'പ്രിയപ്പെട്ടതൊന്നു പോയപ്പോൾ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസം, അമ്മയുടെ കിങ്ങിണിക്ക് ഒരായിരം..'; അനശ്വരയ്ക്ക് പിറന്നാൾ ആശംസകളുമായി അമ്മ

Update: 2025-09-08 14:55 GMT

കൊച്ചി: യുവനടി അനശ്വര രാജന് ജന്മദിനാശംസകൾ നേർന്ന് അമ്മ ഉഷ രാജൻ. 'പ്രിയപ്പെട്ടതൊന്നു പോയപ്പോൾ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസം' എന്ന ഹൃദ്യമായ വരികളോടെയാണ് അമ്മ മകൾക്ക് ആശംസകളറിയിച്ചത്. അനശ്വരയുടെ 23-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഉഷ രാജൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

'23 വർഷം, ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്റെ കുട്ടിക്ക്. അമ്മയുടെ കിങ്ങിണിക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു,' ഉഷ രാജൻ കുറിച്ചു. നിരവധി പേരാണ് അനശ്വരയ്ക്ക് ആശംസകളുമായി എത്തിയത്. ഉഷയുടെ അമ്മയുടെ മരണത്തിന് പിന്നാലെയാണ് അനശ്വര ജനിക്കുന്നത്. അമ്മയുടെ മരണമുണ്ടാക്കിയ ശൂന്യതയും അനശ്വരയുടെ ജനനത്തിലുണ്ടായ സങ്കീർണതകളെക്കുറിച്ചും ഉഷ രാജൻ മുമ്പ് പങ്കുവെച്ചിരുന്നു.

Full View

2017-ൽ പുറത്തിറങ്ങിയ 'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ അനശ്വര, പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാരംഗത്തെ മുൻനിര നായികമാരിൽ ഒരാളായി വളർന്നു. 'വ്യസനസമേതം ബന്ധുമിത്രാദികൾ' ആണ് അനശ്വരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Tags:    

Similar News