ആദ്യമൊക്കെ ശൈത്യയുമായിട്ടായിരുന്നു കൂട്ട്; പിന്നീട് ആദിലയും നൂറയുമായി സൗഹൃദത്തിലായി; ഞാൻ നൽകിയ സ്നേഹം തിരിച്ച് കിട്ടിയില്ല; എന്നാലും അവരോട് സ്നേഹം മാത്രമാണെന്നും അനുമോൾ

Update: 2025-12-31 10:05 GMT

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7-ൽ തന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ആദിലയുമായും നൂറയുമായും നിലനിന്നിരുന്ന ബന്ധത്തെക്കുറിച്ചും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് അനുമോൾ. "വൺ ടു ടോക്സ്" സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. ബിഗ് ബോസ് ഫിനാലെ വാരത്തിൽ ആദില തനിക്കെതിരെ ഉന്നയിച്ച ഫോൺ നമ്പർ ആരോപണങ്ങൾ അനുമോൾ നിഷേധിച്ചു.

ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താകുന്നതിന് തൊട്ടുമുമ്പ് ആദില വെളിപ്പെടുത്തിയത്, അക്ബറിനെതിരെ പ്രവർത്തിക്കാൻ തന്നെ വിളിപ്പിക്കാനായി അനുമോൾ ഒരു ഫോൺ നമ്പർ നൽകി എന്നായിരുന്നു. ഈ ആരോപണങ്ങളെ താരം പൂർണ്ണമായും തള്ളിപ്പറഞ്ഞു. ആദിലയ്ക്ക് നൽകിയത് തന്റെ ഫോൺ നമ്പർ തന്നെയായിരുന്നുവെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്റെ സഹോദരിയെ വിളിച്ച് പുറത്തുള്ള കാര്യങ്ങൾ അറിയിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നുമാണ് അനുമോൾ വ്യക്തമാക്കിയത്. എവിക്ഷന് മുൻപ് തങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിവരങ്ങൾ കൈമാറിയിരുന്നത് ഈ രീതിയിലായിരുന്നു എന്നും അനുമോൾ കൂട്ടിച്ചേർത്തു.

ബിഗ് ബോസ് വീട്ടിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ചും അനുമോൾ മനസ്സുതുറന്നു. എല്ലാവരും കളി കളിക്കാനാണ് വരുന്നതെങ്കിലും താൻ അവിടെ ജീവിക്കുകയായിരുന്നു എന്ന് അനുമോൾ പറഞ്ഞു. തന്റെ യഥാർത്ഥ സ്വഭാവം തന്നെയാണ് ബിഗ് ബോസ് വീട്ടിൽ പ്രകടിപ്പിച്ചത്. ആദ്യകാലങ്ങളിൽ ശൈത്യയുമായിട്ടായിരുന്നു അടുത്ത സൗഹൃദം. ശൈത്യ പോയതിന് ശേഷം ആദിലയും നൂറയുമായി സൗഹൃദത്തിലായി. എന്നാൽ, താൻ നൽകിയ സ്നേഹം തിരികെ ലഭിച്ചിട്ടില്ല എന്ന് ഒരു ഘട്ടത്തിൽ തനിക്ക് മനസ്സിലായെന്നും അനുമോൾ വെളിപ്പെടുത്തി. എങ്കിലും, ആദിലയോടും നൂറയോടും തനിക്ക് ഇപ്പോഴും ഇഷ്ടം മാത്രമാണുള്ളതെന്നും പിണക്കമൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News