'ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരരുത്; തിഹാറിലെ ജീവിതം നരകതുല്യം'; വെറും തറയിലെ കിടപ്പും മോശം ഭക്ഷണവും; ജയിൽ അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ നടി

Update: 2026-03-02 16:52 GMT

ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി നാലുമാസത്തോളം തിഹാർ ജയിലിൽ കഴിഞ്ഞതിന്റെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ നടി സന്ദീപ വിർക്. ജയിലിലെ സാഹചര്യം അങ്ങേയറ്റം മോശമായിരുന്നുവെന്നും മരിച്ചുപോയിരുന്നെങ്കിൽ എന്ന് ദൈവത്തോട് പ്രാർത്ഥിച്ച നിമിഷങ്ങളുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. സിമ്രാൻ ജോട്ടുമായുള്ള അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വികാരനിർഭരമായ പ്രതികരണം.

ജയിലിലെ താമസം ശാരീരികമായും മാനസികമായും തളർത്തിയെന്ന് സന്ദീപ പറയുന്നു. "വെറും നിലത്താണ് കിടന്നിരുന്നത്. വൃത്തിഹീനമായ ബാത്ത്‌റൂമുകളും അസഹനീയമായ ഭക്ഷണവും വലിയ ബുദ്ധിമുട്ടുണ്ടാക്കി. ചില പൊലീസുകാർ തടവുകാരോട് ദേഷ്യം തീർക്കുന്നവരാണ്. 500 പേർക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ആരോഗ്യം വഷളായി മറ്റൊരാളുടെ സഹായമില്ലാതെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇന്നും അതേക്കുറിച്ച് ചിന്തിക്കുമ്പോൾ കരച്ചിൽ വരും," സന്ദീപ ഓർത്തെടുത്തു.

ജയിലിലായിരിക്കുമ്പോൾ മാതാപിതാക്കൾ കാണാൻ വന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയെന്ന് താരം പറയുന്നു. താൻ കാരണം അവർക്ക് അവിടേക്ക് വരേണ്ടി വന്നതിൽ വലിയ കുറ്റബോധം തോന്നി. അവരോട് അന്ന് മാപ്പ് ചോദിച്ചതായും സന്ദീപ പറഞ്ഞു.

ആറു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത സന്ദീപയ്ക്ക് അടുത്തിടെയാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മോഹൻലാൽ ചിത്രം 'ശിക്കാർ', അജിത്തിന്റെ 'മങ്കാത്ത' തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും സുപരിചിതയാണ് സന്ദീപ വിർക്.

Tags:    

Similar News