'പ്രശസ്തിക്കായി നിന്റെ പേര് ഉപയോഗിക്കട്ടെ, അപമാനിക്കട്ടെ, ചതിക്കട്ടെ, വലിച്ചുകീറി താഴെയിടാൻ ശ്രമിക്കട്ടെ'; അവരേൽപ്പിക്കുന്ന ഓരോ മുറിവും അറിവാകും; ലൈംഗികാരോപണങ്ങൾക്ക് മറുപടിയുമായി അജ്മൽ അമീർ
കൊച്ചി: ലൈംഗികാരോപണ വിവാദങ്ങൾക്ക് മറുപടിയുമായി നടന്‍ അജ്മല്‍ അമീര്‍. നടനിൽ നിന്നും മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് നടി റോഷ്‌ന ആൻ റോയ് അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. അജ്മൽ തനിക്ക് സമൂഹ മാധ്യമങ്ങളിൽ മെസ്സേജ് അയച്ചിരുന്നുവെന്നായിരുന്നു നടിയുടെ ആരോപണം. ചാറ്റിന്റെ സ്‌ക്രീൻഷോട്ട് അടക്കമായിരുന്നു രോഷ്‌നിയുടെ വെളിപ്പെടുത്തൽ. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി നടന്‍ അജ്മല്‍ അമീര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരുടേയും പേരെടുത്ത് പറയാതെയാണ് താരത്തിന്റെ കുറിപ്പ്.
തനിക്കെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ നേരിട്ട് പരാമർശിക്കാതെയാണ് അജ്മൽ അമീറിന്റെ പ്രതികരണം. 'അവർ സംസാരിക്കട്ടെ, പ്രശസ്തിക്കായി നിന്റെ പേര് ഉപയോഗിക്കട്ടെ, നിന്നെ അപമാനിക്കട്ടെ, ചതിക്കട്ടെ, നിന്നെ വലിച്ചുകീറി താഴെയിടാൻ ശ്രമിക്കട്ടെ, മാപ്പ് നൽകുക. കാരണം നിന്റെ ശാന്തതയാണ് നിന്റെ കരുത്ത്. ശ്രദ്ധ നേടാനുള്ള അവരുടെ ശ്രമങ്ങൾ നിന്റെ കരുത്താകും വെളിപ്പെടുത്തുക. അവരേൽപിക്കുന്ന ഓരോ മുറിവും അറിവാകും. ഓരോ അവസാനങ്ങളും പുതിയൊരു തുടക്കമാകും. ഉയിർത്തെഴുന്നേൽക്കുക, വീണ്ടും. കൂടുതൽ കരുത്തോടെ, അറിവോടെ, അജയ്യനായി മാറുക' ഇതായിരുന്നു അജ്മൽ അമീർ പങ്കുവെച്ച കുറിപ്പ്. റോഷ്‌ന ആൻ റോയ് അടക്കമുള്ളവർക്ക് നേരെയാണ് നടൻ ഇതെല്ലാം പ്രസ്താവിച്ചതെന്നാണ് വിലയിരുത്തൽ.
ഒരു യുവതിയുമായുള്ള ചാറ്റ് പുറത്തുവന്നതോടെയാണ് അജ്മൽ അമീർ വിവാദങ്ങളിൽപ്പെട്ടത്. എന്നാൽ, അത് താനുമായി ബന്ധപ്പെട്ട ചാറ്റല്ലെന്നും നിർമ്മിതമാണെന്നുമായിരുന്നു അന്ന് അജ്മൽ നൽകിയ വിശദീകരണം. ഇതിനുപിന്നാലെയാണ് മറ്റ് നിരവധി യുവതികളും നടനിൽ നിന്ന് സമാനമായ അനുഭവങ്ങളുണ്ടായതായി വെളിപ്പെടുത്തിയത്. ഇതിനിടയിൽ, നടൻ തനിക്ക് അയച്ച മെസ്സേജുകൾ നടി റോഷ്‌ന ആൻ റോയ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
തന്റെ പേരിൽ വന്ന വാട്ട്സാപ്പ് വിഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചുകൊണ്ട് അജ്മൽ അമീർ ഒരു വിഡിയോ പങ്കുവച്ചിരുന്നു. എന്നാൽ, ഈ ിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികൾ നടനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് എത്തിയിരുന്നു. അജ്മൽ തങ്ങളെ വീഡിയോ കോൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും കമന്റുകളിൽ പല പെൺകുട്ടികളും പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം അജ്മലിന്റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നത്.
വാട്സാപ്പ് കോൾ റെക്കോർഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പ്രചരിച്ചത്. സെക്സ് സംഭാഷണത്തിൽ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. ‘തന്റെ കല്യാണം കഴിഞ്ഞതല്ലേ’ എന്ന് പെൺകുട്ടി ചോദിക്കുമ്പോൾ ‘അതൊന്നും താൻ അറിയേണ്ടെന്നും താമസ സൗകര്യം ഒരുക്കി തരാമെന്നും’അജ്മൽ പറയുന്നതായി ഈ ദൃശ്യങ്ങളിലുണ്ട്. പുറത്തുവന്ന സന്ദേശങ്ങൾ താനല്ല അയച്ചതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നുമാണ് അജ്മലിന്റെ വാദം. ഇതോടെ, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മൽ സ്റ്റോറി പങ്കുവച്ചിരുന്നു.
