സായ് പല്ലവിയുടെ നമ്പര്‍ എന്ന കരുതിയുള്ള കോളുകള്‍; എഞ്ചിനീയറിങ് വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞ് അമരന്‍ നിര്‍മാതാക്കള്‍: ചിത്രത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ നമ്പര്‍ നീക്കം ചെയ്തതായും രാജ് കമല്‍ ഫിലിംസ്
ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമയിലെ ഒരു രംഗത്തില്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത് എന്ന പേരില്‍ കാണിച്ചിരിക്കുന്നത് തന്റെ ഫോണ്‍ നമ്പറാണെന്നും ഈ കാരണത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും കാണിച്ചായിരുന്നു എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായ വി വി വാഗീശന്‍ നോട്ടീസ് അയച്ചത്. ഇപ്പോള്‍ സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ്.
ചിത്രത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ നമ്പര്‍ നീക്കം ചെയ്തതായും വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നതായും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. എന്നാല്‍ നിര്‍മാതാക്കളുടെ പ്രതികരണം വളരെ വൈകിയെന്നാണ് വി വി വാഗീശന്‍ പ്രതികരിച്ചത്.
അമരനിലെ ഒരു രംഗത്തില്‍ ശിവകാര്‍ത്തികേയന് സായ് പല്ലവി തന്റെ മൊബൈല്‍ നമ്പര്‍ എഴുതിയ പേപ്പര്‍ നല്‍കുന്ന രംഗമുണ്ട്. നമ്പറിലെ പത്ത് അക്കത്തില്‍ ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പര്‍ തന്റേതാണെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി. സായ് പല്ലവിയുടെ നമ്പര്‍ എന്ന് കരുതി പല കോണുകളില്‍ നിന്നും ആളുകള്‍ വിളിക്കുകയും അതിന്റെ എണ്ണം വര്‍ധിച്ചത് മൂലം ഫോണ്‍ മ്യൂട്ട് ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ആരോ, ഇന്ദു റെബേക്ക വര്‍ഗീസ് വി വി എന്ന പേരില്‍ ട്രൂ കോളറില്‍ വാഗീശന്റെ നമ്പര്‍ സേവും ചെയ്തു. ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള നമ്പര്‍ ആയതിനാല്‍ അത് ഉപേക്ഷിക്കാനും തനിക്ക് കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സേവനദാതാക്കളായ എയര്‍ ടെല്ലിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ക്കറ്റിങ് കോളുകള്‍ മാത്രമേ ബ്ലോക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും മറ്റ് ഇന്‍കമിങ് കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നുമാണ് സേവനദാതാക്കള്‍ പറഞ്ഞത്.
പിന്നാലെ തന്റെ നമ്പറാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സോഷ്യല്‍മീഡിയയിലൂടെ സിനിമയുടെ സംവിധായകനെയും ശിവകാര്‍ത്തികേയനെയും അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവരില്‍ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല എന്നാണ് വാഗീശന്‍ അന്ന് പരാതിയില്‍ വ്യക്തമാക്കിയത്. ഈ കാരണത്താലായിരുന്നു സിനിമയുടെ നിര്‍മാതാക്കളില്‍ നിന്ന് വാഗീശന്‍ 1.1 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.