിയ താരത്തെ കാണാൻ തടിച്ചു കൂടി ആരാധകർ; യാതൊരു മടിയുമില്ലാതെ ഒപ്പം നിന്ന് ഫോട്ടോയെടുത്ത് അജിത്ത്; 'തല' ഇത്ര സിംപിൾ ആണോയെന്ന് സോഷ്യൽമീഡിയ

Update: 2025-12-07 14:11 GMT

ചെന്നൈ: റേസിങ് ട്രാക്കിലെ വിനയം ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. ഒരു റേസിങ് മത്സരശേഷം നീണ്ടനിരയിലുള്ള ആരാധകർക്കൊപ്പം ക്ഷമയോടെ ചിത്രങ്ങളെടുത്ത തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സിനിമയ്ക്ക് അപ്പുറം റേസിങ്ങിനോടും യാത്രകളോടും വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്ന താരമാണ് അജിത്ത്. സ്വന്തമായി ഒരു റേസിങ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ റേസിങ് ട്രാക്കുകളിൽ താരം സജീവമാണ്.

റേസിങ്ങിന് ശേഷമുള്ള ക്ഷീണമൊന്നും പ്രകടിപ്പിക്കാതെ, നൂറുകണക്കിന് ആരാധകർക്ക് മുന്നിൽ ശാന്തനായി നിൽക്കുന്ന അജിത്തിനെയാണ് കാണാനാകുന്നത്. ഓരോ ആരാധകന്റെയും അരികിലെത്തി പുഞ്ചിരിയോടെ അദ്ദേഹം ഫോട്ടോകൾക്ക് പോസ് ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ ആരാധകരെ അത്ഭുതപ്പെടുത്തി. അജിത്തിന്റെ ഈ ലളിതമായ ഇടപെഴകൽ താരത്തോടുള്ള ബഹുമാനം വർദ്ധിപ്പിച്ചതായി നിരവധി പേർ കുറിച്ചു.

നേരത്തെ, സ്പെയിനിലെ സർക്യൂട്ട് ഡി ബാർസലോണയിൽ നടന്ന റേസിങ്ങിനിടെ തന്നെ കാണാനെത്തിയ ഒരു ആരാധകന് അജിത്ത് താക്കീത് നൽകിയത് വാർത്തയായിരുന്നു. ഈ വർഷം 'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളിലൂടെ അജിത്ത് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഈ രണ്ട് സിനിമകളിലും നായികയായി എത്തിയത് തൃഷയായിരുന്നു. അടുത്തിടെ പാലക്കാട്ടെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു.

Tags:    

Similar News