'ആ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വാര്‍ത്തകളിൽ എന്നെ വലിച്ചുകീറി'; സത്യാവസ്ഥ അറിയാൻ‌ ആരും ശ്രമിച്ചില്ല; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ പ്രതികരിച്ച് അജിത്

Update: 2025-11-01 08:17 GMT

ചെന്നൈ: വോട്ടെടുപ്പ് ദിനത്തിൽ ആരാധകന്റെ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ അജിത്. സംഭവത്തെക്കുറിച്ച് പല മാധ്യമങ്ങളും തെറ്റായ പ്രചാരണങ്ങൾ നടത്തിയെന്നും, യഥാർത്ഥ കാരണം ആരും അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഒരു യുവാവ് അജിത്തിന്റെ അടുത്തെത്തി സെൽഫിയെടുക്കാൻ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്ത അജിത് യുവാവിന്റെ ഫോൺ പിടിച്ചെടുക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്. എന്നാൽ, സംഭവം നടന്ന സ്ഥലത്ത് ഫോട്ടോയെടുക്കുന്നതിനോ വീഡിയോ പകർത്തുന്നതിനോ അനുമതിയുണ്ടായിരുന്നില്ലെന്നും, നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇടപെട്ടതെന്നും അജിത് വിശദീകരിച്ചു.

'ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും ഇവിടെ പാടില്ല എന്നുള്ള ബോർഡുകൾ അവിടെയുണ്ടായിരുന്നു. അത്തരം നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കേണ്ടി വരുമായിരുന്നു. ഞാൻ ആ യുവാവിനോട് അത് ചെയ്യരുതെന്ന് പറഞ്ഞിട്ടും അദ്ദേഹം കേൾക്കാതിരുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. പക്ഷേ, മാധ്യമങ്ങൾ ഇതിനെ വളച്ചൊടിച്ച് പ്രചരിപ്പിച്ചു. ഒടുവിൽ ഞാൻ തെറ്റുകാരനും ആ പയ്യൻ ഇരയുമായി മാറി,' അജിത് കൂട്ടിച്ചേർത്തു.

പൊതുവേദികളിൽ നിന്നും ആരാധക കൂട്ടായ്മകളിൽ നിന്നും വിട്ടുനിൽക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്. വ്യക്തിപരമായ സ്വകാര്യത കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ തിരുമല ക്ഷേത്ര ദർശനത്തിനെത്തിയ അജിത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. 

Tags:    

Similar News