കസവ് മുണ്ടും മേൽമുണ്ടും ധരിച്ച് തനി നാടൻ ലുക്കിൽ 'തല'; കൂടെ കൂട്ടായി മകനും ഭാര്യ ശാലിനിയും; നടൻ അജിത് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദർശനം നടത്തി; വൈറലായി ചിത്രങ്ങൾ
പാലക്കാട്: മലയാളികളുടെ പ്രിയതാരവും തമിഴ് സൂപ്പർ സ്റ്റാറുമായ അജിത് കുമാറും ഭാര്യയും നടിയുമായ ശാലിനിയും പാലക്കാട്ടെ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവരോടൊപ്പം മകൻ ആദ്വികും ഉണ്ടായിരുന്നു. അജിത്തിന്റെ കുടുംബക്ഷേത്രമെന്ന് അറിയപ്പെടുന്ന ഇവിടെയെത്തിയ താരദമ്പതികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാലക്കാട് പെരുവെമ്പിലുള്ള ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് ഇവർ ദർശനത്തിനെത്തിയത്. കസവ് മുണ്ടും മേൽമുണ്ടും ധരിച്ചെത്തിയ അജിത് നാടൻ ലുക്കിലായിരുന്നു. താരത്തിന്റെ നെഞ്ചിലെ ടാറ്റുവും ആരാധകരുടെ ശ്രദ്ധ നേടി. അജിത്തിന്റെ പിതാവ് പാലക്കാട് സ്വദേശിയായ തമിഴ് അയ്യർ കുടുംബാംഗമാണ്. ശാലിനി തിരുവല്ല സ്വദേശിനിയാണ്.
അജിത് നായകനായ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തിയിരുന്നു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 100 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകളുണ്ട്. സുനിൽ, ഷൈൻ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യർ, സിമ്രാൻ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. പുഷ്പയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേർസും ടി സീരീസുമാണ് നിർമ്മാണം. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.