'ഏത് തലമുറയ്ക്കും അച്ചടക്കം ആവശ്യമാണ്, എന്റെ മക്കൾ ഒരു സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു'; പിറന്നാൾ ദിനത്തിൽ അഞ്ജു അരവിന്ദ് പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
തിരുവനന്തപുരം: 50-ാം പിറന്നാളിന് നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒരുക്കിയ സർപ്രൈസ് വിരുന്നിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ച് നടിയും നർത്തകിയുമായ അഞ്ജു അരവിന്ദ്. 'അക്ഷരം' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ നിരവധി സീരിയലുകളിലും സജീവമാണ്. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്ന അഞ്ജു, തന്റെ വിദ്യാർത്ഥികളോടുള്ള സ്നേഹത്തെയും അച്ചടക്കത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു.
'ഇത്തവണ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ്. വളരെ സ്ട്രിക്ട് ആയ ടീച്ചറാണ് ഞാൻ. പഠനത്തിൽ അലംഭാവം കാണിക്കുന്നവരെ വഴക്കുപറയാറുണ്ട്. നാലഞ്ചു വർഷം മുൻപ്, കഴിവുള്ള ഒരു വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾക്ക് പരാതിയുണ്ടായിരുന്നു. പുതിയ തലമുറയിലെ കുട്ടികളെ കർശനമായി പഠിപ്പിക്കാൻ കഴിയില്ലെന്നും രീതി മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ഏത് തലമുറയ്ക്കും അച്ചടക്കം ആവശ്യമാണെന്ന് ഞാൻ അവരോട് പറഞ്ഞു,' അഞ്ജു വ്യക്തമാക്കി.
പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥികളുടെ കണ്ണുകളിലെ സ്നേഹവും ആഘോഷങ്ങൾക്കായി അവർ നടത്തിയ പരിശ്രമവും തന്നെ വല്ലാതെ സ്പർശിച്ചെന്ന് അഞ്ജു കൂട്ടിച്ചേർത്തു. കുട്ടികളെ ആത്മാർത്ഥമായി പഠിപ്പിക്കുകയും അവരുടെ നന്മ ആഗ്രഹിക്കുകയും ചെയ്താൽ, വഴക്കുകൾക്കിടയിലും നമ്മോടുള്ള സ്നേഹവും കരുതലും അവർ തിരിച്ചറിയുമെന്നും ഇത് ഏത് തലമുറയ്ക്കും ഒരുപോലെ ബാധകമാണെന്നും അവർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഞ്ജു തൻ്റെ അനുഭവങ്ങൾ വിശദീകരിച്ചത്.
