വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ..അത് മതി; ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യവും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു..!!; കടന്നുപോയ വർഷത്തിന്റെ വേദനകൾ പറഞ്ഞ് പെപ്പെ

Update: 2026-01-01 11:58 GMT

ഴിഞ്ഞ വർഷം താൻ കടന്നുപോയ കടുത്ത പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ആന്റണി വർഗീസ് പെപ്പെ. നിരവധി അപകടങ്ങളിലൂടെയും ആശുപത്രിവാസത്തിലൂടെയുമാണ് കടന്നുപോയതെന്നും എന്നാൽ തളരാതെ പുതിയ പ്രതീക്ഷകളോടെ 2026-ലേക്ക് കടക്കുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തിന്റെ ഭൂരിഭാഗം സമയവും ആശുപത്രികളിലും വേദനയിലും ആയിരുന്നുവെന്ന് പെപ്പെ കുറിച്ചു. ജിമ്മിലെ പരിശീലനത്തിനിടെയുണ്ടായ പരിക്ക്, ഷൂട്ടിങ്ങിനിടെയുള്ള അപകടം എന്നിവയെല്ലാം ഇതിൽപ്പെടുന്നു.

നവംബർ 15-ന് വാഗമണിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തെക്കുറിച്ചും താരം ഓർത്തെടുത്തു. അത്യാവശ്യം ഗുരുതരമായ പരിക്കുകളോടെ വണ്ടിയിലുണ്ടായിരുന്ന മൂന്നുപേരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. തന്റെ ആദ്യത്തെ വാഹനം 'ടോട്ടൽ ലോസ്' ആയി മാറിയെന്നും എന്നാൽ തകർന്നുപോയ ആ വാഹനം തങ്ങളുടെ മൂന്നുപേരുടെയും ജീവൻ കാത്തുവെന്നും അദ്ദേഹം പറഞ്ഞു. വണ്ടിയുടെ നമ്പർ 1818 ആയിരുന്നെന്നും, ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും ആ വിശ്വാസം തെറ്റിയില്ലെന്ന് തനിക്ക് ബോധ്യമായെന്നും പെപ്പെ കൂട്ടിച്ചേർത്തു. "വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി," അദ്ദേഹം കുറിച്ചു.

ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു കഴിഞ്ഞതെന്നും എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും ചില നല്ല കാര്യങ്ങളിൽ പ്രവർത്തിക്കാനും പുതിയവ സൃഷ്ടിക്കാനും ചിത്രീകരിക്കാനും താൻ ആഗ്രഹിച്ച ഭാവിയുടെ പടികൾ കയറാനും അവസരം ലഭിച്ചുവെന്നും പെപ്പെ പറയുന്നു. മുറിപ്പാടുകളുണ്ടെങ്കിലും മനസ്സ് തകർന്നിട്ടില്ലെന്ന് വ്യക്തമാക്കിയ താരം, പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുകയാണെന്നും പുതിയൊരു തുടക്കത്തിനായി കാത്തിരിക്കുകയാണെന്നും കുറിച്ചുകൊണ്ടാണ് വാക്കുകൾ അവസാനിപ്പിച്ചത്.

Tags:    

Similar News