'3/10/ 2025/' നോട്ട് ഇറ്റ്..; കവർ സോങ്‌സിലൂടെ പരിചിതമായ മുഖം; യുവഗായിക ആര്യാ ദയാല്‍ വിവാഹിതയായി; വരന്‍ അഭിഷേക്; ആശംസകളുമായി ആരാധകർ; ചിത്രങ്ങൾ വൈറൽ
യുവഗായിക ആര്യാ ദയാൽ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരൻ. ലളിതമായ ചടങ്ങിൽ രജിസ്റ്റർ വിവാഹമായാണ് നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹ ചിത്രങ്ങൾ ആര്യാ ദയാൽ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വിവാഹ ചിത്രങ്ങളോടൊപ്പം വരൻ അഭിഷേകിനെ ടാഗ് ചെയ്തുകൊണ്ട് '3/10/2025' എന്ന തീയതിയും ആര്യാ കുറിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ, പച്ചയിൽ കസവ് പ്രിന്റോടുകൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയും പച്ച ബ്ലൗസുമാണ് ആര്യാ ധരിച്ചിരിക്കുന്നത്. ലളിതമായ ആഭരണങ്ങളും കഴുത്തിൽ അണിഞ്ഞിട്ടുണ്ട്. അഭിഷേക് മുണ്ടും ഫ്ലോറൽ പ്രിന്റുള്ള ഷർട്ടും ധരിച്ചാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേർ നവദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
'സഖാവ്' എന്ന കവിത ആലപിച്ചതിലൂടെയാണ് ആര്യാ ദയാൽ ശ്രദ്ധ നേടിയത്. ഇതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ, കോവിഡ് കാലത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കവർ ഗാനങ്ങളിലൂടെയാണ് താരം വീണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നത്. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ അവരുടെ പാട്ടുകൾ പങ്കുവെച്ചിരുന്നു. എ.ആർ. റഹ്‌മാൻ സംഗീതം നൽകിയ 'ജീൻസ്' എന്ന ചിത്രത്തിലെ 'കണ്ണോട് കാണ്‍ബതെല്ലാം' എന്ന പാട്ടിന്റെ കവർ വേർഷനിലൂടെ ആര്യാ കൂടുതൽ ശ്രദ്ധേയയായി.