'കഥ കേൾക്കാൻ പോയത് ധനുഷിന്റെ ആവശ്യ പ്രകാരം, ഒരു സിഗരറ്റ് കഴിഞ്ഞ് വെട്രിമാരൻ അടുത്തത് കത്തിച്ചു'; പുകവലി കാരണം എന്റെ കണ്ണ് ചുവന്നു; കഥ മുഴുവന്‍ കേൾക്കാൻ നിന്നില്ല; തുറന്ന് പറഞ്ഞ് ആന്‍ഡ്രിയ

Update: 2025-11-14 08:21 GMT

ചെന്നൈ: ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ദേശീയ നെടുഞ്ചാലെയിൽ നായികയായി പരിഗണിച്ചിരുന്നത് ആന്‍ഡ്രിയ ജെറമിയയെയായിരുന്നു. ഈ ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. കഥ പറയുന്ന സമയത്തെ വെട്രിമാരന്റെ പുകവലി കാരണം താന്‍ കഥ കേള്‍ക്കുന്നതിന്റെ പകുതിയ്ക്ക് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് ആന്‍ഡ്രിയ.

ധനുഷിന്റെ ആവശ്യപ്രകാരമാണ് താൻ വെട്രിമാരനെ കാണാൻ പോയതെന്നും, അന്ന് സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലാതിരുന്നതായും ആൻഡ്രിയ പറഞ്ഞു. 'അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോൾ, ഒരു സിഗരറ്റ് കഴിഞ്ഞ് അടുത്തത് കത്തിച്ചു. വെട്രിമാരന്റെ പുകവലി കാരണം എന്റെ കണ്ണുകൾ ചുവന്നു. കഥ പൂർത്തിയാകും മുൻപേ, എനിക്ക് പോകണമെന്ന് ഞാൻ പറഞ്ഞു. ഈ പുക ശ്വസിക്കാൻ എനിക്ക് കഴിയില്ലായിരുന്നു,' ആൻഡ്രിയ വിശദീകരിച്ചു.

'പൊല്ലാതവൻ' എന്ന ആദ്യ ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു 'ദേശീയ നെടുഞ്ചാലൈ'. എന്നാൽ, ചിത്രീകരണം ആരംഭിക്കും മുൻപ് ഇത് മുടങ്ങുകയായിരുന്നു. പിന്നീട് ഈ ചിത്രം വെട്രിമാരന്റെ അസിസ്റ്റന്റ് ആയിരുന്ന മണിമാരൻ 'ഉദയം NH4' എന്ന പേരിൽ സിദ്ധാർത്ഥിനെ നായകനാക്കി സംവിധാനം ചെയ്തു. പിന്നീട് വെട്രിമാരന്റെ 'വടചെന്നൈ' എന്ന ചിത്രത്തിൽ ആൻഡ്രിയ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

അൻഡ്രിയയും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന 'മാസ്ക്' എന്ന ചിത്രം നവംബർ 21-ന് തിയേറ്ററുകളിലെത്തും. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഈ ഡാർക്ക് കോമഡി ചിത്രം വെട്രിമാരനാണ് അവതരിപ്പിക്കുന്നത്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Tags:    

Similar News