എന്റെ അഡ്വക്കേറ്റ് വേണ്ടാത്ത എന്തൊക്കെയോ..എഴുതിച്ചേർത്തു; പിന്നീട് ആലോചിച്ചപ്പോൾ നല്ല കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ
കൊച്ചി: കുടുംബ കോടതികൾ സ്ത്രീകൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ ബഡായ്. നിയമങ്ങളിൽ മാറ്റം വരുത്താൻ അവസരം ലഭിച്ചാൽ ആദ്യ പരിഗണന ഇതിനായിരിക്കുമെന്നും അവർ വ്യക്തമാക്കി. അവതാരകനും മുൻ ബിഗ്‌ബോസ് താരവുമായ സിബിൻ ബെഞ്ചമിനുമായുള്ള വിവാഹശേഷം ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യയുടെ തുറന്നുപറച്ചിൽ.
വിവാഹമോചന കേസുകളിൽ അഭിഭാഗർ പലപ്പോഴും തങ്ങൾക്ക് അനുകൂലമായ രീതിയിൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അവർ കുറ്റപ്പെടുത്തി. "എന്തായാലും ഡിവോഴ്സ് കിട്ടും, കൊടുത്തതിലും കൂടുതൽ സ്വർണവും പണവും വാങ്ങിത്തരാമെന്ന് പറഞ്ഞ് എന്റെ വക്കീൽ എന്നെക്കൊണ്ട് പലതും ചെയ്യിപ്പിച്ചു. പക്ഷേ, ഒടുവിൽ കുറ്റബോധം തോന്നി ഞാൻ അതിൽ നിന്ന് പിന്മാറി," ആര്യ പറഞ്ഞു.
ഡിവോഴ്സ് പേപ്പറുകൾ എഴുതുമ്പോൾ കേസ് ശക്തമാക്കാനായി അഭിഭാഗർ പലതും കൂട്ടിച്ചേർക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ പലപ്പോഴും ക്ലയിന്റുകൾക്ക് അറിയാറില്ല. അത്തരം ചില കാര്യങ്ങൾ വായിച്ചപ്പോൾ താൻ ഒരു മനുഷ്യസ്ത്രീയാണോ എന്ന് പോലും സംശയിച്ചുപോയെന്നും അവരുടെ വാക്കുകളിൽ അതിക്രമം നിറഞ്ഞതായും അവർ വെളിപ്പെടുത്തി.